കല്‍ക്കരി ക്ഷാമം രൂക്ഷം; ഒക്ടോബര്‍ അവസാനം വരെ വൈദ്യുതി പ്രതിസന്ധി

കല്‍ക്കരി ക്ഷാമം രൂക്ഷം; ഒക്ടോബര്‍ അവസാനം  വരെ വൈദ്യുതി പ്രതിസന്ധി

തിരുവനന്തപുരം: കൽക്കരി ക്ഷാമത്തെത്തുടർന്ന് രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. ഒക്ടോബർ അവസാനം വരെ വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

അതേസമയം കേരളത്തിന്റെ വൈദ്യുതി വിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 12ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി കേന്ദ്ര ഊര്‍ജമന്ത്രി ആര്‍.കെ സിങ്ങിന് കത്തയച്ചിരുന്നു.  ഇതിന് പിന്നാലെ ജലവൈദ്യുതി നിലയങ്ങള്‍ പരമാവധി പ്രവര്‍ത്തിപ്പിക്കണമെന്ന് കാണിച്ച് കേന്ദ്ര ഊര്‍ജ മന്ത്രാലയ സെക്രട്ടറി സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു.

സംസ്ഥാനം കടുത്ത വൈദ്യുതി ക്ഷാമത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് രാത്രി എട്ടു മുതല്‍ രാവിലെ ആറു വരെ ജലവൈദ്യുതി നിലയങ്ങള്‍, പ്രത്യേകിച്ച് ഇടുക്കി നിലയം പരമാവധി പ്രവര്‍ത്തിപ്പിച്ച് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കത്തയച്ചത്. ഊര്‍ജ സെക്രട്ടറി അലോക് കുമാറാണ് ചീഫ് സെക്രട്ടറി വി.പി ജോയിക്ക് കത്തയച്ചത്.

ജലവൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണി തല്‍ക്കാലം മാറ്റിവയ്ക്കണമെന്നും ഒക്ടോബർ 31 വരെ വൈദ്യുതി ക്ഷാമം തുടരുമെന്നും കത്തില്‍ പറയുന്നു. 

കല്‍ക്കരി ക്ഷാമം കാരണം കേന്ദ്രവിഹിതത്തില്‍ വന്‍ കുറവാണ് അനുഭവപ്പെടുന്നത്. 27 താപവൈദ്യുതി നിലയങ്ങളില്‍നിന്ന് കേരളം വൈദ്യുതി വാങ്ങുന്നു. ഇതില്‍ നാലിടത്താണ് കടുത്ത പ്രതിസന്ധി. ഈ നാലു നിലയങ്ങളില്‍നിന്ന് പ്രതിദിനം കേരളത്തില്‍ കിട്ടേണ്ടത് 286.09 മെഗാവാട്ട് വൈദ്യുതിയാണ്.

എന്നാല്‍ ഇപ്പോള്‍ 155.96 മെഗാവാട്ട് വൈദ്യുതി മാത്രമേ ലഭിക്കുന്നുള്ളൂവെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. താപവൈദ്യുതി നിലയങ്ങളിലെ അറ്റകുറ്റപ്പണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്രം തന്നെ നിസഹായാവസ്ഥ പ്രകടിപ്പിച്ച സ്ഥിതിക്ക് വൈദ്യുതി ക്ഷാമം തുടരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.