സിസ്റ്റര്‍ മേരി ബെനീഞ്ജയുടെ നാല്‍പതാം ചരമ വാര്‍ഷികം പിഒസിയില്‍ ആചരിച്ചു
കൊച്ചി: മഹാകവി സിസ്റ്റര്‍ മേരി ബെനീഞ്ജയുടെ (മേരി ജോണ്‍ തോട്ടം) നാല്‍പതാം ചരമ വാര്‍ഷികം ആചരിച്ചു. ഇതിന്റെ ഭാഗമായി പിഒസിയിലെ വാങ്മയത്തില്‍ 'സിസ്റ്റര്‍ മേരി ബെനീഞ്ജയുടെ കാവ്യലോകം' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള കൊളോക്കിയം സംഘടിപ്പിച്ചു
പരിപാടിയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു. ക്രിസ്തു പക്ഷത്തു നിന്ന് ലോകത്തെ നോക്കി കാണുക എന്നുള്ളത് കേവലം വര്‍ഗീയമോ മതപരമോ ആയ വീക്ഷണമല്ല, മറിച്ച് മനുഷ്യ ദര്‍ശനത്തിന്റെ ശരിയായ ഒരു കണ്ണാടി എന്ന നിലയിലാണ് ക്രിസ്തു ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ ജീവിതത്തെ പുനര്‍വായിക്കാന്‍ സിസ്റ്റര്‍ മേരി ബെനീഞ്ജ ശ്രമിച്ചതെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു.
എഴുത്തുകാരിയും നിരൂപകയുമായ ഡോ.രതി മേനോന്‍ കൊളോക്കിയം ഉദ്ഘാടനം ചെയ്തു. ഡോ. മാത്യു ഇലഞ്ഞി, പ്രൊഫ. വി.ജി. തമ്പി, ഡോ. സി. നോയേല്‍ റോസ് എന്നിവര്‍ സിസ്റ്റര്‍ മേരി ബെനീഞ്ജയുടെ കാവ്യ ലോകത്തെ വിശകലനം ചെയ്ത് സംസാരിച്ചു.
കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ സ്വാഗതവും മീഡിയ എക്‌സിക്യൂട്ടീവ് അംഗം ജൂലിയന്‍ നന്ദിയും പറഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ സാഹിത്യ ചര്‍ച്ചയില്‍പങ്കെടുത്തു.
കാല്‍പനിക കാലഘട്ടത്തിന്റെ ചാരുതകളെ കാവ്യ ഭാവങ്ങളിലിണക്കിച്ചേര്‍ത്ത് മലയാള കാവ്യലോകത്തിന് നല്‍കിയ എഴുത്തുകാരിയാണ് സിസ്റ്റര്‍ മേരി ബനീഞ്ജ എന്ന മേരി ജോണ്‍ തോട്ടം. മാര്‍ത്തോമാ വിജയം, ഗാന്ധി ജയന്തി എന്നിങ്ങനെ രണ്ട് മഹാകാവ്യങ്ങള്‍ എഴുതിയിട്ടുണ്ട്.
1901 ജൂണ്‍ 24 ന് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തിനടുത്ത് ഇലഞ്ഞി തോട്ടം കുടുംബത്തില്‍ ഉലഹന്നാന്റേയും മാന്നാനം പാട്ടശേരില്‍ മറിയാമ്മയുടേയും മകളായി ജനിച്ചു. 1922 ല്‍ കുറവിലങ്ങാട് കോണ്‍വെന്റ് മിഡില്‍ സ്‌കൂളില്‍ അധ്യാപികയായി.
1928 ജൂലൈ 16 ന് കര്‍മ്മലീത്ത സന്യാസിനി സഭയില്‍ അംഗമായി ചേരുകയും സിസ്റ്റര്‍ മേരി ബെനീഞ്ജ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 1950 ല്‍ ഇലഞ്ഞി ഹൈസ്‌കുളിലേക്ക് സ്ഥലം മാറുകയും 1961 ല്‍ അധ്യാപന വൃത്തിയില്‍ നിന്നും വിരമിക്കുകയും ചെയ്തു. 1985 മെയ് 21 ന് സിസ്റ്റര്‍ മേരി ബെനീഞ്ജ അന്തരിച്ചു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.