പുനലൂര്‍: സംസ്ഥാനത്തെ ഡിജിറ്റല്‍ സംവിധാനത്തിലൂടെയുള്ള ആദ്യ വിവാഹം നടന്നു. പുനലൂരിലെ സബ് രജിസ്ട്രാർ ഓഫീസിലാണ് സംഭവം. വരന്‍ ഉക്രൈനിലും വധു കേരളത്തിലുമാണ്.
വരൻ ജീവന്‍കുമാര്‍ ആണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പുനലൂരിലെ സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരായ ധന്യയെ 'നിയമപരമായി' വിവാഹം കഴിച്ചത്. സബ് രജിസ്ട്രാർ ടിഎം ഫിറോസിന്റെ മേല്‍നോട്ടത്തിലായിരുന്നു ചടങ്ങ്. അച്ഛന്‍ ദേവരാജനാണ് ജീവന്‍ കുമാറിനു പകരം രജിസ്റ്ററില്‍ ഒപ്പുവച്ചത്. വിവാഹം കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ വിവാഹ സര്‍ട്ടിഫിക്കറ്റ് വധുവിന് കൈമാറി.
ഉക്രൈനിലാണ് ജീവന്‍ ജോലി ചെയ്യുന്നത്. കോവിഡ് സാഹചര്യത്തില്‍ നാട്ടിലെത്താന്‍ സാധിക്കാതെ വന്നതോടെയാണ് പുനലൂര്‍ ഇളമ്ബല്‍ സ്വദേശി ജീവന്‍കുമാറും തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ധന്യാ മാര്‍ട്ടിനും ഓണ്‍ലൈനായി വിവാഹം കഴിച്ചത്.
സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മാര്‍ച്ചില്‍ ഇവര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ കാലയളവില്‍ ജീവന്‍കുമാറിന് നാട്ടിലെത്താന്‍ സാധിച്ചില്ല. അപേക്ഷയുടെ കാലാവധി നീട്ടിക്കിട്ടണമെന്നും സബ് രജിസ്ട്രാർ ഓഫീസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹം നടത്തിക്കൊടുക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി സര്‍ക്കാരിന്റെയും വിദേശകാര്യമന്ത്രാലയത്തിന്റെയും ഐടി വകുപ്പിന്റെയും അഭിപ്രായം തേടി. വിധി അനുകൂലമായതിനെത്തുടര്‍ന്നാണ് ഓണ്‍ലൈനിലൂടെയുള്ള ആദ്യവിവാഹത്തിന് പുനലൂര്‍ സബ് രജിസ്ട്രാർ ഓഫീസ് വേദിയായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.