കോംഗോ: വനപാലകര്‍ക്കൊപ്പമുള്ള സെല്‍ഫിയിലൂടെ ലോകമെങ്ങുമുള്ള മൃഗസ്‌നേഹികളുടെ ശ്രദ്ധ നേടിയ എന്‍ഡാകാസി എന്ന പെണ്‍ഗൊറില്ല പതിനാലാം വയസില്‍ മരണത്തിനു കീഴടങ്ങി. ദീര്‍ഘകാലമായി രോഗബാധിതയായിരുന്നു സോഷ്യല്‍മീഡിയയുടെ പ്രിയപ്പെട്ട ഗൊറില്ലയായ എന്‍ഡാകാസി.
ഗൊറില്ലയുടെ വിടവാങ്ങലും അങ്ങേയറ്റം ഹൃദയഭേദകമായിരുന്നു. തന്റെ സംരക്ഷകനായ ജീവനക്കാരന്റെ മടിയില്‍ കിടന്നാണ് ഗൊറില്ല അവസാനശ്വാസം വലിച്ചത്. മരണത്തിനു തൊട്ടു മുന്‍പുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ ലോകത്തെ നൊമ്പരപ്പെടുത്തുകയാണ്. കോംഗോയിലുള്ള, ആഫ്രിക്കയിലെതന്നെ ഏറ്റവും പഴക്കം ചെന്ന ദേശീയോദ്യാനമായ വിരുംഗയിലായിരുന്നു ഗൊറില്ലയുടെ താമസം.
ആന്‍ഡ്രേ ബൗമ എന്ന ജീവനക്കാരന്റെ മേല്‍നോട്ടത്തിലായിരുന്നു ഗൊറില്ല. 2019ല്‍ പാര്‍ക്കിലെ മറ്റൊരു റേഞ്ചറായ മാത്യൂസ് ഷമാവൂ എടുത്ത, എന്‍ഡാകാസിയും മറ്റൊരു പെണ്‍ ഗൊറില്ലയായ എന്‍ഡേസിയും പോസ് ചെയ്ത് നില്‍ക്കുന്ന സെല്‍ഫി വൈറലായിരുന്നു. മനുഷ്യരെ പോലെ നിവര്‍ന്നുനിന്ന് പ്രത്യേക മുഖഭാവത്തോടെ സെല്‍ഫിക്ക് പോസ് ചെയ്യുന്ന ഗൊറില്ലകള്‍ അന്ന് താരമായിരുന്നു.
വനപാലകര്‍ക്കൊപ്പം നില്‍ക്കുന്ന ഗൊറില്ലകളുടെ ചിത്രം. 2019-ല്‍ എടുത്തത്. ഈ സെല്‍ഫി ലോകമെങ്ങും ശ്രദ്ധ നേടി.
കുറച്ച് നാളായി ഒട്ടേറെ അസുഖങ്ങളാല്‍ ചികില്‍സയിലായിരുന്നു എന്‍ഡാകാസി എന്ന ഗൊറില്ല. വേട്ടക്കാരുടെ അക്രമം രൂക്ഷമായ മേഖലയില്‍ 2007-ല്‍ അമ്മയുടെ മൃതദേഹത്തിനടുത്ത് നിന്നാണ് രണ്ടുമാസം പ്രായമുള്ള എന്‍ഡാകാസിയെ ബൗമ കണ്ടെത്തുന്നത്. അമ്മ ഗൊറില്ലയെ പറ്റിപ്പിടിച്ച് നില്‍ക്കുകയായിരുന്നു എന്‍ഡാകാസി. തിരികെ കാട്ടിലേക്ക് വിടുന്നത് സുരക്ഷിതമല്ലെന്ന് വനപാലകര്‍ക്കു തോന്നി. പിന്നീട് ബൗമ മാനേജരായ അനാഥാലയത്തിലാണ് അവള്‍ വളര്‍ന്നത്. വര്‍ഷങ്ങളോളം ഇരുവരും തമ്മില്‍ ആഴത്തിലുള്ള സൗഹൃദമായിരുന്നു. ഒടുവില്‍ ബൗമയുടെ മടിയില്‍ കിടന്ന് ഗൊറില്ല ജീവന്‍ വെടിഞ്ഞു.
ജീവന്റെ അവസാന നിമിഷങ്ങളിലും ആന്‍ഡ്രേ ബൗമയെ കെട്ടിപ്പിടിച്ച് കിടക്കുന്ന എന്‍ഡാകാസിയുടെ ചിത്രങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ തരംഗമായി. ആന്‍ഡ്രേയും ഗൊറില്ലയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ചിത്രങ്ങള്‍ മനുഷ്യന്‍ കണേണ്ടതാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പലരും എഴുതി.
ഉഷ്ണമേഖലാ വനങ്ങള്‍, മഞ്ഞുമൂടിയ പര്‍വതങ്ങള്‍, സജീവ അഗ്‌നിപര്‍വ്വതങ്ങള്‍ എന്നിവ വ്യാപിച്ച് കിടക്കുന്ന ആഫ്രിക്കയിലെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള ദേശീയോദ്യാനമാണ് വിരുംഗ ദേശീയോദ്യാനം. 1925ലാണ് ഇത് സ്ഥാപിച്ചത്. ഇന്ന് പര്‍വ്വത ഗൊറില്ലകളുടെ ലോകത്തിലെ ഏറ്റവും വലിയ സങ്കേതമാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.