'അവരുടെ ശബ്ദം കേള്‍ക്കേണ്ട സമയം അതിക്രമിച്ചു'; വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

'അവരുടെ ശബ്ദം കേള്‍ക്കേണ്ട സമയം അതിക്രമിച്ചു'; വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. കര്‍ഷകര്‍ ഒരു വര്‍ഷത്തോളമായി സമരം ചെയ്യുന്നു. അവരുടെ ശബ്ദം കേള്‍ക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ചരണ്‍ജിത് സിംഗ് ചന്നി വ്യകതമാക്കി. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമാധാനപരമായി ശബ്ദം ഉയര്‍ത്തണമെന്ന് ചന്നി കര്‍ഷകരോടും ആവശ്യപ്പെട്ടു.

''നമ്മുടെ കര്‍ഷകര്‍ ഒരു വര്‍ഷത്തിലേറെയായി അവരുടെ അവകാശങ്ങള്‍ക്കായി പോരാടുകയാണ്. അവരുടെ ശബ്ദം കേള്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമാധാനപരമായ രീതിയില്‍ പ്രതിഷേധിക്കാന്‍ ഞാന്‍ കര്‍ഷകരോട് അഭ്യര്‍ഥിക്കുന്നു,''- ചന്നി ട്വീറ്റ് ചെയ്തു.

പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി കര്‍ഷകര്‍ക്കൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദുവും വ്യക്തമാക്കി. ശരിയും തെറ്റും തമ്മിലുള്ള യുദ്ധത്തില്‍ നിങ്ങള്‍ക്ക് നിഷ്പക്ഷത പാലിക്കാന്‍ കഴിയില്ല. ഭരണഘടനാ വിരുദ്ധമായ മൂന്ന് കരിനിയമങ്ങള്‍ക്ക് എതിരെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടാന്‍ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തയ്യാറാകണമെന്നും സിദ്ദു ആവശ്യപ്പെട്ടു.

അതേസമയം വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പത്ത് വര്‍ഷം എടുത്താല്‍ അത്രയും കാലം സമരം തുടരുമെന്ന് കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. സ്വാതന്ത്ര്യ സമരം 100 വര്‍ഷമെടുത്തുവെന്നും അത് പോലെയാണ് കര്‍ഷക സമരമെന്നും ടിക്കായത്ത് കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണ്. എന്നാല്‍ നിബന്ധനകള്‍ വച്ചുള്ള ചര്‍ച്ചക്ക് തയ്യാറല്ലെന്നും ടിക്കായത്ത് വ്യക്തമാക്കി. ഭാരത് ബന്ദ് കൊണ്ട് ഒരു ദിവസത്തെ ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ. എന്നാല്‍ ഇന്ധന വില വര്‍ധിപ്പിച്ച് കേന്ദ്രം എന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. സമരത്തിന്റെ ഭാവി സര്‍ക്കാരിന്റെ തീരുമാനം പോലെയാകും എന്നും വ്യക്തമാക്കിയ ടിക്കായത്ത്, യുപി തിരഞ്ഞെടുപ്പില്‍ കര്‍ഷകദ്രോഹ നയത്തിന് ബിജെപിക്ക് മറുപടി കിട്ടുമെന്നും ഓര്‍മ്മപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.