തിരുവനന്തപുരം: എ.എൻ. ഷംസീർ സി.പി.എമ്മിൽ ഒറ്റപ്പെടലിലേക്ക്. കരാറുകാരെ ചൊല്ലിയുള്ള വിവാദത്തിൽ വസ്തുതകളും അസോസിയേഷനുകളുടെ നിലപാടും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് അനുകൂലമായതോടെയാണ് ഷംസീര്‍ ഒറ്റപ്പെട്ടത്. എം.എൽ.എമാർക്ക് പലരുമായും മന്ത്രിമാരെ കാണാൻ പോകേണ്ടി വരുമെന്നും വിലക്കുന്നത് ശരിയല്ലെന്നും റിയാസിന്റെ പേരെടുത്തുപറയാതെ നിയമസഭാകക്ഷി യോഗത്തിൽ ഷംസീർ നടത്തിയ വിമർശനത്തിന്റെ മുനയൊടിക്കുന്നതാണ് വസ്തുതകൾ.
കരാറുകാരുടെ പേരുപറഞ്ഞ് ചില കേന്ദ്രങ്ങൾ രൂപവത്കരിക്കുന്ന സംഘടനകൾ എം.എൽ.എമാരുൾപ്പെട്ട ജനപ്രതിനിധികളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കരാറുകാരുടെ സംഘടനാ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ജലസേചനം, വൈദ്യുതി, മരാമത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടി എം.എൽ.എമാരെ പത്തിൽ കൂടുതൽ അംഗങ്ങളില്ലാത്ത അസോസിയേഷൻ ഉണ്ടാക്കി ഭാരവാഹിയാക്കുന്ന പതിവ് തുടരുന്നുണ്ടെന്നും അവർ പറയുന്നു.
മന്ത്രിമാരെ സ്വാധീനിച്ച് അവിഹിത കാര്യങ്ങൾ നേടുകയാണ് ഈ സംഘത്തിന്റെ ലക്ഷ്യമെന്നും അംഗീകൃത സംഘടനാ നേതാക്കൾ ആക്ഷേപിക്കുന്നു. ഇത്തരം പ്രവണതകൾ കൂടി മുൻനിർത്തിയാണ് മന്ത്രി റിയാസ് എം.എൽ.എമാർക്ക് മുന്നറിയിപ്പ് നൽകിയതെന്ന് സി.പി.എം നേതാക്കൾ തന്നെ വ്യക്തമാക്കുന്നു. ഈ
സാഹചര്യത്തിൽ ഷംസീറിന്റെ വിവാദ വിമർശനവും ഇടപെടലും ന്യായീകരിക്കത്തക്കതല്ലെന്ന അഭിപ്രായവും സി.പി.എമ്മിലുണ്ട്. സി.ഐ.ടി.യുവിന്റെ ഭാഗമായ കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് ഫെഡറേഷനും കരാറുകാരുടെ പ്രബല സംഘടനയുമായ കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് അസോസിയേഷനും മരാമത്ത് മന്ത്രിയെയാണ് പിന്തുണക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.