ആണവ അന്തര്‍വാഹിനി രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കാന്‍ ശ്രമം; അമേരിക്കയില്‍ നാവിക ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റില്‍

ആണവ അന്തര്‍വാഹിനി രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കാന്‍ ശ്രമം; അമേരിക്കയില്‍ നാവിക ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റില്‍

രേഖകള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഒളിപ്പിച്ചുകൈമാറിയത് സാന്‍ഡ്‌വിച്ചിനുള്ളില്‍

വാഷിംഗ്ടണ്‍: ആണവ അന്തര്‍വാഹിനി സംബന്ധിച്ച രഹസ്യങ്ങള്‍ വിദേശരാജ്യത്തിന് കൈമാറാന്‍ ശ്രമിച്ച ഗുരുതര കുറ്റത്തിന് അമേരിക്കയില്‍ നാവിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. യു.എസ്. നാവിക സേനയിലെ ആണവ എന്‍ജിനീയര്‍ ജോനാഥന്‍ ടോബി (42) ആണ് അറസ്റ്റിലായത്.

ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ അന്തര്‍വാഹിനികളുടെ രൂപകല്‍പ്പന സംബന്ധിച്ച നിര്‍ണായകവും അതീവ രഹസ്യ സ്വഭാവവുമുള്ള വിവരങ്ങള്‍ വിദേശ സര്‍ക്കാരിന്റെ പ്രതിനിധിയെന്നു കരുതിയ വ്യക്തിക്കു വില്‍ക്കാന്‍ ശ്രമിച്ചതായി അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) കണ്ടെത്തി. അതേസമയം എഫ്.ബി.ഐ ഉദ്യോസ്ഥന്‍ തന്നെയാണ് വിദേശ പ്രതിനിധിയായി ചമഞ്ഞ് ജോനാഥനുമായി ഇടപാടുകള്‍ നടത്തിയത്.


ആണവ അന്തര്‍വാഹിനി

ചാരപ്രവര്‍ത്തനം അടക്കമുള്ള കുറ്റകൃത്യങ്ങളാണ് ജോനാഥനെതിരേ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ വിദേശരാജ്യത്തെ 'പ്രതിനിധി'ക്ക് വിവരങ്ങള്‍ കൈമാറിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഏതു രാജ്യത്തേക്കാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറാന്‍ ശ്രമിച്ചത് എന്നു വെളിപ്പെടുത്തിയിട്ടില്ല.

42 വയസുകാരനായ ജോനാഥനെ ശനിയാഴ്ചയാണ് വിര്‍ജീനിയയില്‍ വച്ച് ഭാര്യക്കൊപ്പം അറസ്റ്റ് ചെയ്തത്. 2012-ലാണ് ഇയാള്‍ യു.എസ്. നാവിക സേനയില്‍ ജോലി ആരംഭിക്കുന്നത്. ന്യൂക്ലിയര്‍ പ്രൊപ്പല്‍ഷന്‍ പ്രോഗ്രാമിലേക്കു നിയോഗിച്ച ജോനാഥന് ആണവ അന്തര്‍വാഹിനികളുടെ ഡിസൈന്‍, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച നിയന്ത്രിത രേഖകളിലേക്കു പ്രവേശനമുണ്ടായിരുന്നു.

2020 ഏപ്രിലിലാണ് കുറ്റുകൃത്യത്തിന്റെ തുടക്കം. നാവിക രേഖകളുടെ ഒരു സാമ്പിള്‍ പാക്കേജ് ജൊനാഥന്‍ വിദേശ സര്‍ക്കാരിന് അയച്ചുകൊടുക്കുകയും വിര്‍ജീനിയ ക്ലാസ് ആക്രമണ അന്തര്‍വാഹിനിയുടെ പ്രവര്‍ത്തനം സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ വില്‍ക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് കത്തില്‍ അറിയിക്കുകയും ചെയ്തു.

അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും ചേര്‍ന്ന് അടുത്തിടെ രൂപീകരിച്ച ഓകസ് കരാര്‍ പ്രകാരം ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ ഓസ്ട്രേലിയയ്ക്കു കൈമാറുന്നതും ഈ രഹസ്യ സ്വഭാവമുള്ള രേഖകളാണ്.

പിറ്റ്‌സ്ബര്‍ഗ്, പെന്‍സില്‍വാനിയ എന്ന റിട്ടേണ്‍ വിലാസത്തിലാണ് വിദേശ രാജ്യത്തേക്ക് കത്ത് അയച്ചത്. യു.എസ് നാവികസേനയുടെ രഹസ്യ രേഖകളുടെ സാമ്പിള്‍ അടങ്ങുന്ന ഈ കത്ത് എഫ്.ബി.ഐ ഉദ്യോഗസ്ഥന് ലഭിച്ചതോടെയാണ് പദ്ധതിയുടെ ചുരുളഴിഞ്ഞത്. 2020 ഡിസംബറിലാണ് കത്ത് അയയ്ക്കുന്നത്.

