• Sun Jan 12 2025

തളിയത്തച്ചന്റെ കുട്ടിപ്പട്ടാളം ( മറഞ്ഞിരിക്കുന്ന നിധി -6)

തളിയത്തച്ചന്റെ കുട്ടിപ്പട്ടാളം ( മറഞ്ഞിരിക്കുന്ന നിധി -6)

കുട്ടികളോട് ചങ്ങാത്തം കൂടുന്ന അച്ചന്റെ ഒപ്പം എപ്പോഴും ഒരു കുട്ടിപ്പട്ടാളം ഉണ്ടാവും. കുഞ്ഞുങ്ങളുടെ കൂടെ കൂടുമ്പോൾ നാം അവരെപ്പോലെ ആകുന്നു. നമ്മുടെ വേദനകൾ മറക്കാനും മനസ്സ് സന്തോഷാമായിരിക്കാനും അത് സഹായിക്കുന്നു എന്ന് അച്ചൻ പറയുന്നു. എവിടെ ചെന്നാലും കുട്ടികളുമായി ആദ്യം ചങ്ങാത്തം കൂടുന്ന അച്ചൻ, തന്റെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും അവരെ സ്വാധീനിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാത്തിനും അവരുടെ മാറ്റ് രീതിയിലുള്ള വളർച്ചയ്ക്കും അച്ചന്റെ പ്രവർത്തനങ്ങൾ വളരെ സ്വാധീനം ചെലുത്തുന്നു. കുട്ടികളെപ്പോലെ തന്നെ നിഷ്കളങ്കത തുളുമ്പുന്ന ചിരിയുടെ ഉടമയാണ് ഈ വൈദികനും.


ഒരു ചിത്രകാരൻ കൂടിയായ അച്ചൻ,തന്റെ ആ കഴിവ് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. അച്ഛന്റെ ഫേസ് ബുക്ക് പേജിൽ കണ്ട ചില ചിത്രങ്ങൾ ആണ് അച്ചനിലെ ചിത്രകാരനെ ഞങ്ങൾക്ക് കാട്ടിത്തന്നത്. അതേപ്പറ്റി ചോദിച്ചപ്പോൾ 'അത്രക്ക് കഴിവ് ഒന്നും ഇല്ല " എന്ന ഒരു മറുപടി ആയിരുന്നു. എന്നാൽ അച്ചൻ വരച്ച ചിത്രങ്ങൾ വിളിച്ച് പറയുന്നത് നേരെ മറിച്ചും. അങ്ങനെയാണ് അച്ചനും ഇടവക ജനങ്ങളും ചേർന്ന് നടത്തിയ പള്ളി പണിയുടെ കഥ പങ്ക് വച്ചത്. അംഗലേസാത്തു ഗ്രാമത്തിൽ ഒരു പള്ളി ഇല്ലാത്ത അവസ്ഥ. ക്രിസ്തുമസ് ഈസ്റ്റർ പോലെയുള്ള വിശേഷ ദിവസങ്ങളിൽ പള്ളിക്ക് വെളിയിലാണ് തിരുക്കർമ്മങ്ങൾ നടത്തിയിരുന്നത്. പള്ളി വളരെ ചെറുതായിരുന്നു എന്നത് തന്നെ കാരണം. അങ്ങനെ പള്ളി പണിയുന്നതിനെപ്പറ്റി ആലോചനകൾ നടന്നു. സാമ്പത്തിക സഹായം എങ്ങുനിന്നും വരാനില്ല. ജനങ്ങൾ തന്നെ വഴി കണ്ടെത്തണം. കാട്ടിൽനിന്നും കല്ലും മണ്ണും തടിയും കൊണ്ടുവരാം . അവിടെ അതിന് നിയന്ത്രണങ്ങൾ ഇല്ലാത്തത്കൊണ്ട് ജനങ്ങൾക്ക് ആവശ്യാനുസരണം ആവശ്യമുള്ള കല്ല് ,മണ്ണ് ,തടി ഇവ കാട്ടിൽ നിന്നും കൊണ്ടുവരാം. അങ്ങനെ അച്ഛനും ജനങ്ങളും ചേർന്ന് അധ്വാനിച്ച് കെട്ടിടം പണിതു. ചില പ്രധാനപ്പെട്ട പണികൾ മാത്രം 'പ്രൊഫെഷനൽസി'നെ ഏൽപ്പിച്ചു. പള്ളി പണി കഴിഞ്ഞപ്പോഴാണ് അൾത്താരയിലെയും ചുവരിലേയും ചിത്രപ്പണികൾ ചെയുന്നതിനെപ്പറ്റി ആലോചനയായത്. മറ്റാരെയും വിളിക്കാതെ സ്വയം ചെയാം എന്ന തീരുമാനത്തിൽ എത്തി. അച്ചൻ തന്റെ പൊടിപിടിച്ച് കിടന്നിരുന്ന കലാവസാനയെ ഒന്ന് പൊടി തട്ടിയെടുത്തു. പെയിന്റിംഗ് ചെയ്യാനാരംഭിച്ചു. ചിത്ര പണികൾ മുഴുവൻ അച്ചൻ തനിയെ ചെയുകയും ചെയ്തു. അതിമനോഹരമായ പെയ്ന്റിങ്ങുകളാണ് അച്ചൻ തീർത്തിരിക്കുന്നത്. ചെറുപ്പത്തിൽ പെയ്ന്റിംങ്ങിനോട് താത്പര്യമുണ്ടായിരുന്നു എന്നും അച്ചൻ ഓർക്കുന്നു.


