ഞാൻ കണ്ട ദൈവം

ഞാൻ കണ്ട ദൈവം

പ്രഭാതത്തിൽ 5 മണിക്ക് എന്നെ വിളിച്ച് എഴുന്നേൽപ്പിച്ചു കിഴക്കോട്ട് നോക്കി നിർത്തി മാർപാപ്പായുടെ അനുഗ്രഹം മേടിക്കുവാൻ പ്രാർത്ഥിപ്പിച്ച എൻ്റെ വല്ല്യ-വല്യമ്മയിലൂടെ ഞാൻ ആദ്യമായി എൻ്റെ ദൈവത്തെ കണ്ടു. അമ്മക്ക് ആരു പറഞ്ഞു കൊടുത്തതാണ് ഈ ആശയം എന്ന് എനിക്കറിയില്ല. പക്ഷെ മാർപാപ്പ ലോകത്തെ അനുഗ്രഹിച്ചു പ്രാർത്ഥിക്കും എന്നും അത് നമ്മളിലേക്ക് പകർന്നു കിട്ടും എന്നും 10 വയസ്സ് പ്രായം മുതൽ ഞാൻ വിശ്വസിച്ചു.

ചെറിയ വിരലുകൾ ഹാർമോണിയത്തിൻ്റെ കട്ടകളിലൂടെ ഓടുമ്പോൾ പലതും തെറ്റി....എന്നാൽ "വിശുദ്ധ കുർബാനയുടെ ഗാനങ്ങൾ വായിച്ച് മോൾ അനുഗ്രഹം പ്രാപിക്കും" എന്ന് പറഞ്ഞ് പ്രോത്സാഹനം തന്ന് വളർത്തിയ നീലൂർ ഇടവകയിലെ നല്ലവരായ വൈദികരിലൂടെയും സന്യസ്തരിലൂടെയും ഞാനെൻ്റെ ദൈവത്തെ കണ്ടു.

അൾത്താര അലങ്കരിക്കുന്ന നല്ല വെള്ള ഉടുപ്പിട്ട മാലാഖമാരായിരുന്നു എൻ്റെ കണ്ണിൽ കന്യാസ്ത്രീകൾ. അവരുടെ കൂടെ നടന്നു..., കൂടെ പാടി..., പ്രാർത്ഥിക്കാൻ പഠിപ്പിച്ചു ...., വിശ്വാസത്തിൻ്റെ ആദ്യപടി പകർന്നു തന്നു....!

ഇന്ന് ഈ സന്യസ്തർ ആവശ്യമില്ലാതെ അപമാനിക്കപ്പെടുമ്പോൾ ഹൃദയത്തിൽ കൂരമ്പുകൾ തറച്ചു കയറും പോലെ അനുഭവപ്പെടുന്നതും അന്നത്തെ അവരുടെ സ്നേഹം ഓർത്താണ്...

പിന്നീട് പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനം നേരിട്ട് അനുഭവിച്ച് അത് തൻ്റെ സ്വന്തജനത്തിന് പകർന്നു നല്കണം എന്ന് ഉറപ്പിച്ച് ഉന്നതമായ ജോലിയും സൗകര്യങ്ങളും ഉപേക്ഷിച്ച് അമേരിക്കയിൽ നിന്നും തിരിച്ചു വന്ന് ഓരോ ഇടവകയിലും ദൈവവചനം പകർന്നു നല്കാൻ രാവും പകലും കഷ്ടപ്പെട്ട ഒരു വൈദികനിലൂടെ ഞാനെൻ്റെ ദൈവത്തെ കണ്ടു.

അച്ചൻ സഹിച്ച അപമാനങ്ങളും കഷ്ടപ്പാടുകളും ഞാൻ നേരിട്ട് കണ്ടു. എന്നാൽ ദൈവം അച്ചനിലൂടെ പതിനായിരങ്ങൾക്ക് മാനസാന്തരം നൽകിയതാണ് എൻ്റെ സന്തോഷം.ഏഴു മുട്ടം ധ്യാനകേന്ദ്രത്തോടു ചേർന്ന് Dr. Sr. Litty LSDP നടത്തുന്ന സ്ഥാപനം എൻ്റെ കുഞ്ഞ് മനസ്സിന് എന്നും അത്ഭുതമായിരുന്നു. തങ്ങളുമായി ഒരു ബന്ധവുമില്ലാത്ത മാനസീക രോഗികളായ മക്കളെ സ്വന്തമായി കരുതി രാവും പകലും പരിചരിക്കുന്നവർ നമുക്ക് കണ്ടു നിൽക്കാൻ പോലും പ്രയാസമായ കാര്യങ്ങൾ യേശുനാമത്തെ പ്രതിസന്തോഷപൂർവ്വം ചെയ്യുന്നവർ .... ഇവരിൽ ഞാൻ എൻ്റെദൈവത്തെ കണ്ടു.

പിന്നീട് ആഴമായ സഭാ പ്രബോധനങ്ങളും ദൈവവചനത്തിൻ്റെ വ്യാഖ്യാനവും സഭാപിതാക്കന്മാരുടെയും മാർപാപ്പമാരുടെയും സംഭാവനകളും കൃത്യമായി മനസിലാക്കി പഠിക്കുവാൻ അൽമായർക്കായി ദൈവശാസ്ത്ര പഠനം ഒരുക്കിയ ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിലൂടെ ഞാൻ എൻ്റെ ദൈവത്തെ കൂടുതൽ ആഴത്തിൽ കണ്ടു.

അതെ ഇന്നുവരെയുള്ള എൻ്റെ യാത്രയിൽ അസാധ്യതകളെല്ലാം മാറ്റിമറിച്ച് സാധ്യതകളുടെ ജീവിതം തന്ന തിരുസഭാ മാതാവിൻ്റെ ഓരോ അധികാരികളിലൂടെയും അൽമായ സഹോദരങ്ങളിലൂടെയും ഞാൻ എൻ്റെ ദൈവത്തെ കണ്ടു. അവരാരും എന്നെ തളർത്തുകയല്ല പ്രത്യുത വളർത്തുകയാണ് ചെയ്തത്.

തങ്ങൾക്ക് ദൈവം ദാനമായി നല്കിയത് അനാഥർക്കും അശരണർക്കും വിധവകൾക്കും പരദേശികൾക്കുമായി വീതിച്ചു കൊടുക്കുന്ന അനേകരിലൂടെ ഇന്നും എൻ്റെ ദൈവത്തെ ഞാൻ കാണുന്നു. ജീവിത പ്രതിസന്ധികകളിൽ വീഴാതെ കൂടെ നിന്ന് പ്രാർത്ഥിച്ച, അനുഗ്രഹിച്ച നല്ല മെത്രാന്മാർ, വൈദീകർ, സന്യസ്തർ , എൻ്റെ സഹോദരങ്ങൾ എല്ലാവരിലും ഞാൻ എൻ്റെ ദൈവത്തെ കാണുന്നു.

✍🏻 ലിസി ഫെർണാണ്ടസ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.