വി. സില്‍വസ്റ്റര്‍ മാര്‍പ്പാപ്പ(കേപ്പാമാരിലൂടെ ഭാഗം -34)

വി. സില്‍വസ്റ്റര്‍ മാര്‍പ്പാപ്പ(കേപ്പാമാരിലൂടെ ഭാഗം -34)

മിലാന്‍ വിളംബരം വഴി പുത്തനുണര്‍വും പുതുജീവനും ലഭിച്ച തിരുസഭയെ നയിക്കുവാനായി മില്‍റ്റിയാഡെസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയും തിരുസഭയുടെ മുപ്പത്തിമൂന്നാമത്തെ മാര്‍പ്പാപ്പയുമായി വി. സില്‍വസ്റ്റര്‍ മാര്‍പ്പാപ്പ ഏ.ഡി. 314 ജനുവരി 31-ാം തീയതി സ്ഥാനാരോഹണം ചെയ്തു. കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്തോളം തന്നെയായിരുന്നു സില്‍വസ്റ്റര്‍ മാര്‍പ്പാപ്പയുടെയും ഭരണകാലം. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഭരണകാലമായിരുന്നെങ്കിലും വളരെ കുറച്ചു വിവരങ്ങള്‍ മാത്രമേ അദ്ദേഹത്തിന്റെ ഭരണകാലത്തേക്കുറിച്ച് ലഭ്യമായിട്ടുള്ളു.

മിലാന്‍ വിളംബരം വഴിയായി സ്വാതന്ത്ര്യം ലഭിച്ച സഭയില്‍ സഭാതലവനായ മാര്‍പ്പാപ്പയ്ക്ക് പൂര്‍ണ്ണാധികാരം ലഭിച്ചുവെന്ന് കരുതിയിരുന്നുവെങ്കിലും കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി റോമന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയെന്ന നിലയില്‍ മാര്‍പ്പാപ്പയുടെ അധികാര പരിധിയില്‍ ഇടപെടുകയും ചില പേപ്പല്‍ അധികാരങ്ങള്‍ തന്റെ അധികാരത്തിന്‍ കീഴില്‍ കൊണ്ടുവരികയും ചെയ്തു. മാര്‍പ്പാപ്പയെന്ന നിലയില്‍ അദ്ദേഹം സഭയ്ക്കു നല്‍കിയ സംഭാവനകളെക്കാളധികമായി അദ്ദേഹത്തിന്റെ ഭരണകാലത്ത് സഭയില്‍ നടന്ന സംഭവവികാസങ്ങളാണ് സഭാചരിത്രത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നത്. സഭയുടെ ഭരണകാര്യങ്ങളിലും അധികരാങ്ങളിലുമുള്ള തന്റെ സ്വാധീനം വഴിയായി കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിക്ക് സഭയുടെ ഭൗതിക കാര്യങ്ങളുടെ ചുമതലയുള്ള മെത്രാന്‍ എന്ന നാമം നല്‍കപ്പെട്ടു.