അച്ഛൻ ഒരേ ദിവസം പല സ്ഥലങ്ങളിലും കുർബാന അർപ്പിക്കാൻ പോകും എന്ന് പറഞ്ഞിരുന്നല്ലോ. ഈ അടുത്ത ഇടയ്ക്ക് ഉണ്ടായ വേദനിപ്പിക്കുന്ന ഒരു സംഭവം അച്ചൻ പങ്ക് വായിക്കുകയുണ്ടായി. മനാഞ്ചക്ക ഗ്രാമത്തിൽ എത്തിയപ്പോൾ വരവേറ്റ സങ്കടകരമായ വാർത്ത. ഗ്രാമവാസികൾ കഷ്ടപ്പെട്ട് കെട്ടിപ്പൊക്കിയ വി പൗലോസിന്റെ പേരിലുള്ള ദേവാലയത്തിന്റെ നല്ലൊരു ഭാഗം കാറ്റിലും മഴയിലും പെട്ട് തകർന്ന് കിടക്കുന്നു. എന്നാൽ അതൊന്നും ബലിയർപ്പണം മുടക്കാൻ പര്യാപ്തമായിരുന്നില്ല. മേൽക്കൂര ഇല്ലാത്ത, സ്വർഗ്ഗത്തിലേക്ക് തുറന്ന്കിടക്കുന്ന ആ ദേവാലത്തിന്റെ ശിഷ്ടഭാഗത്ത് ഒരു മേശയിട്ട് (ബലിപീഠം) അന്ന് ബലിയർപ്പിച്ചു. ബലിപീഠം എപ്പൊഴും തുണിവിരിച്ച ഒരു മേശ തന്നെയാണ്.


അവിടുത്തെ ഗ്രാമവാസികൾ അടിയുറച്ച വിശ്വാസമുള്ളവരാണ് എന്ന് അച്ചന്റെ സാക്ഷ്യം. അച്ഛന്റെ വരവും കാത്തിരിക്കാറുണ്ട് ഗ്രാമവാസികൾ. ഹന്നാൻ വെള്ളത്തിൻറെ ശക്തിയിൽ വിശ്വാസമുള്ള ഗ്രാമവാസികൾ കുപ്പികളിൽ വെള്ളം നിറച്ച് വച്ചിരിക്കും വെഞ്ചരിക്കാനായി. പലപ്പോഴും കൊള്ളക്കാരുടെ ശല്യം കൂടുതലായി ഉള്ള നാട്ടിൽ, ഹന്നൻ വെള്ളത്തെയാണ് അവർ തങ്ങളുടെ സംരക്ഷണത്തിനായി ആശ്രയിക്കുന്നത്. ഗ്രാമവാസികളുടെ പ്രധാന സമ്പാദ്യം കാള ആയതുകൊണ്ട് മോഷണവസ്തുവും കാള തന്നെ. ഹാന്നാൻ വെള്ളം വീടിനു ചുറ്റും തളിച്ച് തങ്ങളുടെ ഭവനത്തെയും വസ്തുക്കളെയും അവർ സംരക്ഷിക്കുന്നു.