മൂന്നാമതൊരാള്‍ക്ക് വായിക്കാനാവാത്ത വിധം എന്‍ക്രിപ്റ്റ് ചെയ്ത ആശയവിനിമയങ്ങള്‍ എങ്ങനെ രഹസ്യമായി നടത്തണമെന്നതു സംബന്ധിച്ച നിര്‍ദേശങ്ങളും ജൊനാഥന്റെ കത്തിലുണ്ട്. തുടര്‍ന്ന് വിദേശ രാജ്യത്തിന്റെ ചാരനായി ചമഞ്ഞ എഫ്.ബി.ഐ ഉദ്യോഗസ്ഥനാണ് ഇ-മെയില്‍ വഴി കത്തിടപാടുകള്‍ നടത്തിയത്. മാസങ്ങളോളം ജോനാഥന്‍ കത്തിടപാടുകള്‍ തുടര്‍ന്നു. ഡാറ്റ വിറ്റഴിക്കുന്നതിന് പകരമായി ക്രിപ്റ്റോകറന്‍സിയില്‍ വലിയ പ്രതിഫലം കൈമാറാമെന്ന ധാരണയിലെത്തി. ആദ്യഘട്ടത്തില്‍ 10,000 ഡോളറിന് തുല്യമായ ക്രിപ്റ്റോകറന്‍സി എഫ്.ബി.ഐ ടോബിക്ക് അയയ്ക്കുകയും ചെയ്തു.

ആഴ്ചകള്‍ക്ക് ശേഷം, മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം രഹസ്യ രേഖകള്‍ കൈമാറാന്‍ ടോബിയും ഡയാനയും വെസ്റ്റ് വിര്‍ജീനിയയിലെ ഒരു സ്ഥലത്ത് എത്തി. ഒരു മെമ്മറി കാര്‍ഡിലാണ് രഹസ്യരേഖകള്‍ സൂക്ഷിച്ചിരുന്നത്. ഇത് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് പീനട്ട് ബട്ടര്‍ സാന്‍ഡ്‌വിച്ചിനുള്ളിലാണ് വച്ചിരുന്നത്. മെമ്മറി കാര്‍ഡ് ചാരനായി ചമഞ്ഞ എഫ്.ബി.ഐ ഉദ്യോഗസ്ഥനു കൈമാറുകയും ചെയ്തു.

മേരിലാൻഡിലെ ജോനാഥന്റെയും ഡയാനയുടെയും വസതി

മെമ്മറി കാര്‍ഡിന്റെ ഉള്ളടക്കം നാവികസേനയിലെ വിദഗ്ധര്‍ക്കു പരിശോധിക്കാന്‍ നല്‍കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്. വിര്‍ജീനിയ ക്ലാസ് ആണവ അന്തര്‍വാഹിനികളുടെ ഡിസൈനും സവിശേഷതകളുമാണ് മെമ്മറി കാര്‍ഡില്‍ ഉണ്ടായിരുന്നത്.

അടുത്ത മാസങ്ങളിലും ഇത്തരത്തിലുള്ള ഓപ്പറേഷന്‍ എഫ്.ബി.ഐ തുടര്‍ന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ടോബിക്ക് 70,000 ഡോളര്‍ ക്രിപ്‌റ്റോകറന്‍സിയായി നല്‍കി. പകരമായി, ഇയാള്‍ ച്യൂയിംഗ് ഗം പാക്കറ്റിലും ബാന്‍ഡ് എയ്ഡ് പായ്ക്കറ്റിനുള്ളിലും ഒളിപ്പിച്ചാണ് മെമ്മറി കാര്‍ഡ് കൈമാറിയത്.

വെസ്റ്റ് വിര്‍ജീനിയയില്‍ വച്ച് ശനിയാഴ്ച മെമ്മറി കാര്‍ഡ് കൈമാറുന്നതിനിടെയാണ് ദമ്പതികളെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഇവരെ വിര്‍ജീനിയയിലെ മാര്‍ട്ടിന്‍സ്ബര്‍ഗ് കോടതിയില്‍ ഹാജരാക്കും.

ചൈന, റഷ്യ പോലുള്ള ശത്രു രാജ്യങ്ങള്‍ക്കല്ല, ആവശ്യപ്പെടാതെ തന്നെ അമേരിക്കയുടെ ഒരു സൗഹൃദ രാജ്യത്തിനു കൈമാറാനാണ് ശ്രമിച്ചതെന്നാണ് എഫ്.ബിഐയുടെ വിലയിരുത്തല്‍. ഏതു രാജ്യത്തിനാണെന്നതു സംബന്ധിച്ച് വെളിപ്പെടുത്തിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.