'സോണിയ 2004 ല്‍ പ്രധാനമന്ത്രിയാകണമായിരുന്നു'; പൗരത്വ വിഷയം തള്ളി കേന്ദ്രമന്ത്രി അത്താവലെ

 'സോണിയ 2004 ല്‍ പ്രധാനമന്ത്രിയാകണമായിരുന്നു'; പൗരത്വ വിഷയം തള്ളി കേന്ദ്രമന്ത്രി അത്താവലെ

മുംബൈ: യു.പി.എ സര്‍ക്കാര്‍ അധികാരത്തിലേറിയ 2004 ല്‍ മന്‍മോഹന്‍ സിങിനു പകരം സോണിയ ഗാന്ധി പ്രധാനമന്ത്രിയാകണമായിരുന്നുവെന്ന് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവും കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ് സഹമന്ത്രിയുമായ രാംദാസ് അത്താവലെ. 'കമല ഹാരിസിന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ആകാമെങ്കില്‍ എന്തുകൊണ്ട് സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രി ആയിക്കൂടാ?' വിദേശ പൗരത്വ വിഷയം തള്ളിക്കൊണ്ട് കേന്ദ്ര മന്ത്രി ചോദിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

സോണിയ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വമുണ്ട്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യയും ലോക്സഭാംഗവുമായ സോണിയ പ്രധാനമന്ത്രിയാകുന്നതായിരുന്നു യു.പി.എ ക്കും കോണ്‍ഗ്രസിനും നന്ന്. സോണിയ ഗാന്ധിയെ വിദേശിയെന്ന് പറഞ്ഞുള്ള ചര്‍ച്ചകള്‍ അര്‍ത്ഥശൂന്യമാണെന്നും രാംദാസ് അത്താവലെ പറഞ്ഞു.സോണിയ പ്രധാനമന്ത്രി ആയില്ലെങ്കില്‍ ശരദ് പവാറിനെ പ്രധാനമന്ത്രിയാക്കണമായിരുന്നു.' 2004 ല്‍ യു.പി.എക്ക് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ സോണിയ ഗാന്ധി പ്രധാനമന്ത്രി ആകണമെന്ന് ഞാന്‍ നിര്‍ദേശിച്ചിരുന്നു. അവരെ വിദേശിയെന്ന് വിളിച്ചുള്ള ചര്‍ച്ചകള്‍ അര്‍ത്ഥശൂന്യമാണെന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത് '

'മന്‍മോഹന്‍ സിങിനു പകരം സോണിയ അല്ലെങ്കില്‍ പവാറിനെ പ്രധാനമന്ത്രിയാക്കണമായിരുന്നു. പക്ഷെ, അവരത് ചെയ്തില്ല.' - കേന്ദ്ര മന്ത്രി പറഞ്ഞു.ശരദ് പവാര്‍ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഇന്ന് കുറേക്കൂടി ശക്തമായ നിലയിലാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദേശിയെന്നാരോപിച്ച് സോണിയ ഗാന്ധിയുടെ നേതൃത്വത്തിനെതിരെ വിമതസ്വരമുയര്‍ത്തിയതോടെ മുന്‍ കോണ്‍ഗ്രസ് നേതാവായ ശരദ് പവാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. 1999 ല്‍ അദ്ദേഹം കോണ്‍ഗ്രസ് വിട്ട് എന്‍.സി.പി രൂപീകരിച്ചു. നിലവില്‍ എന്‍.സി.പിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന സഖ്യമാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. രാംദാസ് അത്താവലെയും മഹാരാഷ്ട്രയില്‍ നിന്നാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.