ഇനി തനിച്ച് മതി; ഇന്ത്യാ സഖ്യത്തില്‍ നിന്ന് പിന്‍മാറിയതായി ആം ആദ്മി പാര്‍ട്ടി

ഇനി തനിച്ച് മതി; ഇന്ത്യാ സഖ്യത്തില്‍ നിന്ന് പിന്‍മാറിയതായി ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: ഇന്ത്യാ സഖ്യത്തില്‍ നിന്ന് പിന്‍മാറിയതായി ആം ആദ്മി പാര്‍ട്ടി. എംപിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ സഞ്ജയ് സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യാ സഖ്യയോഗം നാളെ നടക്കാനിരിക്കെയാണ് തീരുമാനം.

ആംആദ്മി പാര്‍ട്ടി ഇനി ഇന്ത്യാ സഖ്യത്തിന്റെ ഭാഗമല്ലെന്നും തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള ഇന്ത്യാ സഖ്യത്തിന്റെ യോഗത്തില്‍ പാര്‍ട്ടി പങ്കെടുക്കുകയില്ലെന്നും സഞ്ജയ് സിങ് പറഞ്ഞു. 2024 ലോക്സഭാ തിഞ്ഞെടുപ്പിന് വേണ്ടി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉണ്ടാക്കിയ സംവിധാനമാണ് ഇന്ത്യാ സഖ്യം.

ഡല്‍ഹിയിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ തങ്ങള്‍ സ്വതന്ത്രമായിട്ടാണ് നേരിട്ടത്. ഇനി വരുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിലും തങ്ങള്‍ ഒറ്റയ്ക്കാണ് മത്സരിക്കുക. പഞ്ചാബിലെയും ഗുജറാത്തിലെയും ഉപതിരഞ്ഞെടുപ്പുകളിലും തങ്ങള്‍ ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. ലോക്സഭയില്‍ പ്രശ്നങ്ങള്‍ ആംദ്മി പാര്‍ട്ടി ശക്തമായി ഉന്നയിക്കും. എന്നും ശക്തമായ പ്രതിപക്ഷത്തിന്റെ റോള്‍ പാര്‍ട്ടി നിര്‍വഹിച്ചിട്ടുണ്ട്. ഇനി ആം ആദ്മി ഇന്ത്യ സഖ്യത്തിന്റെ ഭാഗമല്ലെന്നും സഞ്ജയ് സിങ് പറഞ്ഞു.

അതേസമയം പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി തന്ത്രപരമായ ഐക്യങ്ങള്‍ തുടരുമെന്നും അദേഹം വ്യക്തമാക്കി. പാര്‍ലമെന്റിലെ കാര്യങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ പോലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കുകയും തങ്ങളുടെ പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്യുമെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ ഐക്യസഖ്യത്തെ നയിക്കുന്നതിലുള്ള കോണ്‍ഗ്രസിന്റെ പങ്ക് സംബന്ധിച്ച് എഎപി നേതാവ് വിമര്‍ശനവും ഉന്നയിച്ചു. ഇന്ത്യ ബ്ലോക്കിനെ വിപുലീകരിക്കാന്‍ ശ്രമം നടത്താത്തതിലും പരസ്പരമുള്ള വിമര്‍ശനങ്ങളിലും അദേഹം അതൃപ്തി രേഖപ്പെടുത്തി.

ജൂലൈ 21-ന് ആരംഭിക്കാന്‍ പോകുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുമ്പായി, രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുകയാണ് നാളത്തെ ഇന്ത്യാ സഖ്യയോഗത്തിന്റെ അജണ്ട. ഓണ്‍ലൈനായാണ് യോഗം നടക്കുക. 


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.