യൂറോപ്പിലെ ആദ്യ വനിതാ ഭൂരിപക്ഷ പാര്‍ലമെന്റ് സ്ഥാനം റീ കൗണ്ടിങ്ങില്‍ ഐസ്‌ലന്‍ഡിന് നഷ്ടമായി

യൂറോപ്പിലെ ആദ്യ വനിതാ ഭൂരിപക്ഷ പാര്‍ലമെന്റ് സ്ഥാനം റീ കൗണ്ടിങ്ങില്‍ ഐസ്‌ലന്‍ഡിന് നഷ്ടമായി

റെയ്ക്ജാവിക് (ഐസ്‌ലന്‍ഡ്): യൂറോപ്പിലെ ആദ്യ വനിതാ ഭൂരിപക്ഷ പാര്‍ലമെന്റ് എന്ന ഖ്യാതി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഐസ്‌ലന്‍ഡിന് നഷ്ടമായി. കഴിഞ്ഞ ദിവസം ഫലം വന്നപ്പോള്‍ 63-ല്‍ 33 സീറ്റുകളില്‍ വനിതകള്‍ ജയിച്ചിരുന്നു. ആകെ സീറ്റിന്റെ 52 ശതമാനം സീറ്റുകള്‍ വനിതകള്‍ വിജയിച്ചതോടെ വനിതാ ഭൂരിപക്ഷ പാര്‍ലമെന്റ് യഥാര്‍ഥ്യമാകുമെന്നാണ് കരുതിയിരുന്നത്.

എന്നാല്‍, റീ കൗണ്ടിങ്ങില്‍ ഫലം മാറുകയായിരുന്നു. റീ കൗണ്ടില്‍ വനിതകളുടെ പ്രാതിനിധ്യം 30 ആയി കുറഞ്ഞു. 47.6 ശതമാനമാണിത്. വനിതകള്‍ക്ക് ആകെ അംഗങ്ങളുടെ പകുതി എത്താനായില്ലെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലെ വനിതകളുടെ കൂടിയ പ്രാതിനിധ്യം ഐസ്‌ലന്‍ഡിന് തന്നെയാണ്. തൊട്ടുപിറകിലുള്ളത് സ്വീഡനാണ്-47 ശതമാനം. വേള്‍ഡ് എകണോമിക് ഫോറത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് ലിംഗ സമത്വത്തിന്റെ കാര്യത്തില്‍ ലോക റാങ്കിങില്‍ ഒന്നാമതുള്ള രാജ്യമാണ് ഐസ്‌ലന്‍ഡ്. കഴിഞ്ഞ 12 വര്‍ഷമായി ഈ റാങ്കിന്റെ അവകാശികള്‍ ഐസ്‌ലന്‍ഡലാണ്.

കുഞ്ഞ് പിറക്കുമ്പോള്‍ പരിചരണത്തിന് മാതാവിനും പിതാവിനും ഒരു പോലെ അവധി നല്‍കുന്ന രാജ്യമാണ് ഐസ്‌ലന്‍ഡ്. പുരുഷനും സ്ത്രീക്കും തുല്യ വേതനത്തിനായി 1961 ല്‍ തന്നെ ഇവിടെ നിയമമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന് വനിത പ്രസിഡന്റ് ഉണ്ടായതും ഇവിടെയാണ്-1980 ല്‍ ആയിരുന്നു അത്.

അതേസമയം, പാര്‍ലമെന്റില്‍ വനിതാ പ്രാതിനിധ്യം 50 ശതമാനമോ അതിന് മുകളിലോ ഉള്ള അഞ്ചു രാജ്യങ്ങള്‍ യൂറോപ്പിന് പുറത്തുണ്ട്. ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയാണ് വനിതാ പ്രാതിനിധ്യത്തില്‍ ഏറ്റവും മുകളില്‍. ഇവിടെ 61.3 ശതമാനം പാര്‍ലമെന്റ് അംഗങ്ങളും വനിതകളാണ്. ക്യൂബയില്‍ 53.4 ശതമാനവും നികരാഗ്വേയില്‍ 50.6 ശതമാനവും യു.എ.ഇ, മെക്‌സികോ എന്നീ രാജ്യങ്ങളില്‍ 50 ശതമാനവുമാണ് പാര്‍ലമെന്റിലെ വനിതാ പ്രാതിനിധ്യം. വികസിത രാജ്യങ്ങളായി കണക്കാക്കുന്ന അമേരിക്കയില്‍ 27.6 ശതമാനവും യു.കെയില്‍ 34.2 ശതമാനവും മാത്രമാണ് നിയമനിര്‍മാണ സഭകളിലെ വനിതാ പ്രാതിനിധ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.