ഹോങ്കോങ്:ചൈനയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ ജനാധിപത്യത്തിന്റെ ശക്തിയുപയോഗിച്ച് തായ് വാന്‍ ചെറുക്കുമെന്ന് പ്രസിഡന്റ് സായ് ഇംഗ്-വെന്‍. തായ് വാന്‍ ദേശീയ ദിനത്തിലെ പ്രസംഗത്തിലാണ് ചൈനയുമായി ദ്വീപിനെ ബലമായി കൂട്ടിച്ചേര്‍ക്കാനുള്ള നീക്കത്തിനെതിരെ സായ് ആവര്‍ത്തിച്ച് മുന്നറിയിപ്പു നല്‍കിയത്.
കഴിഞ്ഞ 72 വര്‍ഷങ്ങളിലെ മറ്റേതൊരു ഘട്ടത്തേക്കാളും രാജ്യത്തെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണവും അനിശ്ചിതത്വ ഭരിതവുമാണെന്നു പ്രസിഡന്റ് പറഞ്ഞു.തായ് വാനിലെ വ്യോമ പ്രതിരോധ മേഖലയിലേക്കുള്ള ചൈനീസ് സൈനിക വിമാനങ്ങളുടെ തള്ളിക്കയറ്റം ദേശീയ സുരക്ഷയെയും വ്യോമയാന സുരക്ഷയെയും സാരമായി ബാധിച്ചിട്ടുണ്ട്. തായ് വാന്‍ 'തിടുക്കത്തില്‍ പ്രവര്‍ത്തിക്കില്ല', പക്ഷേ പ്രതിരോധം ശക്തിപ്പെടുത്തും. ചൈനയില്‍ നിന്നുള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കാനുള്ള സാഹചര്യമാണുള്ളതെന്നും സായി പറഞ്ഞു.
സ്വാതന്ത്ര്യമോ ജനാധിപത്യമോ പരമാധികാരമോ വാഗ്ദാനം ചെയ്യാത്തിടത്തോളം ചൈന ഞങ്ങള്‍ക്ക് മുന്നില്‍ വേണ്ടി വെച്ച പാത സ്വീകരിക്കുന്നതിനു നിര്‍ബന്ധിക്കാന്‍ കഴിയില്ല. ചൈനീസ് നേതാക്കളുമായി തുല്യനിലയില്‍ സംസാരിക്കാനുള്ള വാഗ്ദാനം അവര്‍ ആവര്‍ത്തിച്ചു.അതേസമയം, 'വിഘടനവാദി' എന്ന് മുദ്രകുത്തി ബീജിംഗ് വയ്ക്കുന്ന നിര്‍ദ്ദേശം സ്വീകാര്യമല്ല.
തായ് വാന്‍ സ്വയം ഒരു പരമാധികാര രാജ്യമായി കണക്കാക്കുന്നു. അതേസമയം ചൈന അതിനെ വിഘടിത പ്രവിശ്യയായാണ് കാണുന്നത്.തായ് വാനുമായുള്ള ചൈനയുടെ ഏകീകരണം പൂര്‍ത്തിയാക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് പ്രഖ്യാപിച്ചിരുന്നു.ഏകീകരണം നേടാന്‍ ബലം പ്രയോഗിക്കാനുള്ള സാധ്യത ബീജിംഗ് തള്ളിക്കളഞ്ഞിട്ടില്ല.കഴിഞ്ഞ ദിവസങ്ങളില്‍ ചൈന തായ് വാനിലെ വ്യോമ പ്രതിരോധ മേഖലയിലേക്ക് സൈനിക ജെറ്റുകള്‍ ധാരാളമായി അയച്ചത് തായ് വാന്‍ പ്രസിഡന്റിനുള്ള മുന്നറിയിപ്പായി കാണാമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
കഴിഞ്ഞയാഴ്ച 56 ചൈനീസ് യുദ്ധവിമാനങ്ങള്‍ വ്യോമ അതിര്‍ത്തി കടന്ന് പ്രകോപനം സൃഷ്ടിച്ചതിന് പിന്നാലെ ചൈനയ്ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു തായ് വാന്‍. പ്രകോപനപരമായ നീക്കങ്ങള്‍ ചൈന ഉപേക്ഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇത്രയധികം ചൈനീസ് യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി ലംഘിക്കുന്നത് ആദ്യമായാണ്. ചൈനീസ് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതായി മുന്നറിയിപ്പ് ലഭിച്ചതോടെ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് അവയെ തുരത്തുകയായിരുന്നുവെന്ന് തായ് വാന്‍ മന്ത്രാലയം അറിയിച്ചു.പക്ഷേ, തുടര്‍ന്നും ചൈനീസ് വിമാനങ്ങള്‍ പ്രകോപനം തുടര്‍ന്നു.
ചൈനയുടെ പ്രകോപനപരമായ നീക്കത്തിനെതിരെ അമേരിക്ക രംഗത്തെത്തിയിരുന്നു. സൈനികപരമായ നീക്കമാണ് ചൈന നടത്തുന്നതെന്നും തായ് വാന്‍ ലോകരാജ്യങ്ങള്‍ അംഗീകരിച്ച രാജ്യമാണെന്ന് ചൈന മറക്കരുതെന്നും അമേരിക്ക പറഞ്ഞു. 'തായ് വാന് മേലുള്ള ചൈനയുടെ പ്രകോപനപരമായ നീക്കങ്ങളില്‍ അമേരിക്ക ആശങ്ക രേഖപ്പെടുത്തുന്നു. മേഖലയിലെ സമാധാനം തകര്‍ക്കുന്നതാണ് ചൈനയുടെ നീക്കം'- വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി ജെന്‍ സാക്കി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ചൈനയുടെ നീക്കങ്ങള്‍ കാരണം യു.എസ് പ്രതിരോധ രംഗത്ത് തായ് വാനെ സഹായിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും സാകി കൂട്ടിച്ചേര്‍ത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.