പമ്പയും ഇടമലയാറും തുറന്നു; ഇടുക്കി രാവിലെ പതിനൊന്നിന് തുറക്കും

പമ്പയും ഇടമലയാറും തുറന്നു; ഇടുക്കി രാവിലെ പതിനൊന്നിന് തുറക്കും

കൊച്ചി: മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നു. പമ്പാ ഡാമിന്റെ രണ്ടു ഷട്ടറുകളാണ് രാവിലെ അഞ്ചിന് 30 സെന്റീമീറ്റര്‍ ഉയര്‍ത്തിയത്. പമ്പാ നദിയിലേക്ക് അധിക ജലം ഒഴുകിയെത്തുകയാണ്.

25 ക്യൂമക്സ് മുതല്‍ പരമാവധി 50 ക്യൂമക്സ് വരെ, ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് വെള്ളം ഒഴുക്കി വിടുന്നതിനാണ് തീരുമാനം. സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം ആറു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയില്‍ എത്തുമെന്നാണ് വിലയിരുത്തല്‍.

പമ്പ നദിക്കരയില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പുലര്‍ച്ചെ മുതല്‍ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. അടൂര്‍, പന്തളം, റാന്നി, പാണ്ടനാട് തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ. കുട്ടനാട്ടിലും അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയെല്ലാം മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ തുടരുന്നു.

ഇടമലയാര്‍ ഡാമും രാവിലെ ആറു മണിയോടെ തുറന്നു. ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 2018 ഓഗസ്റ്റിലാണ് ഇതിനു മുന്‍പ് ഇടമലയാര്‍ ഡാം തുറന്നത്.

ഇടമലയാറിലെ ജലം എട്ടു മണിയോടെ ഭൂതത്താന്‍ കെട്ടിലെത്തും. പിന്നീട് ഒന്നര മണിക്കൂറിനകം പെരിയാറിലെത്തുമെന്നാണ് വിലയിരുത്തല്‍. 12 മണിയോടെ കാലടി, ആലുവ മേഖലയിലേക്ക് ജലമെത്തും. പെരിയാറിലെ ജലനിരപ്പ് ഒരു മീറ്റര്‍ വരെ ഉയര്‍ന്നേക്കും.

ഇടുക്കി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ രാവിലെ പതിനൊന്നിന് ഉയര്‍ത്തും. സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കും. നാല് മണിയോടെ വെള്ളം ആലുവ, കാലടി മേഖലയിലെത്തും. പെരിയാറിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ നടന്നു വരുന്നു.








വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.