കോളിന്‍ പവല്‍ വിട പറഞ്ഞു; ദുഃഖ സ്മരണകള്‍ പങ്കിട്ട് ബൈഡന്‍,ബുഷ്, ഒബാമ, ടോണി ബ്ലെയര്‍

 കോളിന്‍ പവല്‍ വിട പറഞ്ഞു; ദുഃഖ സ്മരണകള്‍ പങ്കിട്ട് ബൈഡന്‍,ബുഷ്, ഒബാമ, ടോണി ബ്ലെയര്‍


വാഷിംഗ്ടണ്‍: കറുത്ത വര്‍ഗ്ഗക്കാരനായ ആദ്യത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം.'യോദ്ധാവിന്റെയും നയതന്ത്രജ്ഞന്റെയും ഏറ്റവും ഉയര്‍ന്ന ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രഗത്ഭ വ്യക്തിത്വ' മെന്നാണ് പവലിനെ പ്രസിഡന്റ് ജോ ബൈഡന്‍ വിശേഷിപ്പിച്ചത്. തന്റെ പ്രിയ സുഹൃത്ത് ആയിരുന്നു അദ്ദേഹമെന്നും ബൈഡന്റെ അനുശോചന സന്ദേശത്തില്‍ പറയുന്നു.

പാര്‍ക്കിന്‍സണ്‍സ്, മള്‍ട്ടിപ്പിള്‍ മൈലോമ രോഗങ്ങള്‍ ബാധിച്ചിരുന്ന 84 കാരനായ പവല്‍ കോവിഡ് അനുബന്ധ വിഷമതകള്‍ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് അന്തരിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഫേസ് ബുക്കിലൂടെ വ്യക്തമാക്കി.ശ്രദ്ധയും സ്‌നേഹമുള്ള ഭര്‍ത്താവും അച്ഛനും മുത്തച്ഛനും ഒരു മികച്ച അമേരിക്കക്കാരനുമായിരുന്നു അദ്ദേഹം - കുടുംബം രേഖപ്പെടുത്തി. വാള്‍ട്ടര്‍ റീഡ് മെഡിക്കല്‍ സെന്ററിലെ ജീവനക്കാര്‍ നല്‍കിയ മികച്ച പരിചരണത്തിന് പ്രസ്താവനയില്‍ നന്ദിയും അറിയിച്ചു.

'ഈ രാജ്യത്തിന് അനുയോജ്യമായ ഏറ്റവും മികച്ചത് എന്താണെന്ന് പവല്‍ മനസ്സിലാക്കിയിരുന്നു. സ്വന്തം ജീവിതവും കരിയറും പൊതു പ്രസ്താവനകളും ആ ആദര്‍ശത്തിന് അനുസൃതമായി കൊണ്ടുവരാന്‍ ശ്രമിച്ചു'- ഡെമോക്രാറ്റായ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ട്വീറ്റ് ചെയ്തു.പ്രസിഡന്റുമാര്‍ക്കു പ്രിയപ്പെട്ട ആളായിരുന്നു പവല്‍ എന്ന് മുന്‍ പ്രസിഡന്റ് ബുഷ് പുറപ്പെടുവിച്ച അനുശോചന സന്ദേശത്തില്‍ പറയുന്നു.ബുഷിന്റെ വൈസ് പ്രസിഡന്റ് ഡിക്ക് ചെന്നിയും ദുഃഖം രേഖപ്പെടുത്തി.

സ്റ്റേറ്റ് സെക്രട്ടറിയായി പവലിനു പിന്നാലെ വന്ന ആദ്യ കറുത്ത വര്‍ഗ്ഗക്കാരിയായ കോണ്ടലിസ റൈസ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് 'ഒരു യഥാര്‍ത്ഥ മഹാനായ മനുഷ്യന്‍' എന്നാണ്.അമേരിക്കന്‍ സ്വപ്നത്തിന്റെ വിജയം ആയിരുന്നു പവലിന്റെ ജീവിതമെന്ന് നിലവിലെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൂണ്ടിക്കാട്ടി.ഇറാഖ് യുദ്ധത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ പവലിനൊപ്പം പ്രവര്‍ത്തിച്ച മുന്‍ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ പറഞ്ഞു: 'അതിശയകരമായ കഴിവും സമഗ്രതയും ഉള്ളയാളാണ് അദ്ദേഹം.ഒരു നല്ല കൂട്ടാളി. സ്വയം അപമാനിക്കാന്‍ വരെ കൂട്ടാക്കാത്ത മനോഹരമായ നര്‍മ്മബോധത്തിന്റെയും ഉടമ'.

പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന പവല്‍ വിയറ്റ്നാം പോരാട്ട കാലത്താണ് റൊണാള്‍ഡ് റീഗന്റെ അവസാന വര്‍ഷങ്ങളില്‍ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായത്. ജോര്‍ജ്ജ് എച്ച് ഡബ്ല്യു ബുഷിന് കീഴില്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ ചെയര്‍മാനുമായി അദ്ദേഹം. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളിലും അമേരിക്കന്‍ വിദേശനയം രൂപപ്പെടുത്തിയ നിരവധി റിപ്പബ്ലിക്കന്‍ ഭരണകൂടങ്ങളെ സഹായിക്കാന്‍ കോളിന്‍ പവലുണ്ടായിരുന്നു.

ഗള്‍ഫ് യുദ്ധ സമയത്ത് യു.എസ് നേതൃത്വത്തിലുള്ള സഖ്യസൈന്യത്തിന്റെ വിജയത്തോടെ പവല്‍ ലോകത്തിനു മുന്നില്‍ തിളങ്ങി. 90കളുടെ അവസാനം അമേരിക്കയുടെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡന്റാകാന്‍ മത്സരിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്റെ ആദ്യ സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയില്‍ ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയ്ക്കു മുമ്പാകെ തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചത് അദ്ദേഹത്തിന്റെ പ്രശസ്തിക്ക് മങ്ങലേല്‍പ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.