കാര്‍ത്തേജിലെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട കാസെലിയന്‍ മെത്രാന്റെ മെത്രാഭിഷേകം അസാധുവാണെന്ന് വാദിച്ചിരുന്ന ഡൊണാറ്റിസ്റ്റകള്‍ (ഡൊണാറ്റിസ്റ്റുകള്‍ ഡയക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെയും മറ്റും മതപീഡനകാലത്ത് വിശ്വാസത്യാഗം ചെയ്തവരുടെ സഭയിലേക്കുള്ള പുനഃപ്രവേശനത്തെ അംഗീകരിക്കാത്ത പാഷണ്ഡികളായിരുന്നു) കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയോട് വീണ്ടും പ്രശ്‌നപരിഹാരത്തിനായി നിവേദനം സമര്‍പ്പിച്ചതിനേ തുടര്‍ന്ന് ഏ.ഡി. 314 ആഗസ്റ്റില്‍ ആള്‍സ് എന്ന സ്ഥലത്ത് ഒരു കൗണ്‍സില്‍ വിളിച്ചുചേര്‍ത്തു. ഏകദേശം 130 മെത്രാന്മാര്‍ പങ്കെടുത്ത പ്രസ്തുത കൗണ്‍സിലിന്റെ അദ്ധ്യക്ഷസ്ഥാനത്തേക്ക് റോമിന്റെ മെത്രാനും തിരുസഭയുടെ തലവനുമായ സില്‍വസ്റ്റര്‍ മാര്‍പ്പാപ്പയെ നിശ്ചയിക്കാതെ ആള്‍സിന്റെ മെത്രാനായ മരീനൂസിനെ പ്രസ്തുത ഉത്തരവാദിത്വം ഏല്‍പ്പിച്ചു. സില്‍വസ്റ്റര്‍ മാര്‍പ്പാപ്പ പ്രസ്തുത കൗണ്‍സിലിലേക്ക് തന്റെ പ്രതിനിധികളായി രണ്ടു പുരോഹിതരും രണ്ടു ഡീക്കന്മാരുമടങ്ങുന്ന നാലംഗസംഘത്തെ അയച്ചു. കൗണ്‍സിലിന്റെ സമാപ്തിയില്‍ കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ പാശ്ചാത്യസഭയിലെ സില്‍വസ്റ്റര്‍ മാര്‍പ്പാപ്പയുടെ പ്രാമുഖ്യം അംഗീകരിച്ചുകൊണ്ട് ഒരു കത്തുവഴിയായി അദ്ദേഹത്തെ അറിയിക്കുകയും പ്രസ്തുത തീരുമാനങ്ങള്‍ മറ്റു സഭാസമൂഹങ്ങളിലും അറിയിക്കുവാനുമായി അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.

തിരുസഭയുടെ ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളാല്‍ എഴുതപ്പെട്ടിരിക്കുന്ന സഭയുടെ പ്രഥമ സാര്‍വത്രിക സുനഹദോസായ നിഖ്യാ സുനഹദോസ് സമ്മേളിച്ചതും സില്‍വസ്റ്റര്‍ മാര്‍പ്പാപ്പയുടെ ഭരണകാലത്താണ്. സഭയുടെ വിഭജനത്തിനും വിനാശത്തിനും തന്നെ കാരണമായേക്കാമായിരുന്ന ആര്യനിസം എന്ന പാഷണ്ഡത തെറ്റാണെന്നും യഥാര്‍ത്ഥ വിശ്വാസം എന്താണെന്ന് നിര്‍വചിക്കുന്നതിനുമായിരുന്നു പ്രസ്തുത സൂനഹദോസ് വിളിച്ചു ചേര്‍ത്തത്. അലക്‌സാണ്ട്രിയയില്‍ പുരോഹിതനായിരുന്ന ആരിയൂസ് എന്ന പുരോഹിതന്‍ ക്രിസ്തു ദൈവത്തിന് തുല്യനല്ലെന്നും മറിച്ച് സൃഷ്ടികളിലെ ആദ്യ സൃഷ്ടിയാണെന്നും ദൈവത്തിന്റെ സൃഷ്ടികളില്‍ വെച്ച് ഏറ്റവും ഉത്തമമായ സൃഷ്ടി ക്രിസ്തുവാണെന്നും പഠിപ്പിച്ചു. പ്രസ്തുത പഠനം ക്രിസ്തുവിന്റെ ദൈവികതയെതന്നെ ചോദ്യം ചെയ്യുകയും അവിടുത്തെ ദൈവമായി കാണുവാന്‍ ഒരു വിഭാഗം വിസമ്മതിക്കുകയും ചെയ്തു. ഇത് സഭയുടെ വിഭജനത്തിനുതന്നെ കാരണമാകുമെന്ന് കണ്ട കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി ഏ.ഡി. 325-ല്‍ നിഖ്യാ എന്ന സ്ഥലത്ത് സാര്‍വത്രിക സുനഹദോസ് വിളിച്ചു ചേര്‍ത്തു. പ്രസ്തുത സൂനഹദോസിലേക്ക് സില്‍വസ്റ്റര്‍ മാര്‍പ്പാപ്പയും ക്ഷണിക്കപ്പെടിരുന്നുവെങ്കിലും തന്റെ അനാരോഗ്യവും പ്രായാധിക്യവും ചൂണ്ടികാണിച്ചുകൊണ്ട് തന്റെ പ്രതിനിധികളായി രണ്ടു വൈദികരെ നിഖ്യായിലേക്ക് അയക്കുകയും ചെയ്തു. നിഖ്യാ സൂനഹദോസില്‍വെച്ച് ആര്യനിസത്തെ ഒരു പാഷണ്ഡതയായി പ്രഖ്യാപിക്കുകയും പ്രചാരകനായ ആരിയൂസിനെ കുറ്റക്കരനായി കണ്ടെത്തി സഭാഭ്രഷ്ടനാക്കുകയും ചെയ്തു. അതുപ്പോലെതന്നെ ക്രിസ്തുവിന്റെ മാനവികതയും ദൈവികതയും വിശ്വാസസത്യമായി പ്രഖ്യാപിക്കുകയും സത്തയില്‍ പിതാവായ ദൈവവുമായി ക്രിസ്തു ഒന്നാണ് (ഹോമോഊസിയോസ് Homoousios)എന്ന് പഠിപ്പിക്കുകയും ചെയ്തു.

