സുന്ദര കാഴ്ചകളുടെ തേനൊഴുക്കുന്ന അതിസുന്ദര ഇടം; തെന്മല

സുന്ദര കാഴ്ചകളുടെ തേനൊഴുക്കുന്ന അതിസുന്ദര ഇടം; തെന്മല

യാത്രകള്‍ ഇഷ്ടപ്പെടാത്തവര്‍ വിരളമാണ്. ഭാഷയുടേയും ദേശത്തിന്റേയും എല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ച് പലരും യാത്ര ചെയ്യുന്നു. ചിലര്‍ കണ്ണുകള്‍ക്ക് ഇമ്പമുള്ള കാഴ്ചക്കായ് യാത്ര ചെയ്യുമ്പോള്‍ മറ്റു ചിലര്‍ ഒഴിവു നേരങ്ങളെ ആനന്ദകരമാക്കാന്‍ യാത്രകള്‍ ചെയ്യുന്നു. സഞ്ചാരികള്‍ക്ക് ദൃശ്യവിസ്മയം ഒരുക്കുന്ന നിരവധി ഇടങ്ങളുണ്ട് ലോകത്ത്. അതിലൊന്നാണ് കൊല്ലം ജില്ലയിലെ തെന്മല. ഹരിതാഭംഗി ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഇടം. ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി സൗഹാര്‍ദ പദ്ധതികളിലൊന്നാണ് തെന്മല ഇക്കോ ടൂറിസം. ഹണി ഹില്‍ എന്ന ഒരു പേരു കൂടിയുണ്ട് തെന്മലയ്ക്ക്. ഗുണനിലവാരമുള്ള തേന്‍ തെന്മലയില്‍ നിന്നും കയറ്റുമതി ചെയ്യാറുണ്ട്. ഇതിനാലാണ് ഹണി ഹില്‍ എന്ന പേരില്‍ അറിയപ്പെടുന്നതും.

ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോ ടൂറിസം കേന്ദ്രമാണ് തെന്മല. 2001-ല്‍ ഈ ഇക്കോ ടൂറിസം പദ്ധതിക്ക് ആരംഭം കുറിച്ചു. തെന്മല ഇക്കോടൂറിസം പ്രൊമോഷണല്‍ സൊസൈറ്റിക്കാണ് നടത്തിപ്പവകാശം. തെന്മലയാണ് ചന്തുരുണി വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ആസ്ഥാനവും. ഇതും പ്രദേശത്തെ വ്യത്യസ്തമാക്കുന്നു.

ലെഷര്‍ സോണ്‍, കള്‍ച്ചറല്‍ സോണ്‍, അഡ്വഞ്ചര്‍ സോണ്‍ എന്നിങ്ങനെ പ്രധാനമായു മൂന്ന് മേഖലകളാണ് ഈ ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തെന്മലയിലെ പ്രധാന ആകര്‍ഷണം മനോഹരമായ ശലഭ ഉദ്യാനമാണ്. 120 ഇനങ്ങളോളം വ്യത്യസ്ത ശലഭങ്ങള്‍ ഉണ്ട് ഈ ശലഭോദ്യാനത്തില്‍. ഇതുകൂടാതെ ശലഭത്തിന്റെ ജീവിത ചക്രം വിശദമാക്കുന്ന ശില്പങ്ങളും ശലഭോദ്യാനത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. ഈ ഉദ്യാനത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് ശലഭങ്ങളുടെ ചിത്രങ്ങളും പകര്‍ത്താം.


