യുദ്ധചരിത്രത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു പോകാം; തുര്‍ക്കിയില്‍ കടലിനടിയില്‍ ചരിത്ര മ്യൂസിയം

യുദ്ധചരിത്രത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു പോകാം; തുര്‍ക്കിയില്‍ കടലിനടിയില്‍ ചരിത്ര മ്യൂസിയം

ചരിത്രത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു പോകുന്നത് അക്ഷരാര്‍ത്ഥത്തില്‍ സാധ്യമായാലോ? കടലിനടിയിലെ ചരിത്രാവശേഷിപ്പുകളിലേക്കു സ്‌കൂബ ഡൈവ് ചെയ്ത് പോകാന്‍ തുര്‍ക്കിയാണ് അസുലഭ അവസരം ഒരുക്കുന്നുത്.

സാധാരണ സ്‌കൂബ ഡൈവ് ചെയ്ത് കടലിനടിയില്‍ പോയാല്‍ ബഹുവര്‍ണ നിറത്തിലെ മത്സ്യങ്ങള്‍, വിവിധ രൂപത്തിലുള്ള ജീവികള്‍, ചെടികള്‍, പവിഴപ്പുറ്റുകള്‍ എന്നിവയൊക്കെയാണ് കാണാനാകുക. എന്നാല്‍, തുര്‍ക്കിയിലെ ഗാലിപോളിയില്‍ മുങ്ങിത്താഴ്ന്നാല്‍ കാണാനാവുക ചരിത്രസംഭവങ്ങളാണ്. കടലിന്റെ അടിത്തട്ടില്‍ തകര്‍ന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന മ്യൂസിയം ദിവസങ്ങള്‍ക്കു മുന്‍പാണ് അനാച്ഛാദനം ചെയ്തത്. ചരിത്ര യുദ്ധത്തിന്റെ അവശേഷിപ്പുകള്‍ കാണാന്‍ സഞ്ചാരികള്‍ക്ക് ഈ മ്യൂസിയം അവസരം നല്‍കുന്നു.



1915-16ല്‍ ഒന്നാം ലോകമഹായുദ്ധക്കാലത്ത് മുങ്ങിയ കപ്പലുകളാണ് ഇവിടെയുള്ളത്. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍നിന്ന് 700 കിലോമീറ്റര്‍ അകലെ ഡാര്‍ഡനെല്ലസ് കടലിടുക്കിലാണ് ഈ മ്യൂസിയമുള്ളത്. ഇവിടെ നടന്ന ഗാലിപോളി യുദ്ധത്തില്‍ നിരവധി ഓസ്ട്രേലിയന്‍, ന്യൂസിലാന്‍ഡ് സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

മരിച്ചുവീണ 500,000 സൈനികരെ ആദരിക്കുന്നതിന്റെ ഭാഗമായി 1973-ല്‍ ഗാലിപോളിയെ ഹിസ്‌റ്റോറിക്കല്‍ പാര്‍ക്കായി പ്രഖ്യാപിച്ചു. ഇവിടെ യുദ്ധവുമായി ബന്ധപ്പെട്ട ട്രഞ്ചുകളും കോട്ടകളും ടവറുകളുമെല്ലാമുണ്ട്. കൂടാതെ തുര്‍ക്കി, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ള സൈനികരുടെ ശവകുടീരങ്ങളും ഇവിടെയുണ്ട്.



കടലിനടിയിലെ യുദ്ധശേഷിപ്പുകള്‍ കാണാന്‍ പോകാന്‍ നേരത്തെ അധികാരികളില്‍നിന്ന് പ്രത്യേക അനുമതി ആവശ്യമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ പ്രദേശം എല്ലാവര്‍ക്കുമായി തുറന്നിരിക്കുകയാണ്. ഡൈവര്‍മാര്‍ക്ക് ഇവിടെ 14 യുദ്ധക്കപ്പലുകളുടെ അവശിഷ്ടങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ കഴിയും. ബോംബാക്രമണത്തില്‍ തകര്‍ന്ന ബ്രിട്ടീഷ് റോയല്‍ നേവിയുടെ എച്ച്.എം.എസ് മജസ്റ്റിക് ആണ് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ അവശിഷ്ടങ്ങളില്‍ ഒന്ന്. സെദ്ദുല്‍ബാഹിര്‍ ഗ്രാമത്തില്‍ ജല ഉപരിതലത്തില്‍നിന്ന് 80 അടി താഴെയാണ് കപ്പലിന്റെ അവശിഷ്ടം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.