ഡെന്‍വര്‍: മനുഷ്യര്‍ അലക്ഷ്യമായി വലിച്ചെറിയുന്ന വസ്തുക്കള്‍ മൃഗങ്ങളുടെ ജീവനു ഭീഷണിയാകുന്നത് നിത്യസംഭവമാണ്. പക്ഷികള്‍ മുതല്‍ തിമിംഗലങ്ങളുടെ ജീവന്‍ വരെ നഷ്ടമാകാന്‍ ഇത്തരം വസ്തുക്കള്‍ കാരണമാകാറുണ്ട്. ഇപ്പോള്‍ അമേരിക്കയില്‍നിന്ന് ഒരു ആശ്വാസ വാര്‍ത്തയാണു വരുന്നത്. രണ്ട് വര്‍ഷമായി കഴുത്തില്‍ കുരുങ്ങിക്കിടക്കുന്ന ടയറുമായി കാട്ടിലൂടെ അലഞ്ഞ മാനിന് ഒടുവില്‍ മോചനം ലഭിച്ചു. യുഎസിലെ കൊളറാഡോയിലെ വന്യജീവി സംരക്ഷണ പ്രവര്‍ത്തകരാണ് എല്‍ക് വിഭാഗത്തില്‍ പെട്ട മാനിന്റെ ജീവന്‍ രക്ഷപ്പെടുത്തിയത്.
2019-ല്‍ ഇവാന്‍സ് പര്‍വത പ്രദേശത്തുള്ള ബിഗ് ഹോണ്‍ ഷീപ്പുകളുടെയും ആടുകളുടെയും എണ്ണമെടുക്കുന്നതിനിടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കഴുത്തില്‍ ടയര്‍ കുടുങ്ങിയ നിലയില്‍ മാനിനെ കണ്ടത്. എന്നാല്‍ ജനവാസ മേഖലയില്‍നിന്നും മനുഷ്യരില്‍നിന്നും അകന്ന് ജീവിക്കുന്ന ഇവയ്ക്കടുത്തേക്ക് എത്തുക പ്രയാസമായിരുന്നു. അതുകൊണ്ടുതന്നെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ മാനിനെ കണ്ടെത്താനും അതിനെ സമീപിക്കാനും വനപാലകര്‍ക്ക് ഏറെ ശ്രമിക്കേണ്ടി വന്നു. 
മാനിനെ രക്ഷിക്കാനുള്ള ശ്രമം നാലാം തവണയാണ് വിജയിക്കുന്നത്. മുന്‍പ് ശ്രമിച്ചപ്പോഴൊക്കെ മാന്‍ ഓടിമറയുകയായിരുന്നു.
 
 
കാമറകള്‍ ഉള്‍പ്പടെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇതിനെ നിരീക്ഷിച്ചുവരികയായിരുന്നു. ശനിയാഴ്ച ഡെന്‍വറിലെ പൈന്‍ ജങ്ഷനു സമീപം കണ്ടെത്തിയ മാനിനെ മയക്കുവെടി വച്ചതിനു ശേഷമാണ് അതിന്റെ കഴുത്തില്‍ കുടുങ്ങിയ ടയര്‍ നീക്കം ചെയ്തത്. കയര്‍ കെട്ടിയാണ് ഉദ്യോഗസ്ഥര്‍ ടയര്‍ എടുത്തു മാറ്റിയത്. മാനിന്റെ വലിയ കൊമ്പുകളുടെ ശിഖരം മുറിച്ച ശേഷമാണ് ടയര്‍ മാനിന്റെ കഴുത്തില്‍ നിന്നും ഊരിമാറ്റിയത്. ഇതിന്റെ വിഡിയോയും ഇവര്‍ പുറത്തു വിട്ടിട്ടുണ്ട്.
കഴുത്തിലെ ടയര്‍ ഭക്ഷണം കഴിക്കുന്നതിനും വെള്ളംകുടിക്കുന്നതിനും മാനിന് തടസമായിരുന്നില്ല. എന്നാല്‍ മരക്കൊമ്പുകള്‍ക്കിടയിലും വേലികളിലും കുടുങ്ങിപ്പോവാനിടയുണ്ടെന്ന് ആശങ്കയുണ്ടായിരുന്നു. 
നാല് വയസ് പ്രായമുള്ള മാനിന് ഏകദേശം 273 കിലോഗ്രാം ഭാരമുണ്ടായിരുന്നു. ടയറിനുള്ളില്‍ ചപ്പുചവറുകള്‍ നിറഞ്ഞിരിക്കുകയായിരുന്നു. ടയര്‍ കുടുങ്ങിയ ഭാഗത്തെ രോമം നഷ്ടപ്പെട്ടതും ചെറിയ മുറിവുണ്ടായതുമല്ലാതെ കാര്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.