'തന്നെ അനധികൃതമായി തടഞ്ഞു വെച്ചിരിക്കുന്നു'; സമരക്കാര്‍ക്കു നേരെ വാഹനം ഓടിച്ചു കയറ്റുന്ന വീഡിയോ ട്വീറ്റ് ചെയ്ത് പ്രിയങ്ക

'തന്നെ അനധികൃതമായി തടഞ്ഞു വെച്ചിരിക്കുന്നു'; സമരക്കാര്‍ക്കു നേരെ വാഹനം ഓടിച്ചു കയറ്റുന്ന വീഡിയോ ട്വീറ്റ് ചെയ്ത് പ്രിയങ്ക

ലക്‌നൗ: ലഖിംപുര്‍ ഖേരി സന്ദര്‍ശിക്കാന്‍ പോയ തന്നെ 24 മണിക്കൂറില്‍ ഏറെയായി അനധികൃതമായി തടഞ്ഞു വെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സമരക്കാര്‍ക്കു നേരെ വാഹനം ഓടിച്ചുകയറ്റുന്ന വീഡിയോ ട്വീറ്റ് ചെയ്ത പ്രിയങ്ക ആരോപണ വിധേയനായ കേന്ദ്രമന്ത്രിയെ എന്തുകൊണ്ടാണ് പുറത്താക്കാത്തതെന്നും ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

സംഭവത്തെപ്പറ്റി പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. നിങ്ങളുടെ സര്‍ക്കാര്‍ 28 മണിക്കൂറില്‍ ഏറെയായി തന്നെ എഫ്ഐആര്‍ പോലുമില്ലാതെ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. കര്‍ഷകര്‍ക്കുമേല്‍ വാഹനം ഓടിച്ചു കയറ്റിയ ആളെ അറസ്റ്റുചെയ്യാത്തത് എന്താണെന്നും പ്രിയങ്ക ചോദിച്ചു.

ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിനിടെ സമരക്കാര്‍ക്കുമേല്‍ വാഹനം ഓടിച്ചു കയറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടു. ഞായറാഴ്ച നടന്ന സംഭവത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും നാല് കര്‍ഷകരടക്കം ഒന്‍പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

സമരം ചെയ്യുന്ന കര്‍ഷകരുടെ പിന്നിലൂടെ എത്തിയ വാഹനം അവര്‍ക്കുമേല്‍ ഇടിച്ചുകയറുന്നത് 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ നല്‍കിയ വിവരണങ്ങളോട് യോജിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങള്‍ എന്നാണ് സൂചന.

പിന്നിലൂടെ എത്തിയ വാഹനം സമരക്കാര്‍ക്കു മേല്‍ ഇടിച്ചു കയറിയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഓടിച്ച വാഹനമാണ് പ്രക്ഷോഭകര്‍ക്കു നേരെ പാഞ്ഞു കയറിയത്. എന്നാല്‍ കേന്ദ്രമന്ത്രിയും മകനും ഈ ആരോപണം നിഷേധിക്കകുയായിരുന്നു. സംഭവ സ്ഥലത്തു പോലും ഇല്ലായിരുന്നുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ആശിഷിനെതിരെ യു പി പൊലീസ് കേസെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.