അൾത്താര ശുശ്രൂഷിയാകാനുള്ള ആഗ്രഹം ഹൃദയത്തിൽ നിറഞ്ഞു നിന്ന ഒരു ബാലൻ. ആദ്യമാദ്യം വരുന്നവർക്ക് അൾത്താരബാലനാകാം എന്ന് വികാരിയച്ചൻ. ഇത് കേട്ട് ആദ്യം ദേവാലയത്തിൽ എത്താൻ കൊച്ചു വെളുപ്പാങ്കാലത്ത് ചൂട്ടുകറ്റ കത്തിച്ച് പിടിച്ച് ഇടവക ദേവാലയത്തിലേക്ക് വച്ച് പിടിക്കുന്ന ഈ ബാലൻ സ്ഥിരം അൾത്താര ബാലൻ ആയി. തന്റെ ജീവിതത്തെ വല്ലാതെ സ്വാധീനിച്ച എം സി ബി എസ് വൈദികനായ ഫാ ആന്റണി കളപ്പുരയുടെ പാത പിന്തുടർന്ന് എം സി ബി എസ് സഭയിൽ ചേരാൻ തീരുമാനിച്ചു. 1976ൽ സെമിനാരിയിൽ ചേർന്നുവെങ്കിലും ഇടയ്ക്ക് മാരകമായ ഒരു രോഗത്തിന് ഇരയായി. അത്ഭുതകരമായി മരണവക്ത്രത്തിൽനിന്നും രക്ഷപ്പെട്ട്, ഒരു വർഷം വൈകിയാണെങ്കിലും 1988 ൽ പട്ടം സ്വീകരിച്ചു; അൾത്താരബാലൻ ബലിയർപ്പകനായി. ആറ് വർഷം കേരളത്തിലും തമിഴ്നാട്ടിലുമായി സേവനമനുഷ്ഠിച്ചതിന് ശേഷം 1994 ൽ മഹാരാഷ്ട്രയിലെ സത്താറയിൽ മിഷൻ പ്രവർത്തനം ആരംഭിച്ചു. അവിടെ ആറ് വർഷം മിഷൻ സുപ്പീരിയർ ആയി സേവനം അനുഷ്ഠിച്ചു. സത്താറയിൽത്തന്നെ ആശാഭവൻ, ആശാഗ്രാം എന്നീ രണ്ടു സ്ഥാപനങ്ങൾ ആരംഭിക്കുകയും ഇപ്പോൾ ആശാഗ്രാമിന്റെ ചുമതല വഹിക്കുകയും ചെയുന്നു. അവിടെ അനാഥരും സനാഥരുമായ ഭിന്നശേഷിക്കാരായ കുരുന്നുകളുടെ കാവൽ മാലാഖയായി മാറിയ ഈ വൈദികനാണ് ഫാ തോമസ് തടത്തിൽ എം സി ബി എസ്. ഈ മാലാഖ കാവലിരിക്കുന്ന ആശാഗ്രാമിന് നാട്ടുകാർ ഇട്ടിരിക്കുന്ന പേര് ' 'സ്വർഗ്ഗം'എന്നും.
