ചിന്താമൃതം ; തട്ടിപ്പിനിരയാകുന്ന മണ്ടൻ മലയാളി

ചിന്താമൃതം ; തട്ടിപ്പിനിരയാകുന്ന മണ്ടൻ മലയാളി

ഡൽഹിയിൽ ജോലിചെയ്യുന്ന സമയത്ത് എനിക്ക് ഒരു സർദാർ സുഹൃത്തുണ്ടായിരുന്നു. അയാൾ പലപ്പോഴും പറയാറുള്ള ഒരു കാര്യം ഇപ്പോൾ ഓർമ്മ വരുന്നു. മലയാളികളുടെ ബുദ്ധിയും ഞങ്ങളുടെ (സിക്കുകാർ) ശക്തിയും ഒന്നിച്ച് ചേർത്താൽ നമുക്ക് ലോകത്തെ കീഴടക്കാം. കേരളത്തിൽ നടക്കുന്ന തട്ടിപ്പുകളുടെ വാർത്ത വായിച്ചപ്പോൾ വെറുതെ ഈ കാര്യം ഓർമ്മ വന്നു

തട്ടിപ്പ് നടത്തുന്നവരുടെയും തട്ടിനിരയാക്കപ്പെടുന്നവരുടെയും നാടായി നമ്മുടെകൊച്ച് കേരളം മാറുന്നു. തട്ടിപ്പ് നടത്തുന്നവർ ക്രിമിനലുകളാണ്. എന്നാൽ വിദ്യാസമ്പന്നരായ മലയാളികൾ എങ്ങനെ പലവിധ തട്ടിപ്പുകളിൽ ചെന്ന് പെടുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.

മോശയുടെ അംശവടിക്കും, യൂദാസ് വാങ്ങിച്ച വെള്ളിത്തുട്ടുകൾക്കുമൊക്കെ വേണ്ടി കോടികൾ മുടക്കി വഞ്ചിക്കപ്പെട്ട മലയാളികളെക്കുറിച്ചുള്ള വാർത്തകൾ കേട്ടാണ് ഇന്നും മലയാളികളുടെ വാർത്താപ്രഭാതം പൊട്ടിവിടർന്നത്.

ഈ മാസത്തിൽ ഒരു സുഹൃത്ത് പങ്ക് വച്ച മറ്റൊരു തട്ടിപ്പ് കഥ ഇവിടെ സൂചിപ്പിക്കട്ടെ. വിവാഹിതയും ഒരാൺകുട്ടിയുടെ അമ്മയുമായ യുവതി സോഷ്യൽ മീഡിയയിൽ ഒരു സുഹൃത്തുമായി ചാറ്റ് ചെയ്യാനിടയായി. സാധാരണ സംസാരം വീഡിയോചാറ്റിങ്ങിലേക്ക് മാറിയപ്പോൾ ആ അപരിചിത സുഹൃത്ത് ഈ യുവതിയുടെ ഫോട്ടോകളും വീഡിയോകളും കൈക്കലാക്കി. പിന്നീട് മോർഫ് ചെയ്തതും അല്ലാത്തതുമായ ധാരാളം വീഡിയോകൾ കാട്ടി അയാൾ ഈ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തു.

ആദ്യം അവൾ 50,000 രൂപ കൊടുത്തു. വീണ്ടും ചോദിച്ചപ്പോൾ സ്വന്തം സഹോദരനോട് അത്യാവശ്യത്തിനെന്ന് പറഞ്ഞ് വാങ്ങി 50,000 രൂപ കൂടി കൊടുത്തു. വീണ്ടും ഭീഷണി മൂത്തപ്പോൾ സ്വർണ്ണം പണയം വച്ച് പണം കൊടുത്തു. ഈ ബ്ലാക്‌മെയ്‌ലിംഗ് തന്ത്രം തുടരുന്നതിനിടയിൽ ആ യുവതി എല്ലാ കാര്യങ്ങളും ഭർത്താവിനോട് പറഞ്ഞു. ആ പാവം മനുഷ്യൻ ഇത് എന്നേക്കുമായി പരിഹരിക്കാൻ ആഗ്രഹിച്ചു. എന്നാൽ അയാൾ വഴങ്ങുന്നില്ല എന്ന് കണ്ടപ്പോൾ ഭർത്താവ് കേസ് കൊടുത്തു. ഇനിയും പണം കിട്ടില്ല എന്ന് മനസിലായപ്പോൾ തട്ടിപ്പുകാരൻ അയാളുടെ കൈയിലുള്ള ഫോട്ടോയും വിഡിയോയുമെല്ലാം ഭർത്താവിന്റെ വാട്സപ്പിലയച്ച് കൊടുത്ത് വീണ്ടും ഭീഷണിപ്പെടുത്തി.

പക്വമതിയും സ്നേഹവാനുമായ ആ ഭർത്താവ് കാര്യങ്ങൾ മനസിലാക്കി സമയോചിതമായി ഇടപെട്ടത് കൊണ്ട് ഈ പ്രശ്നം പരിഹരിച്ചു. അപ്പോഴേക്കും ഏകദേശം രണ്ടര ലക്ഷം രൂപ അവരുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ടിരുന്നു. ഇങ്ങനെയൊരു പ്രശ്നം ഉണ്ടായ സമയത്ത് തന്നെ ആ യുവതി ഭർത്താവിനോട് പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഇത്ര വലിയ തട്ടിപ്പിന് അവർ ഇരയാകുമായിരുന്നില്ല.

ഓർക്കുക നമുക്ക് ചുറ്റും തട്ടിപ്പുകാർ വല വീശി ഇരിപ്പുണ്ട്. ഓരോ വാക്കും പ്രവർത്തിയും കരുതലോടെ ആയിരിക്കണം. ഇങ്ങനെയുള്ള പ്രതിസന്ധികളിൽ അകപ്പെടുന്നവർ എത്രയും വേഗം ഏറ്റവും അടുത്ത ആരോടെങ്കിലും പങ്ക് വയ്ക്കുകയാണെങ്കിൽ ഒരു പരിധിവരെ ഇത് നിയന്ത്രിക്കാനാവും. മണ്ടൻ മലയാളി എന്ന് നമ്മെ നോക്കി മറ്റുളളവരെകൊണ്ട് വിളിപ്പിക്കാൻ ഇടയാകാതിരിക്കട്ടെ.


ചിന്താമൃതം; സമയമില്ലെന്ന് ഇനി മിണ്ടിപ്പോകരുത്



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.