ന്യൂഡല്‍ഹി: ഫ്രാന്‍സുമായി ചേര്‍ന്ന് യുദ്ധവിമാന എന്‍ജിന്‍ വികസിപ്പിക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. അടുത്ത തലമുറ യുദ്ധവിമാനത്തിന് വേണ്ടിയുള്ള എന്‍ജിന്‍ വികസനത്തിനായി ഫ്രാന്‍സിന്റെ സഫ്രാന്‍ എന്ന കമ്പനിയുമായാകും ഡിആര്‍ഡിഒയുടെ കീഴിലുള്ള ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്മെന്റ് (ജിടിആര്‍ഇ) സഹകരിക്കുക. 120 കിലോ ന്യൂട്ടണ്‍ ത്രസ്റ്റ് ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന എന്‍ജിന്‍ വികസനത്തിനായാണ് പദ്ധതി.
എന്‍ജിന്‍ രൂപകല്‍പ്പന, യന്ത്രഘടകങ്ങള്‍ക്ക് ആവശ്യമായ സങ്കീര്‍ണമായ ലോഹ സംയുക്തങ്ങള്‍ നിര്‍മിക്കല്‍ എന്നിവയ്ക്കാവശ്യമായ സാങ്കേതിക വിദ്യകള്‍ പൂര്‍ണമായും ഇന്ത്യയ്ക്ക് കൈമാറണം. ഇന്ത്യയില്‍ തന്നെ ഉല്‍പാദിപ്പിക്കാനും എന്‍ജിനില്‍ ആവശ്യത്തിന് മാറ്റങ്ങള്‍ വരുത്താനും കയറ്റുമതി ചെയ്യാനുമുള്ള ബൗദ്ധിക സ്വത്തവകാശവും ഇന്ത്യയ്ക്ക് ലഭിക്കണം. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാലാണ് സഫ്രാനുമായി സഹകരിക്കാന്‍ തീരുമാനിച്ചത്.
സഫ്രാന് പുറമെ യു.കെയുടെ റോള്‍സ് റോയ്സ് എന്ന കമ്പനിയും ഈ പദ്ധതിയുടെ അവസാന പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഇരുകൂട്ടരും സമാനമായ വാഗ്ദാനങ്ങളാണ് മുന്നോട്ട് വെച്ചത്. എന്നാല്‍ പ്രതിരോധ മന്ത്രാലയം വ്യോമയാന രംഗത്തെ വിദഗ്ദരുമായും പ്രതിരോധ രംഗത്തെ മുന്‍നിര സ്ഥാപനങ്ങളുമായുമൊക്കെ ചര്‍ച്ച ചെയ്തതിന് ശേഷമാണ് സഫ്രാനുമായി സഹകരിക്കാന്‍ തീരുമാനിച്ചത്.
ഏകദേശം 61000 കോടി രൂപയുടെ കരാറായിരിക്കും ഇതിനായി സഫ്രാനുമായി ഒപ്പിടേണ്ടി വരിക. എന്‍ജിന്‍ വികസനത്തിനായി സഫ്രാനിലെയും ജിടിആര്‍ഇയിലെയും ഗവേഷകര്‍ തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. പ്രധാനമായും ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റിന് ( എഎംസിഎ) വേണ്ടിയാണ് എന്‍ജിന്‍ വികസിപ്പിക്കുന്നതെങ്കിലും അതിതാപത്തെ അതിജീവിക്കാന്‍ കഴിയുന്ന ലോഹ സംയുക്തങ്ങളുടെയും എന്‍ജിന്‍ പ്രവര്‍ത്തനത്തിന്റെയും സാങ്കേതിക വിവരങ്ങള്‍ ലഭ്യമാകുന്നത് ഭാവിയിലെ യുദ്ധവിമാന വികസനത്തില്‍ നിര്‍ണായകമാകും.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.