ആശാഭവന്റെ തുടക്കം
തന്റെ മിഷൻപ്രവർത്തനകാലത്ത്,2000 ൽ മഹാരാഷ്ട്ര സർക്കാർ നടത്തുന്ന ഒരു അനാഥാലയം കാണാൻ ഇടയായി. വളരെ ദാരുണാവസ്ഥയിലായിരുന്നു അന്ന് ആ അനാഥാലയവും അവിടുത്തെ കുഞ്ഞുങ്ങളും. അവഗണിക്കപ്പെട്ട, പരിപാലനയുടെ ലാഞ്ചന പോലും ഏറ്റിട്ടില്ലാത്ത അനാഥരായ കുറെ കുഞ്ഞുങ്ങൾ. നഗ്നരായിരുന്ന അവർ സ്വന്തം വിസർജ്യം ഭകഷിക്കുന്ന അവസ്ഥയിലായിരുന്നു ആ കുഞ്ഞുങ്ങളെ ഫാ തടത്തിൽ കാണുന്നത്. ആ കാഴ്ച ആ വൈദികൻറെ മനസ്സ് വേദനിപ്പിച്ചു. തനിച്ച് ആകുമായിരുന്നില്ലാത്തതിനാൽ, സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിട്യൂട് എന്ന സന്യാസ സഭയിലെ സന്യാസിനികളുടെ സഹായം അഭ്യർത്ഥിച്ചു. അവരുടെ സഹായത്തോടെ ഈ കുഞ്ഞുങ്ങളെ പരിപാലിക്കാൻ തീരുമാനമെടുക്കുകയും അതിനുള്ള അനുവാദം ഔദ്യോഗികമായി വാങ്ങിയെടുക്കുകയും ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ, ആ സ്ഥാപനം അഴിമതിയുടെ കേദാരമാണെന്നും കുഞ്ഞുങ്ങളെ പരിപാലിക്കാൻ ആവശ്യമായതൊന്നും അവിടെ ലഭിക്കില്ല എന്നും തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിൽ, പ്രസ്തുത സ്ഥാപനത്തിലെ കുഞ്ഞുങ്ങളെ പൂർണ്ണമായും ഏറ്റെടുക്കാൻ തീരുമാനിച്ചു. അങ്ങനെ പ്രത്യേക അനുവാദത്തോടെ, ഘട്ടംഘട്ടമായി ഏതാനും കുഞ്ഞുങ്ങളെ വീതം അവിടെനിന്നും ഏറ്റെടുത്തു. നിയമ കുരുക്കുകളും നൂലാമാലകളും ഏറെയായിരുന്നു. ദൈവത്തിലാശ്രയിച്ചു; കുരുക്കുകൾ ഒന്നൊന്നായി അഴിഞ്ഞു. ഒരു വൈദികനായതുകൊണ്ട് പലരും എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ കാലക്രമേണ എതിർപ്പുകൾ പിന്തുണയായി മാറി.
കുട്ടികളെ ഏറ്റെടുക്കുമ്പോൾ അവർക്ക് താമസിക്കാൻ പ്രത്യേക കെട്ടിടം ഉണ്ടായിരുന്നില്ല. അതിനാൽ മിഷൻ ഹെഡ് ക്വാർട്ടേഴ്സിലാണ് കുട്ടികളെ താമസിപ്പിച്ചിരുന്നത്. 2002 ൽ കുട്ടികൾക്കായി ഒരു ഭവനം പണി ആരംഭിക്കുകയും 2003ൽ അതിന്റെ പണി പൂർത്തീകരിക്കുകയും ചെയ്തു. കുട്ടികൾക്കായി തീർത്ത ആ ഭവനത്തിന് ആശാഭവൻ എന്ന് പേരിട്ടു. കുട്ടികൾ വളർന്നു വന്നപ്പോൾ, ഭിന്നശേഷിക്കാരായ കുട്ടികളായതിനാൽ 'റീഹാബിലിറ്റേഷൻ' ആവശ്യമായി വന്നു. അതിനായി മറ്റൊരു സ്ഥലം കണ്ടെത്തുകയും അതിന് 'ആശാഗ്രാമ് ' എന്ന് പേരിടുകയും ചെയ്തു. പതിനെട്ട് വയസ് തികയുന്നവരെ ആശാ ഗ്രാമിലേക്ക് മാറ്റുന്നു. രണ്ടു സ്ഥാപനങ്ങളും നടത്തപ്പെടുന്നത് സിസ്റ്റേഴ്സ് ഓഫ് ഡസ്റ്റിട്യൂട്ടിലെ സന്യാസിനികളുടെ സഹായത്തോടെയാണ്. സ്പെഷ്യൽ എഡ്യൂക്കേഷനിലും സൈക്കോളജിയിലും പ്രത്യേക പരിശീലനം ലഭിച്ച സഹോദരിമാരാണ് കുട്ടികൾക്ക് ശിക്ഷണം കൊടുക്കുന്നത്. മാനസിക ശാരീരിക ബൗദ്ധിക വകല്യമുള്ള കുട്ടികളാണ് രണ്ട് സ്ഥാപനങ്ങളിലുമുള്ളത്. ആശാഗ്രാമിൽ 86 കുട്ടികളും ആശാഭവനിൽ 65 കുട്ടികളുമാണ് ഇപ്പോൾ തടത്തിലച്ചൻറെ പൈതൃക സംരക്ഷണയിൽ കഴിയുന്നത് . ആശാഭവനിൽ അനാഥരായ കുട്ടികൾ മാത്രമാണുള്ളതെങ്കിൽ, ആശാഗ്രാമിൽ അനാഥക്കുട്ടികൾ മാത്രമല്ല, സനാഥരും ഉണ്ട്. മാതാപിതാക്കൾക്ക് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാവുന്ന സാഹചര്യത്തിൽ തങ്ങളുടെ മക്കളെ അച്ഛന്റെ പരിപാലനത്തിന് ഏൽപ്പിക്കുന്നു അവർ.
