അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ബിഎസ്എഫിന് കൂടുതല്‍ അധികാരം; സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന തീരുമാനമെന്ന് വിമര്‍ശനം

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ബിഎസ്എഫിന് കൂടുതല്‍ അധികാരം; സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന തീരുമാനമെന്ന് വിമര്‍ശനം

ന്യുഡല്‍ഹി: അന്താരാഷ്ട്ര അതിര്‍ത്തി പങ്കിടുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന് കൂടുതല്‍ അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പശ്ചിമ ബംഗാള്‍, പഞ്ചാബ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.

അതിര്‍ത്തിയുടെ 50 കിലോമീറ്ററിനുള്ളിലെ പരിധിയില്‍ തിരച്ചില്‍, കസ്റ്റഡി, അറസ്റ്റ് എന്നിവക്കാണ് ബിഎസ്എഫിന് അധികാരം നല്‍കിയത്. നേരത്തെ ഇത് 15 കിലോമീറ്ററായിരുന്നു.

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ബിഎസ്എഫിന് അധികാരം വര്‍ധിപ്പിച്ച് നല്‍കിയതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്ന് പഞ്ചാബ് മുഖ്യമന്ത്രി വിമര്‍ശിച്ചു.

കേന്ദ്ര സര്‍ക്കാറിന്റെ ഏകപക്ഷീയമായ തീരുമാനത്തെ ശക്തമായി അപലപിക്കുന്നു. 50 കിലോമീറ്ററിനുള്ളില്‍ ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്‍കുന്നത് ഫെഡറലിസത്തിനെതിരെയുള്ള ആക്രമണമാണ്. തീരുമാനം പിന്‍വലിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെടുകയാണ് ചരണ്‍ജിത് സിങ് ചന്നി ട്വീറ്ററിലൂടെ വ്യക്തമാക്കി.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് പത്ത് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. രാഷ്ട്രീയമായി ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തീരുമാനമാണിത്. അതിര്‍ത്തി സംരക്ഷണവും നുഴഞ്ഞുകയറ്റവും തടയുകയാണ് ബിഎസ്എഫിന്റെ പ്രധാന ചുമതല.

അതേസമയം, പുതിയ തീരുമാനം ഗുണകരമാണെന്നാണ് ബിഎസ്എഫ് വിലയിരുത്തല്‍. എന്തെങ്കിലും ഇന്റലിജന്റ്സ് വിവരം ലഭിച്ചാല്‍ ഇനി ലോക്കല്‍ പൊലീസിന്റെ അനുമതിക്കായി കാത്തിരിക്കേണ്ടതില്ലെന്നും ഉടന്‍ പ്രവര്‍ത്തിക്കാമെന്നും സീനിയര്‍ ബിഎസ്എഫ് ഓഫിസര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.