​ഇന്ത്യ കൊലപാതകങ്ങളുടെ രാജ്യമായി മാറി; കര്‍ഷകരുടെ മരണത്തിൽ വിമർശനവുമായി മമത ബാനര്‍ജി

​ഇന്ത്യ കൊലപാതകങ്ങളുടെ രാജ്യമായി  മാറി; കര്‍ഷകരുടെ മരണത്തിൽ വിമർശനവുമായി മമത ബാനര്‍ജി

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിഷമിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരവുമായ കാര്യങ്ങളാണ് നടന്നത്. രാജ്യത്ത് ജനാധിപത്യമല്ല,​ ഏകാധിപത്യമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മമത പറഞ്ഞു.

ഇതാണോ ബി.ജെ.പി വാഗ്‌ദാനം ചെയ്ത രാമരാജ്യമെന്നും മമത ചോദിച്ചു. കര്‍ഷകര്‍ ക്രൂരമായി കൊല്ലപ്പെട്ടിട്ടും സത്യം പുറത്തുവരാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ അവിടെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. കൊലപാതകങ്ങളുടെ നാടായി ഇന്ത്യ മാറിയെന്നും മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. ഭവാനിപുരിലെ ഗുരുദ്വാര സന്ദര്‍ശനത്തിനിടെ പ്രതികരിക്കുകയായിരുന്നു മമത.

കഴിഞ്ഞ ദിവസമാണ് യു.പിയില്‍ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം കര്‍ഷക സമരത്തിന് നേരേ പാഞ്ഞ് കയറിയത്. സംഭവത്തെ തുടര്‍ന്ന് കര്‍ഷകര്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങളുമായി സമരം ചെയ്തിരുന്നു. എന്നാൽ കൊല്ലപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്നും ഉറപ്പ് നല്‍കിയതോടെയാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിട്ടുനല്‍കുകയും ചെയ്തു. അതേസമയം സംഭവസ്ഥലത്തേക്ക് വരാന്‍ ശ്രമിച്ച പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ യു.പി പൊലീസ് തടഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.