ശലഭോദ്യാനം പോലെതന്നെ ശില്‍പോദ്യാനവും തെന്മലയില്‍ കാഴ്ച വിസ്മയമൊരുക്കുന്നു. ഇവിടുത്തെ ശില്പങ്ങള്‍ക്കെല്ലാം തന്നെ ഒരു പ്രത്യേകതയുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും പരപ്പുമെല്ലാമാണ് ശില്പങ്ങളില്‍ പ്രതിഫലിക്കുന്നത്. ഒരു നക്ഷത്ര വനമുണ്ട് തെന്മലയില്‍ ഒരു നക്ഷത്ര വനമുണ്ട്. ഏറെ കൗതുകം നിറഞ്ഞതാണ് ഈ വനവും. ഇവിടെ 27 നക്ഷത്രങ്ങളുമായും ബന്ധപ്പെട്ട വൃക്ഷങ്ങളാണുള്ളത്. ഓരോ വ്യക്ഷവും ഏത് നക്ഷത്രവുമായി ബന്ധപ്പട്ടതാണെന്നുള്ള കുറിപ്പും ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ദൃശ്യവിസ്മയത്തിനൊപ്പം അറിവും ലഭിക്കുന്നു കാഴ്ചക്കാര്‍ക്ക്.

തെന്മലയിലെ മറ്റൊരു ആകര്‍ഷണമാണ് മാന്‍ പുനരധിവാസ കേന്ദ്രം. വിവിധ തരത്തിലുള്ള മാനുകളെ ഇവിടെ കാണാം. പരപ്പാര്‍ അണക്കെട്ടും സ്ഥിതി ചെയ്യുന്നത് തെന്മലയിലാണ്. കല്ലട ജലസേചന പദ്ധതിയ്ക്കായി നിര്‍മിച്ചതാണു ഈ അണക്കെട്ട്. ഇരുവശവും കാടുകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ഈ അണക്കെട്ടും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. അണക്കെട്ടിന് മുകളിലൂടെയുള്ള യാത്ര മനോഹരമാണ്. പ്രത്യേക സമയത്ത് സഞ്ചാരികള്‍ക്കായി പരപ്പാര്‍ തടാകത്തിലൂടെ ബോട്ട് യാത്രയ്ക്കുള്ള സൗകര്യവും ഒരുക്കാറുണ്ട്. ഇത്തരം യാത്രകളില്‍ ആനകളും മാനുകളുമടക്കമുള്ള വന്യമൃഗങ്ങളേയും കാണാം. മനോഹരമായ ഒരു സംഗീത ജലധാരയാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. മനോഹരമായ പാട്ടിന്റെ പശ്ചാത്തലത്തില്‍ വിവിധ നിറങ്ങളിലായി ജലധാര നൃത്തം ചെയ്യുന്നു.

തെന്മലയിലെ ലെഷര്‍ സോണ്‍ പരിസ്ഥിതി സൗഹാര്‍ദ്ദമാണ് എന്നതും ശ്രദ്ധേയമാണ്. ആംഫി തീയേറ്റര്‍, റെസ്റ്റോറന്റ്, ഷോപ് കോര്‍ട്ട് എന്നിവ ലെഷര്‍ സോണില്‍ ഉള്‍പ്പെടുന്നു. ഇവിടെ വിശ്രമിക്കാന്‍ പ്രത്യേകം സജ്ജമാക്കിയ ഏറുമാടങ്ങളുമുണ്ട്. കേരളത്തിന്റെ തനത് ഭക്ഷ്യവിഭവങ്ങളും മറ്റ് വനവിഭവങ്ങളുമാണ് പ്രധാനമായും ഇവിടെ ലഭ്യമാവുക.


ഇതിനെല്ലാം പുറമെ, സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി സാഹസിക മേഖലയുമുണ്ട് തെന്മലയില്‍. തൂക്കുപാലം, മൗണ്ടന്‍ ബൈക്കിങ്, നെറ്റ് വാക്കിങ്, റോപ്പിങ് തുടങ്ങിയവയാണ് സാഹസിക മേഖലയില്‍ ഉള്‍പ്പെടുന്നത്. വിനോദസഞ്ചാരികളുടെ സഹായത്തിനായി ഗൈഡുകളുമുണ്ട്. കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിശ്ചലമാണെങ്കിലും തെന്മല വരും നാളുകളില്‍ കൂടുതല്‍ കാഴ്ച വസന്തം ഒരുക്കും സഞ്ചാരികള്‍ക്കായി....


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.