പെര്‍ത്ത്: ഓസ്‌ട്രേലിയയുടെ വടക്കന്‍ തീരപ്രദേശങ്ങളില്‍ അനധികൃത മത്സ്യബന്ധനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജൂലൈ മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ അനധികൃത മത്സ്യബന്ധനം നടത്തിയ 101 ഇന്തോനേഷ്യന്‍ ബോട്ടുകളാണ് പിടികൂടിയതെന്ന് ഓസ്ട്രേലിയന്‍ ഫിഷറീസ് മാനേജ്മെന്റ് അതോറിറ്റി (എ.എഫ്.എം.എ) വ്യക്തമാക്കുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 85 ബോട്ടുകളാണ് എത്തിയത്.
ബ്രൂം തീരത്തുനിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള റൗലി ഷോള്‍സ് മറൈന്‍ പാര്‍ക്ക് മേഖലയിലാണ് ഇന്തോനേഷ്യന്‍ ബോട്ടുകള്‍ അനധികൃതമായി മത്സ്യബന്ധനം നടത്തുന്നത്. ഇത് പ്രാദേശിക മത്സ്യത്തൊഴിലാളികളില്‍നിന്നു വലിയ തോതിലുള്ള എതിര്‍പ്പിനും പരിസ്ഥിതി നാശത്തിനും കാരണമാകുന്നുണ്ട്. അപൂര്‍വമായ മത്സ്യ ഇനങ്ങളും ലോകത്തിലെ ഏറ്റവും മനോഹരമായ പവിഴപ്പുറ്റുകളും ഈ മേഖലയിലുണ്ട്. ഇതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.
റൗലി ഷോള്‍സ് മറൈന്‍ പാര്‍ക്ക് മേഖലയില്‍ മത്സ്യബന്ധനം നടത്തുന്ന ഇന്തോനേഷ്യന്‍ ബോട്ട്.
അതേസമയം, കോവിഡ് സുരക്ഷാ നിയന്ത്രണങ്ങള്‍ മൂലം അനധികൃത ബോട്ടുകളിലെ മത്സ്യത്തൊഴിലാളികള്‍ക്കെതിരേ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. ബോട്ടുകള്‍ തടഞ്ഞുവയ്ക്കാതെ ഓസ്‌ട്രേലിയയുടെ സമുദ്ര മേഖലയില്‍നിന്ന് പുറത്താക്കുന്ന നടപടി മാത്രമാണ് സ്വീകരിക്കുന്നത്.
നിരവധി ഘടകങ്ങള്‍ അനധികൃത മത്സ്യബന്ധനത്തിനു കാരണമാകുന്നതായി എ.എഫ്.എം.എ ജനറല്‍ മാനേജര്‍ പീറ്റര്‍ വെന്‍സ്ലോവാസ് പറഞ്ഞു. സരോജ ചുഴലിക്കാറ്റ് ഇന്തോനേഷ്യയിലെ സാമ്പത്തിക മേഖലയിലുണ്ടാക്കിയ വന്‍ ആഘാതവും ആ നഷ്ടം നികത്താനുള്ള ധനസമ്പാദനത്തിനുമാണ് തൊഴിലാളികള്‍ ഈ ഭാഗത്തേക്കു വരുന്നത്. മറ്റ് ഘടകങ്ങളുമുണ്ട്. കോവിഡ് മൂലം ജോലി ചെയ്തിരുന്ന പ്രദേശങ്ങളില്‍ നിന്ന് ദൂരേക്കു മാറേണ്ട അവസ്ഥയുമുണ്ടായി.
ഇന്തോനേഷ്യന്‍ മാര്‍ക്കറ്റുകളില്‍ കിലോഗ്രാമിന് 15 മുതല്‍ 30 വരെ ലഭിക്കുന്ന ട്രെപാങ് എന്നറിയപ്പെടുന്ന കടല്‍ വെള്ളരിയാണ് അനധികൃത മത്സ്യത്തൊഴിലാളികളുടെ ലക്ഷ്യം.
ഓസ്ട്രേലിയയിലെ സമുദ്രമേഖലയില്‍ പ്രത്യേകിച്ച് റൗലി ഷോള്‍സ് പോലുള്ള സംരക്ഷിത പ്രദേശങ്ങളില്‍, മികച്ച രീതിയില്‍ പരിപാലിക്കപ്പെടുന്ന മത്സ്യസമ്പത്ത് ഇവരുടെ കടന്നുകയറ്റം മൂലം അപകട ഭീഷണിയിലാണ്.
നേരത്തെ മത്സ്യത്തൊഴിലാളികളെ ഓസ്ട്രേലിയയില്‍ തടഞ്ഞു വച്ചിരുന്നെങ്കില്‍ കോവിഡ് മൂലം അതിനു സാധ്യമല്ലാത്ത അവസ്ഥയാണ്. നിലവിലെ സാഹചര്യത്തില്‍ വിദേശ പൗരന്മാരെ കസ്റ്റഡിയിലെടുക്കുന്നതില്‍ ആരോഗ്യ സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഓസ്‌ട്രേലിയന്‍ മേഖലയില്‍നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നതെന്നും പീറ്റര്‍ വെന്‍സ്ലോവാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, റൗളി ഷോള്‍സിലെ അനധികൃത മത്സ്യത്തൊഴിലാളികളുടെ കടന്നുകയറ്റത്തോടുള്ള സര്‍ക്കാരിന്റെ തണുപ്പന്‍ പ്രതികരണത്തില്‍ പ്രാദേശിക ടൂര്‍ ഓപ്പറേറ്റര്‍മാരും മത്സ്യത്തൊഴിലാളികളും കടുത്ത അമര്‍ഷത്തിലാണ്. ഇതേതുടര്‍ന്ന് റൗലി ഷോള്‍സ് മറൈന്‍ പാര്‍ക്കിലും മറ്റ് നിര്‍ണായക മേഖലകളിലും അനധികൃത മത്സ്യബന്ധനം കണ്ടെത്താനും തടയാനും നിരീക്ഷണ ഫ്‌ളൈറ്റുകളും പട്രോള്‍ ബോട്ടുകളും വിന്യസിച്ചിട്ടുണ്ട്.
ബോട്ടുകള്‍ ഇന്തോനേഷ്യന്‍ തുറമുഖം വിടുന്നത് തടയാന്‍ അവിടുത്തെ പ്രാദേശിക അധികാരികളുമായുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പും ഓസ്‌ട്രേലിയന്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.