ഇക്കഴിഞ്ഞ ഓണത്തിന് അച്ചൻ ഓണാശംസകൾ നേർന്നത് അച്ചന്റെ മക്കൾ തീർത്ത ഈ പൂക്കളത്തിന്റെ പടം അയച്ചു കൊണ്ടാണ്.
ജീവിതത്തിൽ മറക്കാനാവാത്ത സംഭവം
അച്ഛന്റെ പ്രിയപ്പെട്ട കുട്ടിയായിരുന്നു ലളിത് . ഹൈപ്പർ ആക്റ്റീവ് ആയിരുന്നത് കൊണ്ട് അവനെ നിയന്ത്രിക്കാൻ പലപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. അനാഥനായ അവന്റെ കൈയിൽ ലളിത് എന്ന് പച്ച കുത്തിയിരുന്നതിനാലാണ് അവനെ ആ പേര് വിളിച്ചത്. നാല് വർഷം മുൻപ് വൈദികരുടെ വാർഷിക ധ്യാനം നടക്കുന്ന അവസരം. ധ്യാനത്തിനിടയിൽ ലളിതിന്റെ മരണവാർത്ത അച്ചനെ തേടിയെത്തി. തന്റെ പ്രിയപ്പെട്ട വളർത്തു പുത്രന്റെ ആകസ്മിക മരണം അച്ചനെ വളരെ ദുഃഖത്തിലാഴ്ത്തിയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം നാട്ടിൽനിന്നും വരുന്ന ഒരു വൈദികനെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്ന സമയം. ലളിതിനെ കുറിച്ചുള്ള ഓർമ്മയിൽ വേദനിച്ചിരിക്കുമ്പോൾ മനസ്സിൽ ഇങ്ങനെ പറഞ്ഞു"ലളിത് നീ ഈശോയുടെ കൂടെയാണെകിൽ എനിക്ക് ഒരടയാളം തരുക." താൻ മനസ്സിൽ കരുതിയ , സുഹൃത്തായ വൈദികൻ അപ്പോൾത്തന്നെ വിളിക്കണം എന്ന അടയാളം ആവശ്യപ്പെട്ടു. ജർമനിയിൽ ആയിരുന്ന ആ വൈദികൻ കാലങ്ങളായിട്ട് അച്ചനെ വിളിച്ചിട്ടുണ്ടായിരുന്നില്ല. ഇത് മനസ്സിൽ ആഗ്രഹിച്ചപ്പോൾ തന്നെ തന്റെ സുഹൃത്തായ വൈദികന്റെ വിളി വന്നു. തനിക്ക് എന്തോ സംഭവിച്ചു എന്ന രീതിയിലായിരുന്നു, സുഹൃത്തായ വൈദികൻ സംസാരിച്ചത്. ആരോ പറഞ്ഞ് വിളിപ്പിച്ചതുപോലേ "എന്ത് പറ്റി" എന്ന ചോദ്യമാണ് ആദ്യം ചോദിച്ചത്. ഇത് വളരെ അതിശയകരമായ ഒരു ദൈവിക ഇടപെടലായി തടത്തിൽ അച്ചൻ കാണുന്നു.
