ചിന്താമൃതം ; സക്കര്‍ അണ്ണന് പോയ 52,000 കോടിയും ടെക്കിയുടെ ഭാര്യയ്ക്ക് ലഭിച്ച അഞ്ച് മണിക്കൂറും

ചിന്താമൃതം ; സക്കര്‍ അണ്ണന് പോയ 52,000 കോടിയും ടെക്കിയുടെ ഭാര്യയ്ക്ക് ലഭിച്ച അഞ്ച് മണിക്കൂറും

ഒക്ടോബര്‍ നാലിന് സമൂഹ മാധ്യമങ്ങളിലെ താരങ്ങളായ ഫേസ്ബുക്കും വട്‌സാപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കി. ഏതാനും മണിക്കൂറുകള്‍ ലോകം നിശ്ചലമായ അവസ്ഥ. അഞ്ച് മണിക്കൂര്‍ പ്രവര്‍ത്തനം നിലച്ചതിന്റെ ഫലമായി 52,000 കോടി രൂപയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന് നഷ്ടമായത്. പ്രവര്‍ത്തനം നിലച്ചതിലൂടെ അസൗകര്യം നേരിട്ട ഉപയോക്താക്കളോട് സക്കര്‍ബര്‍ഗ് ഫേസ്ബുക്കിലൂടെ ക്ഷമ ചോദിച്ചു.

അദ്ദേഹത്തിന്റെ ക്ഷമാപണത്തിന് ഒരു സ്ത്രീ എഴുതിയ മറുപടി ശ്രദ്ധേയമായി. സര്‍, ഏതാനും മണിക്കൂറുകള്‍ പ്രവര്‍ത്തനം നിലച്ചതോടെ അങ്ങേയ്ക്കുണ്ടായ കോടികളുടെ നഷ്ടം ദൗര്‍ഭാഗ്യകരമായിപ്പോയി. പക്ഷേ എന്നെ സംബന്ധിച്ച് ആ അഞ്ച് മണിക്കൂറുകള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ലഭിച്ച അസുലഭ നിമിഷങ്ങളായിരുന്നു. അതിന് ഞാന്‍ താങ്കളോട് നന്ദി പറയുന്നു.

ആ ചെറുപ്പക്കാരി കാര്യങ്ങള്‍ വിശദീകരിച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ ഒരു ഐ.ടി എന്‍ജിനീയറെ വിവാഹം കഴിച്ചത്. ഓഫീസില്‍ നല്ല തിരക്കുള്ള അദ്ദേഹം വൈകിട്ട് വീട്ടില്‍ വന്നതിന് ശേഷമാണ് സാമൂഹ്യ മാധ്യമങ്ങള്‍ (സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ ) സന്ദര്‍ശിക്കുന്നത്.
ഏകദേശം നാലഞ്ച് മണിക്കൂറുകള്‍ അവിടെ ചിലവഴിച്ച് കിടക്കാന്‍ കയറുമ്പോഴേക്കും എനിക്ക് സംസാരിക്കാന്‍ പരമാവധി ഒരു 10 മിനിറ്റില്‍ കൂടുതല്‍ കിട്ടാറില്ല. രാത്രിയില്‍ കിടക്കുമ്പോഴും വെറ്റിലയില്‍ ചുണ്ണാമ്പ് തേക്കുന്നത് പോലെ മൊബൈല്‍ ഫോണിന്റെ ടച്ച് സ്‌ക്രീനില്‍ അദ്ദേഹം വിരലുകള്‍ ചലിപ്പിച്ച് കൊണ്ടിരിക്കും.

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും, വാട്‌സാപ്പുമൊക്കെ പണിമുടക്കിയ അന്ന് വീട്ടിലെത്തി മുഴുവന്‍ സമയവും അദ്ദേഹം എന്നോടൊപ്പം ചിലവഴിച്ചു. ചെടികള്‍ നനയ്ക്കാനും പാചകത്തില്‍ എന്നെ സഹായിക്കാനും തുണി അലക്കാനുമൊക്കെ അന്ന് അദ്ദേഹമെന്നെ സഹായിച്ചു. പതിവിന് വിരുദ്ധമായി മണിക്കൂറുകള്‍ എന്നോട് സംസാരിച്ചു. ഞാന്‍ അന്ന് ഏറെ സന്തോഷവതിയായിരുന്നു. ഇനി അങ്ങ് പറയു, അങ്ങയുടെ 52,000 കോടിക്കാണോ എന്റെ ഭര്‍ത്താവിനൊപ്പം ചിലവഴിക്കാന്‍ എനിക്ക് സാധിച്ച അഞ്ച് മണിക്കൂറുകള്‍ക്കാണോ കൂടുതല്‍ വില.

തമാശയായിട്ടെടുക്കണ്ട, ഇത് സംഭവിച്ചത് തന്നെയാ. പല വീടുകളിലും സംഭവിക്കുന്നതുമാണ്. പലപ്പോഴും ഭാര്യയ്ക്കും ഭര്‍ത്താവിനും മനസ്സ് തുറന്ന് സംസാരിക്കാന്‍ സമയം കിട്ടാറില്ല. എല്ലാവരും അവരവരുടെ ലോകത്ത് വലിയ തിരക്കിലാണ്. ഉള്ളു തുറന്ന് അല്‍പസമയം സംസാരിക്കാന്‍ പലര്‍ക്കും സമയമില്ല.
അതിന് തടസം നില്‍ക്കുന്ന സാമൂഹ്യ മാധ്യമങ്ങള്‍, മുഖ്യധാരാ മാധ്യമങ്ങള്‍, സീരിയലുകള്‍, സിനിമകള്‍, ജോലിത്തിരക്ക്... ഇവയ്‌ക്കൊക്കെ നമ്മള്‍ വലിയ വില നല്‍കേണ്ടി വരും. എല്ലാ കാര്യങ്ങള്‍ക്കും സമയം കണ്ടെത്തുക, ഉള്ള സമയം വളരെ പ്രയോജനപ്രദമായി ഉപയോഗിക്കുക അതാണ് ഏറ്റവും കരണീയം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.