കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് നിന്നും തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രന്‍ 50 ലക്ഷം രുപ ചെലവിട്ടുവെന്ന പുതിയ വെളിപ്പെടുത്തലുമായി കെ.സുന്ദര. സുരേന്ദ്രന്‍ 50 ലക്ഷം രൂപ ചെവിട്ടെങ്കിലും 2.5 ലക്ഷം രൂപയാണ് തനിക്ക് ലഭിച്ചത്. ബാക്കിയുള്ള 47.5 ലക്ഷം രൂപ ബിജെപി പ്രാദേശിക നേതാക്കള്‍ തട്ടിയെടുത്തു. ബിജെപി ബന്ധമുള്ള സുഹൃത്തുക്കളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സുന്ദര വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് സുന്ദര വ്യക്തമാക്കി. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിന്റെ ഭാഗമായി മദ്യശാലയും വീടും വാഗ്ദാനം ചെയ്തത് സുരേന്ദ്രനായിരുന്നു. മാര്‍ച്ച് 20 രാത്രി തനിക്ക് താമസമൊരുക്കിയത് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ്. ഇവിടേക്ക് രാത്രി മദ്യവും ഭക്ഷണവും ബിജെപി പ്രവര്‍ത്തകര്‍ എത്തിച്ച് നല്‍കിയെന്നും സുന്ദര പറഞ്ഞു.
മാര്‍ച്ച് 21 വൈകിട്ടാണ് സുന്ദരയെ കാണാനില്ലെന്ന പരാതി ആദ്യമായി ഉന്നയിക്കപ്പെട്ടത്. ബിഎസ്പി പ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഈ സമയം ജോഡ്കയിലുള്ള സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലാണ് താന്‍ ഉണ്ടായിരുന്നതെന്നാണ് സുന്ദര പറയുന്നത്.
അതേസമയം സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിജെപി നേതാക്കള്‍ പണവും മറ്റ് വാഗ്ദാനങ്ങളും നല്‍കിയെന്ന് പറയുമ്പോഴും സുന്ദരയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് അന്വേഷ സംഘം വ്യക്തമാക്കുന്നത്. സുരേന്ദ്രന്‍ താമസിച്ചിരുന്ന കാസര്‍കോട് നഗരത്തോട് ചേര്‍ന്ന സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള രേഖകള്‍ ശരിയാക്കിയതെന്നാണ് സുന്ദര മൊഴി നല്‍കിയത്.
എന്നാല്‍ ഈ ഹോട്ടലില്‍ താമസിച്ചിട്ടില്ല എന്നാണ് സുരേന്ദ്രന്‍ മൊഴി നല്‍കിയത്. വിശദമായ പരിശോധനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രന്‍ ഈ ഹോട്ടലില്‍ വന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു. സുന്ദരയെ അറിയില്ലെന്നും സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നഷ്ടമായെന്ന് മൊഴി നല്‍കിയെങ്കിലും നഷ്ടപ്പെട്ടു എന്ന് പറയുന്ന ഫോണ്‍ തന്നെയാണ് അദ്ദേഹം ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് അന്വേഷണം സംഘം കണ്ടെത്തുകയും ചെയ്തു.
സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാനുള്ള പത്രിക മാര്‍ച്ച് 22നാണ് സുന്ദര പിന്‍വലിച്ചത്. പത്രിക പിന്‍വലിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മാര്‍ച്ച് 21നാണ് യുവമോര്‍ച്ചാ മുന്‍ ട്രഷറര്‍ സുനില്‍ നായിക്കിനൊപ്പമുള്ള ചിത്രം സുന്ദര പങ്കുവച്ചത്. കുഴല്‍പ്പണം, ജാനുവിന് പണം കൈമാറല്‍ തുടങ്ങിയ വിവാദങ്ങള്‍ ശക്തമായി തുടരുന്നതിനിടെ സുന്ദരയുടെ പുതിയ വെളിപ്പെടുത്തല്‍ സുരേന്ദ്രനെയും ബിജെപി പ്രാദേശിക നേതൃത്വത്തെയും കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.