തന്റെ ജീവിതം മുഴുവൻ ദൈവാനുഭവങ്ങളാണെന്നും ഒരെണ്ണം പ്രത്യേകം എടുത്തുപറയാൻ ബുദ്ധിമുട്ടാണെന്നും അച്ഛൻ കൂട്ടിച്ചേർത്തു. ജീവിതത്തിലെനിർണായകമായ പല സാഹചര്യങ്ങളിലും ദൈവം നേരിട്ട് ഇടപെട്ട അനുഭവങ്ങൾ ധാരാളമുണ്ട് അച്ചന് പറയാൻ. കുഞ്ഞുങ്ങൾക്ക് ഭക്ഷണം തീർന്നിരുന്ന സന്ദർഭങ്ങളിൽ കൃത്യമായി ആളെ അയച്ചു ഭക്ഷണ സാധനങ്ങൾ എത്തിച്ച് കൊടുത്ത ഒന്നല്ല, അനേകം അനുഭവങ്ങൾ അച്ചന് പങ്കവയ്ക്കാനുണ്ട്. ഉച്ചഭക്ഷണത്തിന് ശേഷം അത്താഴം പാകം ചെയ്യാൻ ആവശ്യമായ സാമഗ്രികൾ ഇല്ലാതിരുന്ന സമയം.ധൈര്യമായിരിക്കാൻ മാത്രം പറഞ്ഞു സിസ്റ്റേഴ്സിനോട്. അത്താഴത്തിനുമുൻപ് കൃത്യസമയത്തു കുറവുണ്ടായിരുന്ന അത്രയും സാധനങ്ങൾ യാതൊരു മുൻപരിചയവും ഇല്ലാതിരുന്ന ആൾ വഴി എത്തിച്ചുകൊടുത്ത അനുഭവങ്ങൾ പങ്കവയ്ക്കുമ്പോൾ, ഹൃദയം വഴിയുന്ന നന്ദിയുടെ ഭാവം അച്ചനിൽ നിറഞ്ഞു നിന്നു. ഒന്നിനെക്കുറിച്ചും ആകുലതയില്ല തടത്തിലച്ചന്. പരിപാലിക്കുന്നവൻ ആവശ്യമുള്ളത് തന്ന് പോറ്റും എന്ന വിശ്വാസം, വെറും വിശ്വാസം മാത്രമല്ല, അനുഭവമാണ് ഈ വൈദികന്.
"മടുത്തില്ലേ എന്ന് പലരും പലരും എന്നോട് ചോദിച്ചിട്ടുണ്ട്" അച്ചൻ പറഞ്ഞു. 21 വർഷമായി ഈ ശുശ്രൂഷ ചെയുന്ന തടത്തിലച്ചൻ പറയുന്നു "മടുക്കുകയല്ല ഓരോ ദിവസം ചെല്ലുന്തോറും ശക്തിപ്രാപിക്കുകയാണ്" എന്ന്. ഇതെല്ലം ഓരോ അനുഭവങ്ങളാണ് എന്നും അച്ചൻ കൂട്ടിച്ചേർത്തു.
അച്ചന്റെ കുടുംബം
കോട്ടയം ജില്ലയിലെ ചെങ്ങളത്ത് ജനിച്ച് വളർന്ന അച്ചന്റെ കുടുംബം ഒൻപത് മക്കളും മാതാപിതാക്കളും അടങ്ങുന്നതായിരുന്നു രണ്ട് സഹോദരങ്ങൾ മരണമടഞ്ഞു. അച്ചന്റെ അനുജന്റെ ആകസ്മികമായ മരണം എല്ലാവരെയും തളർത്തി. ആ മരണത്തെത്തുടർന്ന് മാതാവും അധികം വൈകാതെ പിതാവുംഈ ലോകത്തോട് യാത്രപറഞ്ഞു. കുടുംബത്തെ ഒന്നാകെ തളർത്തിക്കളഞ്ഞ ഒരു സംഭവമായിരുന്നു അനുജൻറെ വേർപാട്. കോവിഡ് കാലമായതിനാൽ പിതാവിന്റെ മരണസമയത്ത് വീട്ടിൽ പോകാനായില്ല എന്നത് ദുഖത്തോടെ അച്ഛൻ പങ്ക് വച്ചു.
