ഗതാഗതക്കുരുക്കിന്റെ സമ്മര്‍ദം ഒഴിവാക്കാന്‍ തമിഴ്‌നാട്ടില്‍ ട്രാഫിക് പൊലീസിന്റെ ഗാന ചികിത്സ

ഗതാഗതക്കുരുക്കിന്റെ സമ്മര്‍ദം ഒഴിവാക്കാന്‍ തമിഴ്‌നാട്ടില്‍ ട്രാഫിക് പൊലീസിന്റെ ഗാന ചികിത്സ

ചെന്നൈ: ഗതാഗതക്കുരുക്കിന്റെ സമ്മര്‍ദം ഒഴിവാക്കാന്‍ തമിഴ്‌നാട്ടില്‍ ഗാന ചികിത്സയുമായി ട്രാഫിക് പൊലീസ്. ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ക്ക് സമീപം സ്പീക്കര്‍വെച്ച് വാഹനയാത്രക്കാര്‍ക്ക് പുല്ലാങ്കുഴല്‍ സംഗീതം കേള്‍പ്പിച്ചാണ് ഗതാഗതക്കുരുക്കിൽ നിന്നുള്ള സമ്മര്‍ദം ഒഴിവാക്കാന്‍ പൊലീസ് ശ്രമിച്ചത്. യാത്രക്കാര്‍ അല്പസമയം നില്‍ക്കുന്നത് സിഗ്‌നലുകളിലാണെന്നതിനാലാണ് ഇവിടെ പാട്ട് വെക്കുന്നത്.

തിരുച്ചിറപ്പള്ളി നഗരത്തിലെ നാല് സിഗ്‌നല്‍ ലൈറ്റുകളോട് ചേര്‍ന്നാണ് ഇപ്പോള്‍ സ്പീക്കര്‍വച്ച്‌ പുല്ലാങ്കുഴല്‍ സംഗീതം കേള്‍പ്പിക്കുന്നത്. ഇളയരാജ സംഗീതം നല്‍കിയ ജനപ്രിയ ഗാനങ്ങളാണ് പുല്ലാങ്കുഴലില്‍ വായിക്കുന്നത്.
ഗതാഗതക്കുരുക്കില്‍പ്പെട്ട് സമയം പോകുമ്പോൾ യാത്രക്കാർക്ക് സമ്മർദ്ദം കൂടാനും അത് അപകടസാധ്യതകൾ ഉണ്ടാകാനും കാരണമാകുമെന്ന് വിലയിരുത്തലാണ് ഈ സംരംഭത്തിന് പിന്നില്‍. ഒന്നര മിനിറ്റോളം സിഗ്‌നല്‍ കാത്തുനില്‍ക്കുമ്പോൾ ഗാനങ്ങള്‍ കേള്‍ക്കുന്നത് മനസിന് ആശ്വാസമേകുമെന്നും അതുവഴി സമ്മര്‍ദം കുറയുമെന്നുമുള്ള കണക്കുകൂട്ടലിലാണ് പൊലീസ്.

ഓഫീസ് സമയങ്ങളില്‍ നഗരത്തിലെ വാഹനത്തിരക്ക് വര്‍ധിക്കുകയും ഗതാഗതക്കുരുക്ക് നിത്യസംഭവമാകുകയും ചെയ്തതോടെയാണ് കമ്മിഷണര്‍ എ. അരുണിന്റെ നിര്‍ദേശപ്രകാരം പാട്ട് കേള്‍പ്പിക്കാന്‍ തീരുമാനിച്ചത്. യാത്രക്കാരില്‍നിന്ന് നല്ല പ്രതികരണം ലഭിച്ചതോടെ നഗരത്തില്‍ സിഗ്‌നല്‍ ലൈറ്റുള്ള 19 ജങ്ഷനുകളിലും ഈ സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സിറ്റി പൊലീസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.