ന്യൂഡല്‍ഹി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മിഷന്‍. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മൂന്നു സംസ്ഥാനങ്ങളിലായി ആറു നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കേരളത്തിലെ പല പ്രദേശങ്ങളിലും കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ അതി തീവ്ര മഴയാണ് പെയ്തതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തിട്ടുണ്ട്. കേരളം, ആന്‍ഡമാന്‍, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ തീവ്രമോ അതി തീവ്രമോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം അടുത്ത മൂന്നു ദിവസം കനത്ത മഴയ്ക്കും കാറ്റിനും കാരണമാവുമെന്നാണ് വിലയിരുത്തല്‍. അതേസമയം കേരളത്തില്‍ ഇത്തിക്കരയാറിൽ രൂക്ഷമായ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മിഷൻ മുന്നറിയിപ്പ് നൽകി. അപകട നിലയ്ക്കും മുകളിലാണ് ഇത്തിക്കരയാര്‍ ഒഴുകുന്നതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും ഏതാനും നദികളും കര കവിഞ്ഞ് ഒഴുകയാണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഇവിടെ വെള്ളപ്പൊക്ക മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ജല കമ്മിഷൻ നിർദ്ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.