നോര്‍വേയില്‍ അഞ്ചുപേരെ അമ്പെയ്തു കൊലപ്പെടുത്തിയ സംഭവം ഭീകരാക്രമണമെന്ന് പോലീസ്

നോര്‍വേയില്‍ അഞ്ചുപേരെ അമ്പെയ്തു കൊലപ്പെടുത്തിയ സംഭവം ഭീകരാക്രമണമെന്ന് പോലീസ്

ഓസ്ലോ: നോര്‍വേയില്‍ അഞ്ചുപേരെ അമ്പെയ്തു കൊലപ്പെടുത്തിയ സംഭവം ഭീകരാക്രമണമെന്ന് ആഭ്യന്തര സുരക്ഷാ ഏജന്‍സികളുടെ വെളിപ്പെടുത്തല്‍. ഇസ്ലാമിലേക്കു മതം മാറിയ ഡാനിഷ് പൗരനായ എസ്‌പെന്‍ ആന്‍ഡേഴ്‌സണ്‍ ബ്രതന്‍ എന്ന യുവാവാണ് തീവ്രവാദി ആക്രമണത്തിനു പിന്നില്‍. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ മറ്റു വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 37 വയസുകാരനായ അക്രമി മുന്‍പും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇയാളെ മാനസികാരോഗ്യ പരിശോധനയ്ക്കു വിധേയനാക്കും.

ബുധനാഴ്ച്ച പ്രാദേശിക സമയം വൈകിട്ട് 6.15-ന് കോംഗ്സ്‌ബെര്‍ഗ് പട്ടണത്തില്‍ നടന്ന സംഭവത്തില്‍ അമ്പ് തറച്ച് അഞ്ചു പേര്‍ മരിക്കുകയും രണ്ടു പേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു കയ്യില്‍ വില്ലും ചുമലില്‍ തൂക്കിയിട്ട ആവനാഴിയില്‍ നിറയെ അമ്പുമായി നഗരത്തിലൂടെ നടന്ന് പ്രതി അമ്പെയ്യുകയായിരുന്നു. പരുക്കേറ്റവരില്‍ ഒരാള്‍ പോലീസ് ഉദ്യോഗസ്ഥനാണ്. 50 നും 70 നും ഇടയില്‍ പ്രായമുള്ള നാലു സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്.

ഇരുപതു മിനിറ്റ് നേരത്തെ ഏറ്റുമുട്ടലിനൊടുവിലാണ് അക്രമിയെ പോലീസ് കീഴടക്കിയത്. കൂടുതല്‍ അന്വേഷണത്തിനു ശേഷം മാത്രമേ ആക്രമണത്തിനു പിന്നിലെ പ്രതിയുടെ ഉദ്ദേശം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.

നോര്‍വേയിലെ പോലീസ് സേന സാധാരണയായി ആയുധങ്ങളില്ലാതെയാണ് സഞ്ചരിക്കാറ്. എന്നാല്‍ രാജ്യത്തെ നടുക്കിയ ആക്രമണത്തിന് ശേഷം തോക്കുകള്‍ കൈവശം വയ്ക്കാന്‍ പോലീസിന് അനുമതി നല്‍കി.

28,000 പേര്‍ മാത്രം താമസിക്കുന്ന തെക്കുകിഴക്കന്‍ നോര്‍വേയിലെ പട്ടണമാണ് കോംഗ്സ്‌ബെര്‍ഗ്. നോര്‍വേയുടെ ചരിത്രത്തില്‍ 2011ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് പോലീസ് പറഞ്ഞു. 2011ല്‍ ആന്‍ഡ്രേസ് ബെഹ്റിംഗ് എന്നയാള്‍ 77 പേരെ കൊന്നൊടുക്കിയ സംഭവമാണ് ഇതുവരെ നടന്ന ഏറ്റവും വലിയ കൂട്ടക്കൊല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.