എസ്‌കൊബാറിന്റെ പിന്‍ഗാമിയായ മാഫിയാത്തലവന്‍ ഒട്ടോണിയല്‍ കൊളംബിയന്‍ സേനയുടെ പിടിയില്‍

എസ്‌കൊബാറിന്റെ പിന്‍ഗാമിയായ മാഫിയാത്തലവന്‍ ഒട്ടോണിയല്‍ കൊളംബിയന്‍ സേനയുടെ പിടിയില്‍

ബൊഗോട്ട: കൊളംബിയയിലെ കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരനും അധോലോക നേതാവുമായ ഒട്ടോണിയലിനെ കൊളംബിയന്‍ സേന സാഹസികമായി പിടികൂടി. ആന്റിയോക്വിയ പ്രവിശ്യയിലെ ഉറാബയിലുള്ള ഗ്രാമീണ മേഖലയില്‍ സുരക്ഷാസേന നടത്തിയ റെയ്ഡിനിടെ മയക്കുമരുന്ന് സംഘവുമായുണ്ടായി നടന്ന ഏറ്റുമുട്ടലിലാണ് സാഹസികമായി ഓട്ടോണിയലിനെ കീഴ്പ്പെടുത്തിയത്.

കൊളംബിയയിലെ മയക്കുമരുന്ന് ശൃഖല നിയന്ത്രിച്ചിരുന്ന കൊടുംകുറ്റവാളി പാബ്ലൊ എസ്‌കൊബാറിനെ 1990 കളില്‍ വധിച്ചതിനു ശേഷം നടത്തുന്ന ഏറ്റവും വലിയ ഓപ്പറേഷനായാണ് ഒട്ടോണിയലിന്റെ അറസ്റ്റിനെ കൊളംബിയന്‍ സര്‍ക്കാര്‍ കണക്കാക്കുന്നത്. ഒട്ടോണിയലിനെ സംബന്ധിച്ച വിവരങ്ങള്‍ക്ക് കൈമാറുന്നവര്‍ക്ക് മൂന്ന് ബില്യണ്‍ പെസോ (ഏകദേശം എട്ടു ലക്ഷം യു.എസ് ഡോളര്‍) വരെ കൊളംബിയന്‍ സര്‍ക്കാരും 50 ലക്ഷം ഡോളര്‍ അമേരിക്കയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

കൊളംബിയയിലെ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ സംഘമായ 'ഉസുഗ ക്ലാനി'ന്റെ നേതാവാണ് ഒട്ടോണിയല്‍.ഡൈറോ അന്റോണിയോ ഉസുഗ എന്നാണിയാളുടെ യഥാര്‍ത്ഥ പേര്. അമേരിക്കയിലേക്ക് വന്‍ തോതില്‍ മയക്കുമരുന്ന് കടത്തുകയും പോലീസുകാര്‍ ഉള്‍പ്പടെ നിരവധി പേരെ കൊലപ്പെടുത്തുകയും പ്രായപൂര്‍ത്തിയാകാത്തവരെ മയക്കുമരുന്ന് കച്ചവടത്തിന് ഉപയോഗിക്കുകയും ചെയ്തതുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍.

കൊളംബിയയിലെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ തലവനെ പിടികൂടാനായത് തന്റെ സര്‍ക്കാരിന്റെ നേട്ടമാണെന്ന് പ്രസിഡന്റ് ഇവാന്‍ ഡ്യൂക്ക് പറഞ്ഞു.ഒട്ടോണിയലിനെ പിടികൂടുന്നതിനിടെ കുറ്റവാളികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.