ആപ്പിള്‍ ഡിവൈസുകള്‍ തുടക്കാനുള്ള തുണിയ്ക്ക് കൊടുക്കണം പൊന്നും വില !

ആപ്പിള്‍ ഡിവൈസുകള്‍ തുടക്കാനുള്ള തുണിയ്ക്ക് കൊടുക്കണം പൊന്നും വില !

അമേരിക്കന്‍ ടെക് ഭീമന്മാരായ ആപ്പിള്‍ കഴിഞ്ഞ ദിവസമാണ് പുതിയ മാക്ബുക്ക് പ്രോ, മൂന്നാം തലമുറ എയര്‍പോഡ്സ് എന്നീ ഡിവൈസുകള്‍ അവതരിപ്പിച്ചത്. 1.94 ലക്ഷം മുതലാണ് പുതിയ മാക്ബുക്ക് പ്രോയുടെ വില ആരംഭിക്കുന്നത്. ആപ്പിള്‍ ഉല്‍പന്നങ്ങള്‍ക്ക് സാധാരണ ഗതിയില്‍ വില കൂടുതല്‍ ആയതുകൊണ്ട് തന്നെ ഈ വിലയില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. അതേസമയം ഡിവൈസുകള്‍ക്കൊപ്പം അവ തുടക്കാനുള്ള തുണിയും ആപ്പിള്‍ അക്സെസറിയായി വില്‍പനക്കെത്തിച്ചിട്ടുണ്ട്.

ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഡിവൈസുകളുടെ ഡിസ്‌പ്ലേയും മറ്റും 'സുരക്ഷിതമായും ഫലപ്രദമായും' വൃത്തിയാക്കാന്‍ കഴിയുന്ന വിധത്തില്‍ അവതരിപ്പിച്ചിരിക്കുന്ന തുണിയുടെ വില 1,900 രൂപയാണ്. വിലകൂടിയ വിന്‍ഡോസ് ലാപ്‌ടോപ്പുകളിലും മറ്റും ബോക്‌സിനുള്ളില്‍ സൗജന്യമായി നല്‍കുന്ന മൈക്രോ ഫൈബര്‍ തുണിയ്ക്കാണ് ആപ്പിള്‍ 1,900 രൂപ വിലയിട്ടിരിക്കുന്നത്.

പോളിഷിങ് ക്ലോത്ത് എന്നാണ് മൈക്രോ ഫൈബര്‍ തുണിയെ ആപ്പിള്‍ വിളിക്കുന്നത്. 'മൃദുവായ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച, പോളിഷിംഗ് ക്ലോത്ത് നാനോ-ടെക്‌സ്ചര്‍ ഗ്ലാസ് ഉള്‍പ്പെടെയുള്ള ഏത് ആപ്പിള്‍ ഡിസ്‌പ്ലേയും സുരക്ഷിതമായും ഫലപ്രദമായും വൃത്തിയാക്കുന്നു' എന്നാണ് ആപ്പിള്‍ വെസ്ബ്സൈറ്റില്‍ വിവരണം.

വിപണിയില്‍ ഏകദേശം 100 രൂപയ്ക്ക് വില്‍ക്കുന്ന മൈക്രോ ഫൈബര്‍ തുണിയില്‍ നിന്ന് പോളിഷിങ് ക്ലോത്ത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം പോളിഷിങ് ക്ലോത്തില്‍ ആപ്പിളിന്റെ ലോഗോ പതിപ്പിച്ചിട്ടുണ്ട്. രസകരമായ കാര്യം മൈക്രോ ഫൈബര്‍ തുണികളുടെ അഞ്ച് എണ്ണത്തിന്റെ ഒരു പായ്ക്കറ്റിന് ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ വെബ്സൈറ്റുകളില്‍ 300 രൂപ മാത്രമേയുള്ളൂ എന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.