ചിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റ് ഡോ. എം അനിരുദ്ധന്‍ അന്തരിച്ചു. മൂന്ന് തവണ ഫൊക്കാന പ്രസിഡന്റ് ആയി സേവനമനുഷ്ടിച്ച അദേഹം ഫൊക്കാനയെ കേരളത്തില്‍ അവതരിപ്പിച്ചു. ' ഫൊക്കാന കേരള പ്രവേശം ' എന്ന പേരില്‍ 2001 ല്‍ ആദ്യമായി കേരളാ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചതും അദേഹമാണ്. 
നോര്‍ക്ക ഡയറക്റാര്‍ ബോര്‍ഡ് അംഗം, മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന എം അനിരുദ്ധന്‍ അമേരിക്കയിലെ അറിയപ്പെടുന്ന ബിസിനസുകാരന്‍ കൂടിയാണ്. ചിക്കാഗോ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുകൂടിയാണ് അദേഹം.
ഓച്ചിറ സ്വദേശിയായ അദേഹം കൊല്ലം എസ്.എന്‍ കോളജില്‍ നിന്നാണ് എം.എസ്.സി ചെയ്തത്. രസതന്ത്രത്തില്‍ ഗവേഷണത്തിനായാണ് 1973 ല്‍ അമേരിക്കയിലേക്ക് പോയത്. ടെക്‌സസിലെ എ. ആന്‍ഡ് എം. സര്‍വകലാശാലയില്‍ ആണവ രസതന്ത്രം (ന്യൂക്ലിയര്‍ കെമിസ്ട്രി) അധ്യാപകനായിരിക്കെ ന്യൂട്രീഷ്യന്‍ മേഖലയിലേക്ക് തിരിഞ്ഞു. പിന്നീട് ഈ വിഷയത്തിലും പിഎച്ച്.ഡി എടുത്തു. തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ പോഷകാഹാര ഉത്പാദകരായ സാന്‍ഡോസിന്റെ ഗവേഷണ വിഭാഗം തലവനായി 10 വര്‍ഷം തുടര്‍ന്നു. കുട്ടികള്‍ക്കായുള്ള പോഷകങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ഏറെ വര്‍ഷം ഗവേഷണം നടത്തി. പിന്നീട് സ്വന്തമായി വ്യവസായ ശൃംഖല വികസിപ്പിച്ചെടുക്കുത്തു. 
സാന്‍ഡോസിന് വേണ്ടി അമേരിക്കയിലെ ആദ്യത്തെ സ്പോര്‍ട്‌സ് ന്യൂട്രീഷ്യന്‍ ഉല്‍പന്നം ഐസോ സ്റ്റാര്‍ വികസിപ്പിച്ചെടുത്തത് അനിരുദ്ധന്‍ അടങ്ങുന്ന സംഘമായിരുന്നു. പോഷക ഗവേഷണ ഉല്‍പാദന രംഗത്തും പ്രവാസി ഇന്ത്യക്കാരുടെ സാമൂഹിക ക്ഷേമത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് അനിരുദ്ധന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 
1983 ല്‍ കെ.ആര്‍ നാരായണന്‍ അംബാസഡറായിരിക്കെ അദേഹത്തിന്റെ സഹായത്തോടെ വടക്കന്‍ അമേരിക്കയിലെ മലയാളി കൂട്ടായ്മയായ 'ഫൊക്കാന'യ്ക്ക് രൂപം നല്‍കിയത് ഡോ. അനിരുദ്ധനാണ്. രണ്ട് പതിറ്റാണ്ടോളം നേതൃനിരയില്‍ തുടര്‍ന്നു. 
ഫൊക്കാനയെ ലോകം അറിയുന്ന പ്രവാസി സംഗമവേദിയാക്കി മാറ്റി. നിരവധി ഭക്ഷ്യോല്‍പാദന കമ്പനികളുടെ കണ്‍സല്‍ട്ടന്റായിരുന്ന അദേഹം അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്.ഡി.എ) ഫുഡ് ലേബല്‍ റെഗുലേറ്ററി കമ്മിറ്റിയില്‍ അംഗമായിരുന്നു. യു.എസ്.എയിലെ നാഷണല്‍ ഫുഡ് പ്രൊസസേഴ്‌സ് അസോസിയേഷന്‍ മികച്ച ആര്‍. ആന്‍ഡ് ഡി. ശാസ്ത്രജ്ഞനുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 
പ്രവാസി ഭാരതീയ പുരസ്‌കാരം നല്‍കി കേന്ദ്ര സര്‍ക്കാരും അദേഹത്തെ ആദരിച്ചിട്ടുണ്ട്. ഡോ. അനിരുദ്ധന്റെ ആകസ്മികമായ വേര്‍പാടില്‍ ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോന്‍ ആന്റണി, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ , ട്രഷറര്‍ ജോയി ചാക്കപ്പന്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.