80:20 അനുപാതം കേരളം സുപ്രീം കോടതിയില്‍ ; മുസ്ലിം സംഘടനകളുടെ പണി സര്‍ക്കാര്‍ ഏറ്റെടുക്കുന്നോ ?

80:20 അനുപാതം കേരളം സുപ്രീം കോടതിയില്‍ ; മുസ്ലിം സംഘടനകളുടെ പണി സര്‍ക്കാര്‍ ഏറ്റെടുക്കുന്നോ ?

ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ ഭരിക്കേണ്ടത് ജനങ്ങള്‍ക്ക് വേണ്ടിയാണ്, അല്ലാതെ പ്രത്യേക മത വിഭാഗങ്ങള്‍ക്കോ പാര്‍ട്ടികള്‍ക്കോ വേണ്ടിയല്ല. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തുന്ന മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ സത്യപ്രതിജ്ഞ ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് ആ പാര്‍ട്ടിയുടെയല്ല മറിച്ച് രാജ്യത്തെ പൊതു സമൂഹത്തിന്റേതാണ്.

കേരളം പോലെയുള്ള കൊച്ചു സംസ്ഥാനത്ത് ജാതി മത പ്രീണനം മാറി മാറി ഭരിക്കുന്ന മുന്നണികളുടെ മുഖ മുദ്രയായി മാറിയിരിക്കുന്നു. പ്രീണനങ്ങളില്‍ വീഴില്ല എന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ആ നയങ്ങള്‍ തുടരുന്ന നേതാവായി മാറുന്നു എന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയോ, മുസ്ലിം സംഘടനകളോ ചെയ്യേണ്ട ജോലി സര്‍ക്കാര്‍ ഏറ്റെടുക്കുക വഴി അവരെ സന്തുഷ്ടരാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടാവാം. എന്നാല്‍ മുസ്ലിം സംഘടകളെ പ്രീണിപ്പിക്കാന്‍ പൊതു ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സുപ്രീം കോടതിയില്‍ കേസിന് പോയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി ക്രൈസ്തവ സമുദായങ്ങളെ വേദനിപ്പിച്ചു എന്ന കാര്യത്തില്‍ സംശയമില്ല.

ന്യുനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ അതില്‍ എല്ലാ ന്യുനപക്ഷങ്ങളെയും ജനസംഖ്യാനുപാതികമായി പരിഗണക്കണം എന്നുള്ള ക്രൈസ്തവ സമുദായത്തിന്റെ ആവശ്യം ന്യായമാണെന്നും മുസ്ലിം സമുദായത്തിന് നല്‍കുന്ന ആനുകൂല്യങ്ങളിലും സ്‌കോളര്‍ഷിപ്പുകളിലും യാതൊരു കുറവും വരുത്താതെ ക്രൈസ്തവര്‍ക്കും മറ്റ് ന്യുനപക്ഷങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കും എന്നും പ്രഖ്യാപിച്ചത് കേരളത്തിന്റെ മുഖ്യ മന്ത്രി പിണറായി വിജയനാണ്.

എന്നാല്‍ ഇന്ന് ഭരിക്കുന്ന ഇടത് പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ക്രൈസ്തവ ന്യുനപക്ഷങ്ങളെ അമ്പരപ്പിച്ച് കൊണ്ട് ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്തു. സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ ശശിയാണ് കേരളത്തിന്റെ അപ്പീല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.

ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കിയാല്‍ അനര്‍ഹര്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറഞ്ഞു. ഇക്കഴിഞ്ഞ മെയ് 28നാണ് കേരള ഹൈക്കോടതി ന്യുനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണം എന്ന ക്രൈസ്തവ സമുദായത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രധാനമായ വിധി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഈ വിധിക്കെതിരെ അപ്പീലിന് പോകില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഉറപ്പ് കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇന്ന് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

മുസ്ലിം സമുദായത്തിലെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാന്‍ 2005ല്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റിയുടെയും 2008ലെ പാലൊളി കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകളുടെ മറ പിടിച്ചു കൊണ്ടാണ് 2011ല്‍ അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 80:20 അനുപാതത്തില്‍ മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കായി സ്‌കോളര്‍ഷിപ്പുകള്‍ വിഭജിച്ച് നല്‍കിയത്. എന്നാല്‍ മുസ്ലിം സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കുന്നതില്‍ ഞങ്ങള്‍ എതിരല്ലെന്നും എന്നാല്‍ ന്യുനപക്ഷ ക്ഷേമമാണ് ലക്ഷ്യമെങ്കില്‍ എല്ലാ ന്യുനപക്ഷങ്ങളെയും ഒരേപോലെ കരുതണം എന്നുമാണ് ഹൈക്കോടതി വിധി നേടിയെടുക്കാന്‍ പരിശ്രമിച്ച അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍, അമല്‍ ജോസഫ് എന്നിവര്‍ മുന്നോട്ടുവെച്ച വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.