സിഡ്‌നി: ഓസ്ട്രേലിയന്‍ നഗരമായ സിഡ്‌നിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നാല് മാസത്തോളം നീണ്ട ലോക്ഡൗണ്‍ പിന്‍വലിച്ചു. കോവിഡ് വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്കാണ് തിങ്കളാഴ്ച്ച മുതല്‍ ഇളവുകള്‍ ലഭിച്ചത്. ഏറെ നാളുകള്‍ക്കു ശേഷം ലഭിച്ച സ്വാതന്ത്ര്യം ആഘോഷിക്കാന്‍ ജനം കൂട്ടത്തോടെ പുറത്തേക്കിറങ്ങി. അതേസമയം ദ്രുതഗതിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് ആരോഗ്യ മേഖലയ്ക്ക് വലിയ സമ്മര്‍ദമുണ്ടാക്കുമെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ആശങ്കകള്‍ക്കിടെയാണ് പുതിയ തീരുമാനം.
ലോക്ഡൗണ്‍ പിന്‍വലിച്ചതോടെ പൊതു സ്ഥലങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സ്വാതന്ത്ര്യ ദിനാശംസകള്‍ എന്ന ബോര്‍ഡുമായാണ് ചില കടക്കാര്‍ ഉപഭോക്താക്കളെ സ്വീകരിച്ചത്.
ഞായറാഴ്ച്ച അര്‍ധരാത്രിക്കുശേഷം തുറന്ന പബ്ബുകളിലും റസ്‌റ്റോറന്റുകളിലും കടകളിലും നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ചിലരാകട്ടെ ദീര്‍ഘനാളായി കാണാതിരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്ന തിരക്കിലായിരുന്നു. അതേസമയം, സ്വന്തം വീടിന്റെ ചുറ്റളവില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അപ്പുറത്തേക്കുള്ള ഗൃഹ സന്ദര്‍ശനങ്ങളും യാത്രയും അനുവദിച്ചിട്ടില്ല.
കഫേകള്‍, റസ്റ്റോറന്റുകള്‍, ജിമ്മുകള്‍, ലൈബ്രറികള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരെയാണ് പ്രവേശിപ്പിക്കുന്നത്. ഹെയര്‍ഡ്രസര്‍മാരുടെയും ബാര്‍ബര്‍മാരുടെയും സേവനം തേടി നിരവധി പേരാണ് എത്തിയത്.
ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ തുറന്നു പ്രവര്‍ത്തിച്ച റസ്‌റ്റോറന്റില്‍നിന്നുള്ള ദൃശ്യം.
വാക്സിനേഷന്‍ നിരക്ക് അടിസ്ഥാനമാക്കി കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയ ഓസ്ട്രേലിയയിലെ ആദ്യ പ്രദേശമാണ് ന്യൂ സൗത്ത് വെയില്‍സ്. സംസ്ഥാനത്ത് മുതിര്‍ന്ന ജനസംഖ്യയുടെ 70% പേര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിനെതുടര്‍ന്നാണ് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്‌നിയില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചത്.
16 വയസിനു മുകളില്‍ പ്രായമുള്ള 80 ശതമാനം പേര്‍ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കും. നിലവില്‍ 90 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് ലഭിച്ചു.
100 ദിവസം ലോക്ഡൗണ്‍ എന്നത് ബുദ്ധിമുട്ടേറിയ ഒന്നായിരുന്നെങ്കിലും സംസ്ഥാനത്തുടനീളം ജനത്തിന്റെ സഹകരണവും പ്രതിരോധ കുത്തിവയ്പ്പ് എത്രയും വേഗം സ്വീകരിക്കാനുള്ള മനോഭാവവുമാണ് ഈ സ്വാതന്ത്ര്യത്തെ പ്രാപ്തമാക്കിയതെന്ന് സംസ്ഥാന പ്രീമിയര്‍ ഡൊമിനിക് പെറോട്ടേറ്റ് പറഞ്ഞു. അതേസമയം കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചേക്കാമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. ആരോഗ്യസംവിധാനങ്ങള്‍ ഇതു മുന്‍കൂട്ടി കണ്ടുള്ള തയാറെടുപ്പിലാണ്. ആശുപത്രി കേസുകളും കൂടാനിടയുണ്ട്. എങ്കിലും കോവിഡിനൊപ്പം ജീവിക്കാന്‍ നാം പഠിക്കേണ്ടതുണ്ട്-അദ്ദേഹം പറഞ്ഞു.
ഡെല്‍റ്റ വ്യാപനത്തെതുടര്‍ന്നാണ് സിഡ്നിയില്‍ ജൂണ്‍ അവസാനത്തോടെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഇത് പിന്നീട് മെല്‍ബണിലേക്കും കാന്‍ബറയിലേക്കും അയല്‍രാജ്യമായ ന്യൂസിലാന്‍ഡിലേക്കു വരെ വ്യാപിക്കുകയും അവിടങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.