തട്ടിപ്പ് വീരൻ മോന്‍സൺ മാവുങ്കലിനെ ഒരാഴ്ച റിമാന്‍ഡ് ചെയ്തു

തട്ടിപ്പ് വീരൻ മോന്‍സൺ മാവുങ്കലിനെ ഒരാഴ്ച റിമാന്‍ഡ് ചെയ്തു

കൊച്ചി: പുരാവസ്തുക്കളുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോന്‍സൺ മാവുങ്കലിനെ ഒരാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. മോന്‍സണെ രണ്ടുതവണ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

അതേസമയം മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുമായി കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. രണ്ട് സിനിമാനടിമാരുടെ വിവാഹച്ചെലവുകളും വഹിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പല ഉന്നതരുടേയും പിറന്നാള്‍ ആഘോഷങ്ങളും കൊച്ചിയിലെ പല പഞ്ചനക്ഷത്ര ഹോട്ടലുകളിലായി മോന്‍സന്‍ സ്വന്തം ചെലവില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ആഘോഷ പരിപാടികള്‍ക്കായി മോന്‍സൺ ചെലവാക്കിയത്.

പരിപാടികളില്‍ സിനിമാതാരങ്ങളും പൊലീസ് ഉന്നതരും എത്തിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. വജ്രവ്യാപാരി, വന്‍ സുരക്ഷയുള്ള വിവിഐപി എന്നിങ്ങനെയാണ് പല ഹോട്ടലുകളിലും മോന്‍സണെ ഒപ്പമുള്ളവര്‍ അവതരിപ്പിച്ചിരുന്നത്. പ്രമുഖരുമായെല്ലാം ബന്ധം പുലര്‍ത്തുന്നതിനായിരുന്നു ഇത്തരം ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നതായാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

മോന്‍സണെ കേരളത്തില്‍ നിക്ഷേപം കുറവാണെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് ഇയാള്‍ക്ക് നിക്ഷേപമുണ്ടോ എന്ന് ക്രൈം ബ്രാഞ്ച് പരിശോധിച്ചുവരികയാണ്. അതിനിടെ, മോന്‍സണിന്റെ പുരാവസ്തു മ്യൂസിയത്തിലെ ശില്‍പ്പങ്ങളും വിഗ്രഹങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ശില്‍പ്പി സുരേഷ് മോന്‍സണിന് നിര്‍മ്മിച്ച്‌ നല്‍കിയ എട്ട് ശില്‍പ്പങ്ങളും വിഗ്രഹങ്ങളും റെയ്ഡില്‍ കണ്ടെത്തി. പുലര്‍ച്ചയോടെയാണ് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്.

ശില്‍പ്പിയെ വഞ്ചിച്ച്‌ പണം നല്‍കാത്തതിന്റെ കേസില്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് മോന്‍സണെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് തിങ്കളാഴ്ച കോടതി പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.