ബാംഗ്ലൂർ: കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത് വില്‍ക്കുന്ന സംഘത്തിലെ അഞ്ചുപേര്‍ അറസ്റ്റില്‍. ബംഗളൂരുവില്‍ താമസിക്കുന്ന ദേവി ഷണ്മുഖം, രഞ്ജന ദേവിദാസ്, മഹേഷ് കുമാര്‍, ധനലക്ഷ്മി, ജനാര്ദനന് എന്നിവരാണ് അറസ്റ്റിലായത്.
കേരളം, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബന്ധമുള്ള നിരവധി പേരടങ്ങിയ അന്തര്‍ സംസ്ഥാന സംഘത്തിന്റെ ഭാഗമാണിവര്‍. സംഘത്തിലെ മുഖ്യപ്രതിയും ആസൂത്രകയുമായ ബംഗളൂരു വിജയനഗര്‍ സ്വദേശിനി രത്ന കോവിഡ് ബാധിച്ചു മരിച്ചത് അന്വേഷണത്തെ ബാധിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ബംഗളൂരു ചാമരാജ്പേട്ടിലെ ബി.ബി.എം.പി ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ കാണാതായ കേസിന്റെ തുടരന്വേഷണമാണ് സംഘത്തെ പിടികൂടുന്നതിന് നിര്‍ണായകമായത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംഘം പത്തു ദിവസം മുതല്‍ മൂന്നു മാസം വരെ പ്രായമുള്ള 28 കുഞ്ഞുങ്ങളെ വിറ്റതായാണ് വിവരം.
മൂന്നു ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെയാണ് ഒരു കുഞ്ഞിന് ഇവര്‍ വാങ്ങിയിരുന്നത്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളിൽ നിന്ന് വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങളെ നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചും പണം വാങ്ങിയശേഷം മോഷ്ടിക്കുന്ന കുഞ്ഞുങ്ങളെയാണ് നല്‍കിയിരുന്നത്. ചില സംഭവങ്ങളില്‍ രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് കുഞ്ഞുങ്ങളെ വിറ്റിരുന്നതെങ്കിലും ഇത് നിയമവിരുദ്ധമാണെന്ന് ബംഗളൂരു സൗത്ത് ഡി.സി.പി ഹരീഷ് പാണ്ഡെ പറഞ്ഞു.
കുഞ്ഞുങ്ങളുടെ യഥാര്‍ഥ രക്ഷിതാക്കള്‍ക്കും ദത്തെടുത്ത രക്ഷിതാക്കള്‍ക്കും ഇടനിലക്കാര്‍ക്കുമെതിരെ കേസെടുത്തെങ്കിലും കുഞ്ഞുങ്ങളെ ബാധിക്കുമെന്നതിനാല്‍ രക്ഷിതാക്കളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെടുത്തിയ 15 കുഞ്ഞുകളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കിയ ശേഷം ദത്തെടുത്ത രക്ഷിതാക്കള്‍ക്ക് കൈമാറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.