സൈനികതല ചര്‍ച്ച പരാജയം: യുദ്ധമുണ്ടായാല്‍ ഇന്ത്യ തോല്‍ക്കുമെന്ന പ്രകോപനവുമായി ചൈനീസ് പത്രം

സൈനികതല ചര്‍ച്ച പരാജയം: യുദ്ധമുണ്ടായാല്‍ ഇന്ത്യ തോല്‍ക്കുമെന്ന പ്രകോപനവുമായി ചൈനീസ് പത്രം

ബീജിങ്: പതിമൂന്നാമത് സൈനികതല ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പ്രകോപനപരമായ പ്രസ്താവനയുമായി ചൈനീസ് പത്രം. ഇന്ത്യ-ചൈന യുദ്ധം ഉണ്ടാകുന്ന സാഹചര്യം ഉണ്ടായാൽ ഇന്ത്യ തോൽക്കുമെന്നാണ് ചൈനയുടെ പ്രസ്താവന. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ​ഗ്ലോബൽ ടൈംസിലാണ് വിവാദ പ്രസ്താവന.

ഇന്ത്യ-ചൈന പതിമൂന്നാം കമാൻഡർ തല ചർച്ച പരാജയമായിരുന്നു. ചുഷുൽ-മോൽഡോ അതിർത്തിയിൽ വച്ച് നടന്ന കമാൻഡർ തല ചർച്ച ഒമ്പത് മണിക്കൂർ നീണ്ടു. എന്നാൽ ചർച്ചയിൽ സമവായ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. കിഴക്കൻ ലഡാക്കിൽ നിന്ന് പിൻമാറാൻ ചൈന തയാറായില്ലെന്ന് ഇന്ത്യ അറിയിച്ചു.

ഞായറാഴ്ച പത്തരയ്ക്ക് തുടങ്ങിയ ചർച്ച വൈകിട്ട് ആറ് മണിയോടെയാണ് അവസാനിച്ചത്. ചർച്ചയിൽ പ്രശ്ന പരിഹാരത്തിനുള്ള ഒരു നിർദ്ദേശവും ചൈന മുന്നോട്ടു വച്ചില്ലെന്ന് കരസേന വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ ഇരു രാജ്യങ്ങൾക്കുമിടയിലെ നല്ല ബന്ധത്തിന് തർക്ക പരിഹാരം അനിവാര്യമാണെന്നാണ് ഇന്ത്യ അറിയിച്ചത്. ഇനിയും ചർച്ചകൾ തുടരാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. ഇതിനിടെയാണ് പ്രകോപനപരമായ പ്രസ്താവനകളുമായി ചൈന രം​ഗത്തെത്തുന്നത്.

ചൈനയുടെ ഏകപക്ഷീയമായ നിലപാടാണ് ഇപ്പോൾ നിയന്ത്രണരേഖയിലുള്ള പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഇന്ത്യൻ പക്ഷം ചൂണ്ടിക്കാണിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.