മാതാപിതാക്കളോട്
മാനസിക ശാരീരിക വൈകല്യമുള്ള കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട് അച്ചന് പറയാനുള്ളത് അവരോട് ക്ഷമ കാണിക്കണം എന്നാണ്. ഹൈപ്പർ ആക്റ്റീവ് ആയ കുഞ്ഞുങ്ങളെ നോക്കി വളർത്തുക ആയാസകരമായ കാര്യമല്ല.(പലപ്പോഴും മാതാപിതാക്കൾക്ക് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാവുമ്പോൾ കുഞ്ഞുങ്ങളെ അച്ചനെ ഏൽപ്പിക്കാറുണ്ട്. ആശാ ഗ്രാമത്തിലെ പല കുട്ടികളെയും മാതാപിതാക്കൾ അച്ചനെ ഏല്പിച്ചിട്ട് പോയതാണ്. കോവിഡ് കാലമായപ്പോൾ മാതാപിതാക്കൾ ഉള്ള കുട്ടികളെ വീടുകളിലേക്ക് തിരിച്ചയക്കേണ്ടി വന്നു എന്ന് അച്ചൻ പറഞ്ഞു.) കുഞ്ഞുങ്ങൾ നിഷ്കളങ്കരാണ്, അവരോട് ക്ഷമയോടെ പെരുമാറുക എന്നത് അത്ര എളുപ്പമല്ല എന്നാൽ അതാണ് വേണ്ടത്. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ നോക്കുന്ന മാതാപിതാക്കൾ ചെയുന്നത് പ്രേഷിതപ്രവർത്തനമാണെന്നും അച്ഛൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ അഞ്ച് വർഷമായി ആശാഭവന്റെ മേല്നോട്ടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും മാറിനിൽക്കുകയാണ് തടത്തിൽ അച്ചൻ . ഇപ്പോൾ ആശാഭവന്റെ ഉത്തരവാദിത്തം ഫാ അനീഷ് മക്കിയിലിനൊപ്പം ഫാ സാന്റോ മങ്കിലോട്ട് ,ഫാ സോബിൻ കതമ്പയിൽ എന്നിവർക്കാണ്. ആശാഗ്രാമിന്റെ നോക്കി നടത്തിപ്പിൽ തടത്തിലച്ചന് കൂട്ടായി ഫാ ജോജി കോലഞ്ചേരിലും ഒപ്പമുണ്ട്.
അനേകം കുഞ്ഞുങ്ങൾക്ക് ആശകൊടുക്കുന്ന ആശാഭവനും ആശാഗ്രാമും മഹാരാഷ്ട്രയിലെ സത്താർ ജില്ലയിൽ ആശ്വാസ സങ്കേതങ്ങളായി നിലകൊള്ളുന്നു. ധാരാളം സുമനസ്സുകൾ സഹായ ഹസ്തം നീട്ടുന്നു. അനാഥരും സനാഥരുമായ മക്കൾക്ക് സ്നേഹവും കരുതലും ശുശ്രൂഷയും കൊടുത്തുകൊണ്ട്, അവർക്ക് കാവലായി , തടത്തിലച്ചനും മറ്റ് വൈദികരും ഒപ്പം സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിട്യൂട്ടിലെ സഹോദരിമാരും ഭൂമിയിൽ 'സ്വർഗ്ഗം' തീർക്കുന്നു!
മറഞ്ഞിരിക്കുന്ന നിധി പാർട്ട് 1 -4
മറഞ്ഞിരിക്കുന്ന നിധി പാർട്ട് 5
മറഞ്ഞിരിക്കുന്ന നിധി പാർട്ട് 6
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26