ഹരീഷ് സാല്‍വെയുടെയും ബി.ആര്‍ ഷെട്ടിയുടെയും രഹസ്യ നിക്ഷേപ വിവരവും 'പാന്‍ഡോര'യില്‍

  ഹരീഷ് സാല്‍വെയുടെയും ബി.ആര്‍ ഷെട്ടിയുടെയും രഹസ്യ നിക്ഷേപ വിവരവും 'പാന്‍ഡോര'യില്‍

ലണ്ടന്‍: മുതിര്‍ന്ന അഭിഭാഷകനും ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലുമായിരുന്ന ഹരീഷ് സാല്‍വെ രഹസ്യ നിക്ഷേപ പദ്ധതിയുടെ ഭാഗമായി 2015 ല്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപില്‍ ഒരു കമ്പനി ഏറ്റെടുത്തതായി 'പാന്‍ഡോര പേപ്പര്‍' വെളിപ്പെടുത്തല്‍.ലണ്ടനില്‍ ഒരു വീട് വാങ്ങല്‍ ആയിരുന്നു ഇതിന്റെ മുഖ്യ ലക്ഷ്യം.

നികുതി ഹാവന്‍ ആയ ദ്വീപിലെ ദ മാര്‍സുല്‍ കമ്പനിയുടെ അന്‍പതിനായിരം ഓഹരികള്‍ വാങ്ങിയാണ് കമ്പനി ഹരീഷ് സാല്‍വേ ഏറ്റെടുത്തത്. ഇടപാടുകള്‍ നിയന്ത്രിക്കുന്ന കമ്പനി ഹരീഷ് സാല്‍വേയെ 'പോളിറ്റിക്കിലി എക്‌സ്‌പോസ്ഡ് പേഴ്‌സണ്‍' എന്ന പ്രത്യേക വിഭാഗത്തിലാണ് പെടുത്തിയതെന്നും രേഖകള്‍ പുറത്ത് വിട്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എംജിഎഫ് ഗ്രൂപ്പ് ഉടമ ശ്രാവണ്‍ ഗുപ്തയ്ക്കും ബ്രീട്ടീഷ് വിര്‍ജിന്‍ ദ്വീപിലെ ഇറ്റാസ്‌ക ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന കമ്പനിയില്‍ ഇതു പോലെ നിക്ഷേപം ഉണ്ടായിരുന്നതായും വെളിപ്പെടുത്തലുണ്ട്.

സുപ്രീം കോടതിയിലെ തിരക്കേറിയ അഭിഭാഷകവൃത്തിക്കൊപ്പം ബ്രിട്ടനിലെ ക്വീന്‍സ് കൗണ്‍സല്‍ പദവിയുമുള്ള ഹരീഷ് സാല്‍വെ വടക്കന്‍ ലണ്ടനില്‍ ആണിപ്പോള്‍ താമസം.66 കാരനായ സാല്‍വെ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാകാരിയായ കരോലിന്‍ ബ്രോസ്സാര്‍ഡിനെ കഴിഞ്ഞ വര്‍ഷം വിവാഹം കഴിച്ചിരുന്നു. അതിനു മുമ്പായി മീനാക്ഷി സാല്‍വെയുമായുള്ള 38 വര്‍ഷത്തെ ബന്ധം പിരിഞ്ഞു. കുല്‍ഭൂഷന്‍ ജാദവ് കേസില്‍ ഇന്ത്യയ്ക്കായി രാജ്യാന്തര നീതിന്യായ കോടതിയില്‍ സാല്‍വെയാണ് ഹാജരായിരുന്നത്.



പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിക്ക് ജേഴ്‌സി ദ്വീപിലും ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപിലും രഹസ്യ നിക്ഷേപമെന്നും പാന്‍ഡോര പേപ്പര്‍ വെളിപ്പെടുത്തല്‍ വന്നു. 6 ബില്യണ്‍ ഡോളറിലധികം കടബാധ്യത നിലനില്‍ക്കേയാണ് ഷെട്ടിയുടെ നിക്ഷേപം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഷെട്ടിക്ക് വിദേശത്ത് 80 ലധികം കമ്പനികളുണ്ടായിരുന്നുവത്രേ.

2013 മുതലാണ് ജേഴ്‌സിയിലും ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപിലും ബി.ആര്‍ ഷെട്ടി കമ്പനികള്‍ ഉണ്ടാക്കി പ്രധാനമായും രഹസ്യനിക്ഷേപം നടത്തിയതെന്നാണ് പാന്‍ഡോര വെളിപ്പെടുത്തല്‍. ഈ കമ്പനികള്‍ക്കെല്ലാം ബിആര്‍ ഷെട്ടിയുടെ പ്രധാന കമ്പനിയായ ട്രാവലക്‌സ് ഹോള്‍ഡിങ്‌സ് ലിമറ്റിഡുമായി ബന്ധവുമുണ്ട്. 2017 വരെ രഹസ്യ നിക്ഷേപം നടത്തിയ കമ്പനികളുമായി ബന്ധപ്പെട്ട കണക്കുകള്‍ പുതുക്കപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കമ്പനികളില്ലെല്ലാം ബി.ആര്‍ ഷെട്ടിയുടെ കുടുംബങ്ങള്‍ക്കും പങ്കാളിത്തമുള്ളതായും റിപ്പോര്‍ട്ടുണ്ട്. കോടി കണക്കിന് രൂപ വായ്പ എടുത്ത തിരിച്ചടക്കാത്തതിന് യാത്രാവിലക്ക് ഉള്‍പ്പെടെയുള്ള നിയമനടപടി ബി ആര്‍ ഷെട്ടി നേരിടുന്നതിനിടെയാണ് വെളിപ്പെടുത്തല്‍. ഷെട്ടി സ്ഥാപിച്ച എന്‍. എം. സി ഹെല്‍ത്ത് കെയറിന്റെ തകര്‍ച്ച വന്‍ വിവാദമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.