ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ശാസ്ത്ര പുരസ്‌കാരമായ ശാന്തിസ്വരൂപ് ഭട്നാഗര്‍ പുരസ്‌കാരം മലയാളിയായ ഡോക്ടര്‍ ജീമോന്‍ പന്ന്യംമാക്കലിന്. കേരളത്തിന് ആദ്യമായാണ് ഈ പുരസ്‌കാരം ലഭിക്കുന്നത്. ശാസ്ത്രരംഗത്ത് കഴിവുതെളിയിച്ച 45 വയസില്‍ താഴെയുള്ള 11 പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് സേവന കാലയളവില്‍ മാസം 15,000 രൂപയുടെ ശമ്പള വര്‍ധനയുമാണ് പുരസ്‌കാരം.
തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സില്‍ എപ്പിഡെമിയോളജി അസോസിയേറ്റ് പ്രൊഫസറാണ് ഡോ. ജീമോന്‍. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എങ്ങനെ തടയാം എന്നതിലാണ് ഡോ. ജീമോന്‍ പന്ന്യംമാക്കലിന്റെ മുഖ്യ ഗവേഷണം.
ഒരാള്‍ക്കെങ്കിലും ഹൃദ്രോഗം വന്ന വീടുകളിലെ മറ്റുള്ളവര്‍ക്കും രോഗസാധ്യത കൂടുതലാണ്. ഈ സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ക്കെല്ലാം ജീവിത ശൈലീ മാറ്റം നിര്‍ദേശിക്കുന്നതിലൂടെയും പാലിക്കുന്നതിലൂടെയും 20 ശതമാനത്തോളം രോഗ സാധ്യത കുറയ്ക്കാനാവുമെന്ന കണ്ടെത്തലാണ് പ്രധാനമായും ജീമോന്‍ നടത്തിയത്.
നിലമ്പൂര്‍ പന്ന്യംമാക്കല്‍ ജോര്‍ജ്-ഏലമ്മ ദമ്പതിമാരുടെ മകനാണ് ഡോ. ജീമോന്‍ ഭാര്യ: തിരുവനന്തപുരം ഡെന്റല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മഞ്ജു സ്റ്റീഫന്‍. എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മെറില്‍, രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ദിയ എന്നിവര്‍ മക്കളാണ്.
ഹൃദ്രോഗം വന്നവരില്‍ പിന്നീട് ഹൃദയത്തിന്റെ ബലം കുറയുന്ന അവസ്ഥയുണ്ടാകുന്നത് ഒരു പരിധിവരെ തടയാനും നിരീക്ഷിക്കാനുമുള്ള സംവിധാനവും ജീമോന്‍ രൂപപ്പെടുത്തിയിരുന്നു. ഇതിനായി കോഴിക്കോട് എന്‍.ഐ.ടി.യുടെ സഹായത്തോടെ 'എം ഹെല്‍ത്ത്' ആപ്പും തയ്യാറാക്കി. സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഒന്നിലധികം രോഗങ്ങളുമായി എത്തുന്ന രോഗികളെ അപ്പോഴത്തെ പ്രശ്‌നത്തിനു മാത്രം ചികിത്സിക്കുന്നതിനു പകരം സമഗ്ര പരിശോധനയ്ക്കുള്ള സംവിധാനം ഒരുക്കുന്നതിനായുള്ള ഗവേഷണത്തിലാണ് ഡോ. ജീമോന്‍ ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നത്.
കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സി.എസ്.ഐ.ആര്‍.) 80ാം സ്ഥാപക ദിനമായ ഞായറാഴ്ചയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.