അബുദാബി ഖലീഫ സിറ്റിയിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

അബുദാബി ഖലീഫ സിറ്റിയിൽ ലുലു  ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

അബുദാബി: ലുലു ഗ്രൂപ്പിൻ്റെ 195-മത് ഹൈപ്പർമാർക്കറ്റ് അബുദാബിയിലെ ഖലീഫ സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു. ഖലീഫ സിറ്റിയുടെ ഹൃദയഭാഗത്തുള്ള ഫോർസാൻ സെൻട്രൽ മാളിലാണ് 160,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ അത്യാധുനിക രീതിയിൽ സജ്ജീകരിച്ച ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫായാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള ഉദ്ഘാടന ചടങ്ങിൽ അബുദാബി കാർഷിക - ഭക്ഷ്യ സുരക്ഷ വിഭാഗം ഡയറക്ടർ ജനറല്‍ സയിദ്  അൽ ബഹരി അൽ അമേരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരും സന്നിഹിതരായിരുന്നു.

ആധുനികമായ രൂപകല്പനയിലുള്ള പുതിയ ഹൈപ്പർമാർക്കറ്റിൽ ന്യൂട്രൽ കളർ ഫിക്സ്ചറുകൾ, സമകാലികമായ ശൈലി, ഏറ്റവും മികച്ച വെളിച്ച സംവിധാനം തുടങ്ങിയവ സംയോജിപ്പിച്ചാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. ഖലീഫ സിറ്റിയിലെയും പ്രാന്തപ്രദേശങ്ങളായ  അൽ-ഫല, യാസ് ഐലൻഡ് , അൽ റഹ , മൊഹമ്മദ് ബിൻ  സയിദ്  സിറ്റി   എന്നിവിടങ്ങളിലുള്ളവർക്കായി ഏറ്റവും മികച്ചതും ആധുനികവുമായ രീതിയിലുള്ള ഒരു ഹൈപ്പർമാർക്കറ്റ് ഒരുക്കിയതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. കോവിഡ് കാലത്തെ വെല്ലുവുളികൾ രാജ്യത്തെ ഭരണാധികാരികളുടെ നേതൃത്വത്തിലുള്ള ദീർഘവീക്ഷണത്തോടെയുള്ള നടപടികളിലൂടെ തരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യ വ്യവസായ മേഖലകളിൽ കൂടുതൽ ഉണർവ് പ്രകടമാണ്. ഭരണനേതൃത്വത്തിൻ്റെ യഥാസമയമുള്ള ഇടപെടലുകൾ ഭക്ഷ്യവസ്തുക്കൾ യഥേഷ്ടം രാജ്യത്ത് ലഭ്യമാക്കാൻ സഹായിച്ചുണ്ടെന്നും യൂസഫലി പറഞ്ഞു. കോവിഡ് സാഹചര്യത്തിലും കൂടുതൽ ഹൈപർമാർക്കറ്റുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

കഴിഞ്ഞ ജൂൺ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഏഴ് ഹൈപ്പർമാർക്കറ്റുകളാണ് ലുലു വിവിധ രാജ്യങ്ങളിൽ തുറന്നത്. 2021, മാർച്ച് ആകുമ്പോഴേക്കും ഹൈപ്പർമാർക്കറ്റുകളുടെ എണ്ണം 200 ആകും. കൂടാതെ   ഇ-കൊമേഴ്സ്  പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിനായി അബുദാബി ഐക്കാഡ് സിറ്റിയിൽ ഫുൽഫിൽമെന്റ് സെന്ററിൻ്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. യു.എ.ഇ.യിൽ മാത്രം അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇരുപതിലധികം ഹൈപ്പർമാർക്കറ്റുകളാണ് ആരംഭിക്കുന്നതെന്നും യൂസഫലി കൂട്ടിച്ചേർത്തു.ലുലു ഗ്രൂപ്പ് സി ഇ ഓ  സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ  അഷ്റഫ് അലി,  ചീഫ് ഓപ്പറേഷൻസ് ഓഫീസർ സലീം വി.ഐ. എന്നിവരും സന്നിഹിതരായിരുന്നു.

പ്രധാന ചിത്രം : ലുലു ഗ്രൂപ്പിൻ്റെ 195-മത് ഹൈപ്പർമാർക്കറ്റ് അബുദാബിയിൽ  സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫ അബുദാബി ഖലീഫ സിറ്റിയിലെ ഫോർസാൻ സെൻട്രൽ മാളിൽ ഉദ്ഘാടനം നിർവ്വഹിക്കുന്നു. അബുദാബി കാർഷിക - ഭക്ഷ്യ സുരക്ഷ വിഭാഗം ഡയറക്ടർ ജനറല്‍ സയിദ് അൽ ബഹരി അൽ അമേരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ചീഫ് എക്സിക്യൂട്ടീ ഓഫീസർ സൈഫി രൂപാവാല എക്സിക്യൂട്ടീവ് ഡയറക്ടർ അഷ് റഫ് അലി, എന്നിവർ സമീപം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.