തൃശൂർ: കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാനച്ചടങ്ങിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള വേഷവിധാനത്തിൽ മാറ്റം വരുത്തി. ആണ്‍കുട്ടികള്‍ മുണ്ടും ജുബ്ബയും. പെണ്‍കുട്ടികള്‍ കേരളസാരിയും ബ്ലൗസുമാണ് വേഷം. ഇതോടെ കറുത്ത തൊപ്പി, പാദംവരെ എത്തുന്ന കറുത്ത ഗൗണ്‍ വേഷം ഇട്ടുവന്നാലേ മെഡിസിന്‍ ബിരുദം നൽകുവെന്ന കാഴ്ചപ്പാടിന് ഭേദഗതി വന്നു.
രാജ്യത്ത് ആദ്യമായാണ് ഒരു സര്‍വകലാശാല, ബിരുദദാനവേഷവിധാനം തദ്ദേശീയശൈലിയിലേക്ക് മാറ്റുന്നത്. അതേസമയം ഒക്ടോബര്‍ അഞ്ചിന് സര്‍വകലാശാലാ സെനറ്റ് ഹാളില്‍ നടക്കുന്ന പുതിയ ഡോക്ടര്‍മാരെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും മുണ്ടും ജുബ്ബയുമായിരിക്കും വേഷം. കേരളസാരിയില്‍ പ്രൊ-ചാന്‍സലറായ ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഉണ്ടാവും.
കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം 50 വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചാണ് ചടങ്ങ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും 2.8 മീറ്റര്‍ നീളമുള്ള കസവുവേഷ്ടിയും തോളില്‍ ധരിക്കും. വേഷ്ടി സര്‍വകലാശാലതന്നെ വാങ്ങിനല്‍കും. അത് അവര്‍ക്കുതന്നെ എടുക്കാം. ബാക്കി വേഷങ്ങള്‍ കുട്ടികള്‍ത്തന്നെ വാങ്ങണം. ആണ്‍കുട്ടികള്‍ക്ക് വെള്ള, അല്ലെങ്കില്‍ ഇളംമഞ്ഞ കലര്‍ന്ന വെള്ളഷര്‍ട്ടാണ് വേണ്ടത്. പെണ്‍കുട്ടികള്‍ക്ക് കേരളസാരിക്ക് ഇളംമഞ്ഞ കലര്‍ന്ന വെള്ള ബ്ലൗസാണ് നിര്‍ദേശിച്ചിരിക്കുന്നത്. സാരിക്കും ബ്ലൗസിനും വര്‍ണാഭമായ ബോര്‍ഡറുകളാവാം.
റാങ്ക് ജേതാക്കള്‍, അവാര്‍ഡ് അടക്കമുള്ള മികവുകള്‍ നേടിയവര്‍ എന്നിങ്ങനെയുള്ള 50 കുട്ടികളെയാണ് ചടങ്ങിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അലോപ്പതി, ആയുര്‍വേദം, ഹോമിയോ, നഴ്സിങ്, ഫാര്‍മസി, ലബോറട്ടറി ടെക്നോളജി തുടങ്ങിയ മേഖലകളില്‍നിന്ന് 15,000 ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളാണ് ഇക്കുറി പുറത്തിറങ്ങുന്നത്.
12-ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ സര്‍വകലാശാലകള്‍ തുടങ്ങിയപ്പോള്‍മുതലുള്ള ശൈലിയാണ് ബ്രിട്ടീഷുകാര്‍ ഭരിച്ച രാജ്യങ്ങളും പിന്തുടര്‍ന്നത്. ഇതു മാറ്റണമെന്ന് യു.ജി.സി. 2019-ല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതുവരെ ആരും ഇത് നടപ്പാക്കിയിരുന്നില്ല. ഗൗണും തൊപ്പിയും നമ്മുടെ നാടിന് ഇണങ്ങാത്ത ശൈലിയാണ്. പുതിയ മാറ്റത്തെ കുട്ടികള്‍ സ്വാഗതം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ സര്‍വകലാശാല വി.സി ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.