സില്‍വസ്റ്റര്‍ മാര്‍പ്പാപ്പയുടെ ഭരണകാലം അത്രമാത്രം പ്രധാനമായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ഭരണകാലം റോമന്‍ സഭാസമൂഹത്തിന് വളര്‍ച്ചയുടെയും പ്രയോജനത്തിന്റെയും കാലമായിരുന്നു.കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ ഉദാരതമൂലം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയും ലാറ്ററന്‍ ബസിലിക്കയും മറ്റു പല ദേവാലയങ്ങളും നിര്‍മ്മിക്കപ്പെട്ടു.

ഐതീഹ്യമനുസരിച്ച് സില്‍വസ്റ്റര്‍ മാര്‍പ്പാപ്പയാണ് കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിക്ക് മാമ്മോദീസ നല്‍കിയത്. കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയെ കുഷ്ടരോഗത്തില്‍നിന്നും സുഖപ്പെടുത്തിയെന്നും അദ്ദേഹത്തെ മാനസാന്തരത്തിലേക്ക് നയിക്കുകയും മാമ്മോദീസ നല്‍കിയെന്നും ഐതീഹ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ചരിത്രരേഖകള്‍ നിക്കോമേദിയായിലെ മെത്രാനും ആര്യന്‍ പക്ഷക്കാരനുമായ യൗസേബിയൂസ് കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിക്ക് അദ്ദേഹത്തിന്റെ മരണത്തിന് തൊട്ടുമുമ്പായി മാമ്മോദീസ നല്‍കിയെന്ന് സാക്ഷ്യപ്പെടുത്തുന്നു. ചക്രവര്‍ത്തിയുടെ മാനസാന്തരത്തെുകുറിച്ചുള്ള ഐതീഹ്യമാണ് പാശ്ചാത്യ സാമ്രാജ്യത്തിന്റെമേലും സഭയ്ക്കുംമേലുള്ള മാര്‍പ്പാപ്പയുടെ പരമാധികാരത്തെ കാണിക്കുന്ന Donation of Constantine എന്നറിയപ്പെടുന്ന രേഖയുടെ ഉറവിടം.

സില്‍വസ്റ്റര്‍ മാര്‍പ്പാപ്പയുടെ ഭരണകാലഘട്ടം ഏകദേശം ഇരുപത്തിരണ്ടു വര്‍ഷത്തോളം നീണ്ടുനിന്നു. ഏ.ഡി. 335 ഡിസംബര്‍ 31-ാം തീയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

St. Sylvester became pope on January 31, 314. His pontificate virtually coincided with the entire reign of Constantine. Although it might seem as though the pope would now enjoy unprecedented power over the Church, when Constantine came on the scene as the new Christian emperor (although he was not baptized until he was on his death bed, which was the custom of the time), some of the papal power shifted to the emperor. It was in fact Constantine who called the Council of Arles. Sylvester was content to preside as pope and allow Constantine to take a leadership role in relation to the Church although not as a churchman. In fact, Constantine occasionally called himself the “bishop of external affairs”. Pope Sylvester sent four representatives to the Council of Arles. During Sylvester’s rule the Council of Nicaea was held in July of 325. Again, the pope did not preside over this council nor did he call for it which Constantine convened. Sylvester declined to attend on account of his old age and sent two presbyters in his place. Nicaea was the council that defined the divinity of the Son using the terminology homoousios, the term used by Bishop Dionysius about sixty years before the Council. This was a great theological victory for the Church against Arianism (Arius taught that the Son was the first born creature of the Father), but Arianism would not die so easily. Pope Sylvester died on December 31, 335, and his feast day is celebrated on December 31.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.