കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഒരു പ്രതിയെക്കൂടി മാപ്പു സാക്ഷിയാക്കാന്‍ എന്‍ഐഎയുടെ നീക്കം. ദുബായില്‍ നിന്നെത്തിച്ച് അറസ്റ്റ് ചെയ്ത തിരുവമ്പാടി സ്വദേശി മുഹമ്മദ് മന്‍സൂറിനെയാണ് മാപ്പു സാക്ഷിയാക്കുക. ഇതിനുള്ള അപേക്ഷ കൊച്ചി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. ശനിയാഴ്ച കൊച്ചി എന്‍ഐഎ കോടതി വാദം കേള്‍ക്കും. സ്വര്‍ണ്ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ അടക്കം അഞ്ച് പേരെ നേരത്തെ എന്‍ഐഎ മാപ്പു സാക്ഷിയാക്കിയിരുന്നു.
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ വിദേശത്ത് നിന്നുള്ള സൂത്രധാരന്‍മാരില്‍ ഒരാളാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശി മുഹമ്മദ് മന്‍സൂര്‍ എന്ന മന്‍ജു. കേസിലെ മുപ്പത്തിയഞ്ചാം പ്രതിയായ മുഹമ്മദ് മന്‍സൂര്‍ ജൂണിലാണ് അറസ്റ്റിലാകുന്നത്.
ദുബായില്‍ നിന്ന് നാട്ടിലെത്തിയ ഇയാളെ വിമാനത്താവളത്തില്‍ വെച്ച് എന്‍ഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ വിദേശത്തെ ഇടപെടലുകളും നീക്കവും എങ്ങനെയായിരുന്നുവെന്നും ആരൊക്കെയാണ് കേരളത്തിലെ കണ്ണികളെന്നുമെല്ലമുള്ള വിവരങ്ങള്‍ മന്‍സൂറിന് വ്യക്തമായി അറിയാമെന്നാണ് എന്‍ഐഎ കണക്ക് കൂട്ടുന്നത്.
കേസിലെ പ്രധാന പ്രതികളിലൊരാളായ മുഹമ്മദ് ഷാഫിക്കൊപ്പം ഗൂഢാലോചനയിലും മന്‍സൂര്‍ പങ്കാളിയായിരുന്നു. മുഹമ്മദ് മന്‍സൂറിനെ മാപ്പ് സാക്ഷിയാക്കുന്നതിനുള്ള അപേക്ഷയില്‍ ശനിയാഴ്ച കൊച്ചിയിലെ എന്‍ഐഎ കോടതി വാദം കേള്‍ക്കും. നിലവില്‍ കോഫെപോസ തടവ് കഴിഞ്ഞ് ജയിലില്‍ നിന്നിറങ്ങിയ സന്ദീപ് നായരടക്കം അഞ്ച് പേര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ മാപ്പുസാക്ഷികളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.