സിഡ്നി: കുറഞ്ഞ നിരക്കിലുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ വാഗ്ദാനം ചെയ്ത് ഓസ്‌ട്രേലിയയില്‍ പുതിയ വിമാനക്കമ്പനി ആരംഭിക്കുന്നു. ബോണ്‍സ എന്ന ബജറ്റ് എയര്‍ലൈനാണ് അടുത്ത വര്‍ഷം ആദ്യം വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. മൂന്ന് ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ ഉപയോഗിച്ച് ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്താനാണ് ബോണ്‍സ പദ്ധതിയിടുന്നത്.
777 പാര്‍ട്‌ണേഴ്‌സ് എന്ന യുഎസ് ആസ്ഥാനമായുള്ള ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനത്തിന്റെ പിന്തുണയോടെയാണ് ബോണ്‍സ പ്രവര്‍ത്തിക്കുന്നത്. ആഭ്യന്തര വിമാന വിപണിയില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ക്വാണ്ടസ്, ജെറ്റ്സ്റ്റാര്‍, വിര്‍ജിന്‍, റെക്‌സ് എന്നീ വമ്പന്‍ എയര്‍ലൈനുകളുമായാണ് ബോണ്‍സ മത്സരിക്കാനൊരുങ്ങുന്നത്.
ബോയിംഗ് 737-8 വിമാനങ്ങളുമായി അടുത്ത വര്‍ഷം ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ബോണ്‍സ സ്ഥാപകനും സിഇഒയുമായ ടിം ജോര്‍ദാന്‍ അറിയിച്ചു. സിബു പസഫിക്, വിര്‍ജിന്‍ ബ്ലൂ എന്നീ കമ്പനികളില്‍ ഉള്‍പ്പെടെ 25 വര്‍ഷമായി ബജറ്റ് എയര്‍ലൈനുകളില്‍ പ്രവര്‍ത്തിച്ചുപരിചയമുള്ളയാളാണ് ടിം ജോര്‍ദാന്‍. മധ്യേഷ്യയിലെ ആദ്യത്തെ ബജറ്റ് കാരിയറായ ഫ്‌ളൈ ആരിസ്താന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു അദ്ദേഹം അടുത്ത കാലം വരെ.
സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബന്‍ തുടങ്ങി ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരങ്ങളെ ഒഴിവാക്കി പ്രാദേശിക മേഖലകളിലേക്കു സര്‍വീസ് നടത്താനാണ് ബോണ്‍സ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമായും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു സര്‍വീസ് നടത്താനാണ് തീരുമാനം. ലോക്ഡൗണിനു ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.
അതേസമയം കമ്പനിയുടെ ഈ തീരുമാനം ഉചിതമല്ലെന്നും എയര്‍ലൈന് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നും വ്യോമയാന മേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ലോകത്തിലെ ഏറ്റവും മികച്ച 15 ആഭ്യന്തര വ്യോമയാന വിപണികളില്‍, കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍ ഇല്ലാത്തത് ഓസ്‌ട്രേലിയയ്ക്കു മാത്രമാണ്.
2020-ല്‍ വിര്‍ജിന്റെ ഉപസ്ഥാപനമായ ടൈഗര്‍ എയര്‍ ഓസ്ട്രേലിയ പ്രവര്‍ത്തനം നിര്‍ത്തിയത് ബജറ്റ് വിമാന സര്‍വീസ് മേഖലയില്‍ വലിയ തിരിച്ചടിയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.