'നെതര്‍ലാന്റ്സ് മാതൃകയുടെ തുടര്‍ നടപടിയെക്കുറിച്ച്‌ ഇപ്പോഴും ആര്‍ക്കുമറിയില്ല'; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ചെറിയാന്‍ ഫിലിപ്പ്

'നെതര്‍ലാന്റ്സ്  മാതൃകയുടെ  തുടര്‍ നടപടിയെക്കുറിച്ച്‌ ഇപ്പോഴും ആര്‍ക്കുമറിയില്ല'; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ദുരന്തനിവാരണത്തില്‍ സർക്കാരിനെ വിമർശിച്ച് ചെറിയാന്‍ ഫിലിപ്പ്. ദുരന്തനിവാരണത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ ഭരണാധികാരികള്‍ ദുരിതാശ്വാസ ക്യാമ്പിൽ പോയി കണ്ണീര്‍ പൊഴിക്കുന്നത് ജനവഞ്ചനയാണെന്ന് അദ്ദേഹം ഫെയ്സ് ബുക്ക് കുറിപ്പിലുടെ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ മഹാപ്രളയത്തിന് ശേഷം നടത്തിയ നെതര്‍ലന്‍ഡ് യാത്രയെ വിമര്‍ശിച്ചു കൊണ്ടാണ് ഇടത് സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് രംഗത്തുവന്നത്. നെതര്‍ലാന്റ്സ് മാതൃകയെക്കുറിച്ച്‌ പഠിക്കാന്‍ പോയതിന്റെ തുടര്‍ നടപടിയെക്കുറിച്ച്‌ ഇപ്പോഴും ആര്‍ക്കുമറിയില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാതം എന്നിവ മൂലം കേരളത്തില്‍ എപ്പോള്‍ വേണമെങ്കിലും പ്രളയവും വരള്‍ച്ചയും പ്രതീക്ഷിക്കാം. ഭൂമിയില്‍ മഴവെള്ളം കെട്ടിക്കിടക്കാന്‍ ഇടമുണ്ടായാല്‍ മാത്രമേ പ്രളയത്തേയും വരള്‍ച്ചയേയും പ്രതിരോധിക്കാനാവൂ. രണ്ടിനേയും നേരിടാന്‍ ദീര്‍ഘകാല പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കണം.
വെള്ളം കെട്ടിക്കിടക്കാന്‍ ചതുപ്പുനിലങ്ങളോ വയലുകളോ ഇല്ലെങ്കില്‍ മഴവെള്ളം കരഭൂമിയിലേക്ക് പ്രവേശിക്കും. നദികളില്‍ മണ്ണ് നിറഞ്ഞ് ആഴമില്ലാതായതോടെയാണ് കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയത്.

മഴവെള്ളം ഭൂഗര്‍ഭത്തിലേക്ക് കിനിഞ്ഞിറങ്ങിയാല്‍ മാത്രമേ കിണറുകളിലെയും കുളങ്ങളിലേയും വെള്ളം വറ്റാതിരിക്കൂ. ഭൂഗര്‍ഭ ജലമില്ലെങ്കില്‍ ജലക്ഷാമം രൂക്ഷമാകും. സ്ഥല ജല മാനേജ്‌മെന്റിലൂടെ മാത്രമേ രണ്ടു വിപത്തുകളെയും നേരിടാനാവൂ.
ഭരണാധികാരികള്‍ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണ്.

2018,19 എന്നീ വര്‍ഷങ്ങളിലെ പ്രളയത്തില്‍ നിന്നും ഒട്ടേറെ പാഠങ്ങള്‍ നാം പഠിച്ചതാണ്. നെതര്‍ലണ്ട് മാതൃകയെക്കുറിച്ച്‌ അവിടെ പോയി പഠിച്ചു. തുടര്‍ നടപടിയെക്കുറിച്ച്‌ ഇപ്പോഴും ആര്‍ക്കുമറിയില്ല.

അറബിക്കടലിലെ ന്യൂനമര്‍ദ്ദം കുറയുകയും മഴ ശമിക്കുകയും ചെയ്യാതിരുന്നെങ്കില്‍ പെരുമഴയോടൊപ്പം എല്ലാ ഡാമുകളും തുറന്നു വിടുന്ന സാഹചര്യത്തില്‍ കേരളത്തിലെ പല ജില്ലകളും വെള്ളത്തിനടിയില്‍ ആകുമായിരുന്നു. മഹാഭാഗ്യം എന്നു പറഞ്ഞാല്‍ മതി.

പശ്ചിമഘട്ട നിരയിലെ മനുഷ്യന്റെ ബലാല്‍ക്കാരവും ചൂഷണവും അവസാനിപ്പിച്ചില്ലെങ്കില്‍ മഴയോടൊപ്പം ഉരുള്‍പൊട്ടലും ഒരു സ്ഥിരം പ്രതിഭാസമായി തീരും. പ്രകൃതിയെയും പരിസ്ഥിതിയേയും കൊല്ലുന്നവര്‍ മനുഷ്യക്കുരുതിക്കും വഴി തുറക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.