ലഖിംപുര്‍ സംഘര്‍ഷം: ചോദ്യം ചെയ്യാനിരിക്കെ മന്ത്രി പുത്രന്‍ ഒളിവില്‍; കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ലഖിംപുര്‍ സംഘര്‍ഷം: ചോദ്യം ചെയ്യാനിരിക്കെ മന്ത്രി പുത്രന്‍ ഒളിവില്‍; കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് വാഹനം പാഞ്ഞുകയറിയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ഇന്നലെ യുപി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കിയത്. സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ മുഖ്യപ്രതി ആശിഷ് കുമാര്‍ മിശ്രയോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ചോദ്യം ചെയ്യാനിരിക്കെ മന്ത്രി പുത്രന്‍ ഒളിവില്‍ പോയെന്നാണ്‌ വിവരം.

വ്യാഴാഴ്ചയാണ് ആശിഷ് മിശ്രയ്ക്ക് പൊലീസ് സമന്‍സ് അയച്ചത്. ഇയാള്‍ക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തിയെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആശിഷ് മിശ്ര കര്‍ഷകര്‍ക്കുനേരെ വെടിവെച്ചെന്നും കാര്‍ ഓടിച്ചകയറ്റിയപ്പോള്‍ അദ്ദേഹമുണ്ടായിരുന്നെന്നും എഫ്‌ഐആറില്‍ പറയുന്നു.

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് കേന്ദ്രമന്ത്രിയുടെ മകനുള്‍പ്പെട്ട സംഘം വാഹനം ഓടിച്ചുകയറ്റി കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം, കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്‍റെയും കര്‍ഷക സംഘടനകളുടെയും തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.