ജനീവ: സമൂഹത്തിലെ അതീവ ഗുരുതര രോഗം അനുഭവിക്കുന്നവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ലോകാരോഗ്യ സംഘടന. രോഗപ്രതിരോധത്തെക്കുറിച്ചുള്ള നയപരമായ തീരുമാനമെടുക്കുന്ന സ്ട്രാറ്റജിക് അഡ്വൈസറി ഗ്രൂപ്പ് ഓഫ് എക്സ്പെര്‍ട്ട്സിന്റെ(സെയ്ജ്) നാല് ദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചത്.
മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് രോഗബാധ കൂടുതല്‍ തീവ്രമാകുന്നവരാണ് ഇത്തരക്കാരെന്നും അവര്‍ക്ക് കൂടുതല്‍ പ്രതിരോധം നല്‍കുന്നതിന്റെ ഭാഗമാണ് ബൂസ്റ്റര്‍ ഡോസ് നിര്‍ദേശിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു. സിനോവാക്, സിനോഫാം വാക്സിന്‍ എടുത്തവരില്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും മൂന്നാം ഡോസ് നല്‍കണം. വാക്സിന്‍ ലഭ്യതക്കനുസരിച്ച് മറ്റ് വാക്സിന്‍ എടുത്തവര്‍ക്കും മൂന്നാം ഡോസ് നല്‍കണം. 
അതേസമയം മൂന്നാം ഡോസ് നല്‍കുന്നതോടൊപ്പം എല്ലാവര്‍ക്കും രണ്ടാം ഡോസ് നല്‍കുന്നതില്‍ വീഴ്ചവരുത്താനും പാടില്ല. ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. അതു സംബന്ധിച്ച നയപരമായ ശുപാര്‍ശ അടുത്തുതന്നെ പുറപ്പെടുവിക്കും. 
എല്ലായിടത്തും വാക്സിന്‍ ലഭ്യത ഉറപ്പുവരുത്താന്‍ രാജ്യങ്ങള്‍ ശ്രദ്ധിക്കണം. ഈ വര്‍ഷത്തോടെ 40 ശതമാനം പേര്‍ക്ക് വാക്സിന്‍ നല്‍കാനും 2022 പകുതിയോടെ അതിന്റെ അളവ് 70 ശതമാനമാക്കി മാറ്റാനുമാണ് ഉദ്ദേശിക്കുന്നത്. ആദ്യം പ്രായമായവര്‍, അടുത്തത് ആരോഗ്യപ്രവര്‍ത്തകര്‍, മൂന്നാമത് രോഗബാധിതര്‍ തുടര്‍ന്ന് പ്രായപൂര്‍ത്തിയായവര്‍ എന്നിങ്ങനെ ബഹു ഘട്ട പദ്ധതിയാണ് ലോകാരോഗ്യ സംഘടന ലക്ഷ്യം വയ്ക്കുന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.