തൃശ്ശൂർ ദേവമാതാ പ്രൊവിൻസിൽനിന്നുമാണ് തളിയത്തച്ചൻ മഡഗാസ്കറിൽ എത്തിയത്. സി എം ഐ വൈദികർ മഡഗസ്സക്കാർ മിഷൻ ഏറ്റെടുത്തിട്ട് മുപ്പത്തി നാല് വർഷമായി. പത്ത് വർഷത്തിന് ശേഷമാണ് അച്ചൻ മഡഗാസ്കറിൽ എത്തുന്നത്. മഡഗസ്ക്കാറിൽ കത്തോലിക്കാ സഭയ്ക്ക് തുടക്കമായിട്ട് 150 വർഷങ്ങൾ മാത്രം. 22 രൂപതകളുള്ള മഡഗസ്ക്കരിൽ ഇപ്പോഴും ആവശ്യത്തിന് വൈദികരില്ല. ആയതിനാൽ പല ഗ്രാമങ്ങളിലും സുവിശേഷം എത്തിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട് എന്ന് അച്ചൻ പറഞ്ഞു. സിസ്റ്റേഴ്സിന്റെ സഹായത്തോടെ സ്കൂളുകൾ നടത്തപ്പെടുന്നു.അടിസ്ഥാന വിദ്യാഭ്യാസം കുട്ടികൾക്ക് കൊടുക്കാൻ ശ്രമിക്കാറുണ്ടെങ്കിലും സുവിശേഷ വത്ക്കരണത്തിന് തന്നെയാണ് മുൻതൂക്കം കൊടുക്കുന്നത്.

ഇരിങ്ങാലക്കുട രൂപതയിലെ മുരിയാട്ടാണ് അച്ചന്റെ ഇടവക. മാതാപിതാക്കൾ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഒരു സഹോദരനും രണ്ട് സഹോദരിമാരുമാണ് അച്ഛനുള്ളത്. അതിൽ കന്യാസ്ത്രീ ആയ ഒരു സഹോദരി ഫ്രാൻസിസ്കൻ ക്ലാരിസ്റ് കോൺവെന്റിന്റെ ഡൽഹി പ്രൊവിൻസിൽ ആണ് ഇപ്പോൾ. നാലാമനും ഇളയവനുമായ അച്ചൻ അല്പം കൂടുതൽ വാത്സല്യം ലഭിച്ചാണ് വളർന്നതെന്ന് ഓർക്കുന്നു.


പിറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, പ്രതിസന്ധി ഘട്ടങ്ങൾ ഒരുപാടുണ്ടായിരുന്നുവെങ്കിലും ഒരിക്കലും താൻ തനിച്ചായിരുന്നില്ല, ഈശോ എപ്പോഴും കൂടെയുണ്ടായിരുന്നു എന്ന് അച്ചൻ സാക്ഷ്യപ്പെടുത്തുന്നു.സിന്യൂസ് വായനക്കാരോട് അച്ചന് പറയാനുള്ളത് ഇതാണ് . നാട്ടിലെ ടാലന്റ് ഷോകളിൽ എസ് എം എസ് കൊടുത്ത് മത്സരാർത്ഥികളെ വിജയിപ്പിക്കാറുണ്ടല്ലോ. അതുപോലെ പ്രാർത്ഥനകളാകുന്ന എസ് എം എസുകൾ എപ്പോഴും അച്ചനും അച്ഛനെപ്പോലുള്ള മിഷനറിമാർക്കും കൊടുക്കണം. എസ് എം എസ് കൂടുതൽ കിട്ടിയാൽ അർഹത ഇല്ലെങ്കിലും വിജയിക്കും. അതുപോലെ ദൈവതിരുമുന്പിൽ അർഹത ഇല്ലെങ്കിലും കൂടുതൽ പ്രാർത്ഥനകൾ തങ്ങളെ അര്ഹരാക്കും. മിഷനറി മാർക്ക് വേണ്ടി പ്രാര്ഥിക്കുന്നവരും മിഷനറിമാരാണ്. അങ്ങനെയാകുമ്പോൾ മിഷനറിമാർക്ക് വേണ്ടി പ്രാർത്ഥിക്കുന്നവർ തങ്ങൾക്ക് വേണ്ടി തന്നെയാണ് പ്രാർത്ഥിക്കുന്നത് എന്നും അച്ചൻ പറയുന്നു.

പതിനെട്ട് ഗോത്രങ്ങളാണ് മഡഗാസ്കറിൽ ഉള്ളത്. ഓരോ ഗോത്രത്തിനും വിവിധങ്ങളായ ആചാരങ്ങളും. അത്തരം, വിചിത്രം എന്ന തോന്നാവുന്ന ഒരു ആചാരമാണ് 'മരിച്ച് അടക്കിയവരെ വീണ്ടും സംസ്കരിക്കുന്ന' ഒരു ആചാരം. ഈ ആചാരത്തിന്റെ വിശദാംശങ്ങൾ അച്ഛനിൽ നിന്നും തന്നെ കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക


ബഹുമാനപ്പെട്ട തളിയത്തച്ചനുമായി ഞങ്ങൾ നടത്തിയ അഭിമുഖം കാണുവാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.



മറഞ്ഞിരിക്കുന്ന നിധി (part 1-5)

സിസിലി ജോൺ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.