ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അരുണാചൽ സന്ദർശനത്തെ വിമർശിച്ച ചൈനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. സംസ്ഥാനം രാജ്യത്തെ "അവിഭാജ്യവും ഒഴിച്ചുകൂടാനാവാത്തതുമായ" ഭാഗമാണെന്ന് ഇന്ത്യ പ്രതികരിച്ചു.
അതിർത്തി വിഷയത്തിൽ എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താൻ ചൈന തയ്യാറകണമെന്നും ഇന്ത്യ വ്യക്തമാക്കി. അതിർത്തി പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അരുണാൽ പ്രദേശ് സന്ദർശിച്ചത് ശരിയായില്ല എന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയാൻ പറഞ്ഞത്.
എന്നാൽ, രാജ്യത്തിനകത്തുള്ള സംസ്ഥാനത്ത് ഇന്ത്യൻ നേതാവിന്റെ സന്ദർശനത്തെ ചൈന എതിർക്കുന്നതിന്റെ കാരണം ജനങ്ങൾക്ക് മനസ്സിലാകുന്നില്ലെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഇന്ത്യയ്ക്കെതിരെ ചൈനയുടെ ഔദ്യോഗിക വക്താവിന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പരാമർശങ്ങളെ രാജ്യം ശക്തമായി എതിർക്കുന്നു. അരുണാചൽപ്രദേശ് മുഴുവനും ഇന്ത്യയുടെ ഭാഗമാണ്. അത് അന്യരുടെ അധീനതയിൽ പെടുത്താൻ സാധിക്കില്ല. രാജ്യത്തിനകത്തുള്ള മറ്റുള്ള എല്ലാ സംസ്ഥാനങ്ങളിലേക്കും പോകുന്നത് പോലെയാണ് അരുണാചൽപ്രദേശിലേക്കും ഉപരാഷ്ട്രപതി പോകുന്നത്. ഇതിനെ ചൈന എതിർക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ബാഗ്ചി പറഞ്ഞു.
ഒക്ടോബർ ഒമ്പതിനാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനുവേണ്ടി ഉപരാഷ്ട്രപതി അരുണാചൽപ്രദേശിലെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.