ട്രൂത്ത് സോഷ്യല്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കാനൊരുങ്ങി ട്രംപ്

ട്രൂത്ത് സോഷ്യല്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കാനൊരുങ്ങി ട്രംപ്

വാഷിങ്ടണ്‍: ട്രൂത്ത് സോഷ്യല്‍ എന്ന പേരില്‍ സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കാനൊരുങ്ങി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററും ഫേസ്ബുക്കും ട്രംപിനു മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാക്കാത്ത പശ്ചാത്തലത്തിലാണ് പുതിയ സമൂഹമാധ്യമം തുടങ്ങാനുള്ള തീരുമാനം. ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പായിരിക്കും (ടി.എം.ടി.ജി) ട്രൂത്ത് സോഷ്യലിന്റെ ഉടമസ്ഥര്‍. അടുത്തമാസത്തോടെ ഇതിന്റെ ബീറ്റ പതിപ്പ് ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം പൊതുജനങ്ങള്‍ക്കു ലഭ്യമാക്കാനാണ് പദ്ധതി.

ആപ്പിളിന്റെ ആപ് സ്‌റ്റോറില്‍ ട്രൂത്ത് സോഷ്യലിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചിട്ടുണ്ട്. ട്രൂത്ത് സോഷ്യല്‍ വെബ്സൈറ്റിലേക്കുള്ള ലിങ്കും ഉപയോക്താക്കള്‍ക്കായി നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം വിഡിയോ ഓണ്‍ ഡിമാന്‍ഡ് സര്‍വീസിനും ടി.എം.ടി.ജി തുടക്കം കുറിക്കും. നോണ്‍ വോക്ക് എന്ന പേരില്‍ വിനോദപരിപാടിയും ആരംഭിക്കും. സ്‌കോട്ട് സെന്റ് ജോണ്‍സനായിരിക്കും പരിപാടിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. വന്‍കിട ടെക് കമ്പനികള്‍ക്ക് ബദലായാണ് ട്രൂത്ത് സോഷ്യലിന് തുടക്കം കുറിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ട്വിറ്ററില്‍ താലിബാന് വലിയ സാന്നിധ്യമുള്ള ലോകത്താണ് നാം ജീവിക്കുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് യു.എസ് പ്രസിഡന്റ് മൗനം പാലിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.

കാപ്പിറ്റോള്‍ ബില്‍ഡിങ്ങിലൂണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ട്രംപിനെ വിവിധ സമൂഹമാധ്യമങ്ങളില്‍ നിന്നും വിലക്കിയത്. തുടര്‍ന്ന് സ്വന്തം സോഷ്യല്‍ മീഡിയ ആപുകളുമായി രംഗത്തെത്തുമെന്ന് ട്രംപ് അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.